ചെന്നൈ : മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവില്‍ ഉദ്യോഗസ്ഥന്മാര് മാത്രം തീരുമാനമെടുക്കുന്നത് എങ്ങനെ. സുപ്രധാന തീരുമാനം ഇറങ്ങിയത് മന്ത്രിമാര്‍ ആരുമറിയാതെയെന്ന് വിശ്വസിക്കാനാവില്ലെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി എസ്. ദുരൈമുരുകന്. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീക്കംചെയ്യേണ്ട മരങ്ങള്‍ പ്രത്യേകമായി നമ്പറിട്ട് വിശദമായ ഉത്തരവാണ് കേരളത്തില്‍ നിന്നും ലഭിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കില്‍ എന്തുഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ഉത്തരവു മരവിപ്പിച്ചതിന്റെ പേരില്‍ കേരളവുമായി ഏറ്റുമുട്ടലിനില്ല. സംസ്ഥാനത്തിന്റെ താത്പ്പര്യം മാനിക്കുന്നു. നിയമ നടപടിക്ക് നീങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തമിഴ്നാട് മന്ത്രി അറിയിച്ചു.
അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുമെന്നും ദുരൈമുരുകന് പറഞ്ഞു. സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ നടക്കുക. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ദുരൈമുരുകന് ഉള്‍പ്പെടെയുള്ള തമിഴ്നാട് മന്ത്രി സംഘം ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നാണ് മുമ്പ് പ്രതികരിച്ചത്.
അതിനിടെ മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള വിവാദ ഉത്തരവ് തത്കാലം നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വിവാദ ഉത്തരവ് തുടര്‍ നടപടികള്‍ സ്വീകരിക്കാതെ മാറ്റി വെക്കാനാണ് വനം വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉത്തരവ് ഇറക്കിയ സാഹചര്യം വ്യക്തമാക്കാന്‍ ജലവിഭവ, വനം വകുപ്പ് സെക്രട്ടറിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: