ന്യൂദല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മാനിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് 2020ലെ പദ്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വ തീര്‍ത്ഥ, മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി, അനിരുദ്ധ് ജഗന്നാഥ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷണ് പുരസ്കാരം സമ്മാനിച്ചു. സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. മറ്റുള്ളവരുടെ പുരസ്കാരങ്ങള്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി.
ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് ചന്നുലാല്‍ മിശ്ര, ബോക്സിംഗ് താരം മേരി കോം എന്നിവരും രാഷ്ട്രപതിയില്‍ നിന്ന് പദ്മവിഭൂഷണ് പുരസ്കാരം സ്വീകരിച്ചു. ആത്മീയാചാര്യന് ശ്രീ എം, ഒളിംപ്യന്‍ ബാറ്റ്മിന്റണ്‍ താരം പി.വി. സിന്ധു, ഡോ. എസ്.സി. ജാമിര്‍, ഡോ. അനില്‍ പ്രകാശ് ജോഷി, പണ്ഡിറ്റ് അജോയ് ചക്രവര്‍ത്തി, കൃഷ്ണമ്മാള്‍ ജഗന്നാഥന്, ആനന്ദ് ഗോപാല്‍ മഹിന്ദ്ര, വേണു ശ്രീനിവാസന്, മുസ്സഫര്‍ ഹുസെയ്ന്‍ ബെയ്ഗ്, ഡോ. ടെറിംങ് ലെന്ഡോല് എന്നിവര്‍ പദ്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി.
മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍(മരണാനന്തരം), ഡോ. ഡോ. നീലകണ്ഠ രാമകൃഷ്ണ മാധവമേനോന് (മരണാനന്തരം), സെയിദ് മുസ്സാം അലി (മരണാനന്തരം), മനോജ് ദാസ്(മരണാനന്തരം) തുടങ്ങിയവരുടെ പദ്മഭൂഷണ്‍ പുരസ്കാരങ്ങള്‍ കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങി.
ആചാര്യ എം.കെ. കുഞ്ഞോല്‍, ഹരേകല ഹജ്ജബ്ബ, സത്യനാരായണന് മുണ്ടയൂര്‍, ജയപ്രകാശ് അഗര്‍വാള്‍, എയര്‍ മാര്‍ഷല്‍ ഡോ. പത്മബദ്ധോപാദ്ധ്യായ്, ഗായകന് അദ്നാന് സമി, ഡോ. ശ്രീപ്രകാശ് കോത്താരി, നടി കങ്കണ റണാവത്ത്, ഒളിംപ്യന്‍ റാണി രാംപാല്‍, ഐസിഎംഎര്‍ മുന്‍ ഹെഡ് സയിന്റിസ്റ്റ് ഡോ. രാമന് ഗംഗേദ്കര് തുടങ്ങിയവര്‍ പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. രണ്ട് ചടങ്ങുകളിലായി ഏഴു പേര്‍ക്ക് പദ്മവിഭൂഷണും 16 പേര്‍ക്ക് പദ്മഭൂഷണും 122 പേര്‍ക്ക് പദ്മശ്രീയും സമ്മാനിച്ചു. 2021ലെ പദ്മ പുരസ്കാരങ്ങള്‍ നാളെ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: