കോട്ടയം : ജാതീയ അധിക്ഷേപ ആരോപണത്തില്‍ മഹാത്മ ഗാന്ധി സര്‍വ്വകലാശാല ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് നന്ദകുമാര്‍ കളരിക്കല്‍. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് ഹൈക്കോടതി മുമ്പ് കണ്ടെത്തിയിട്ടുള്ളതാണെന്നും നാനോ സയന്‍സ് വിഭാഗം മേധാവി അറിയിച്ചു. വിഷയത്തില്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഹൈക്കോടതി തെറ്റെന്ന് കണ്ടെത്തിയ ആരോപണങ്ങളിലാണ് സിന്‍ഡിക്കേറ്റ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ തള്ളിയതാണ്. എന്നിട്ടും ഇക്കാര്യം പറഞ്ഞ് സമരം ചെയ്യുന്നത് ശരിയല്ല. യഥാര്‍ത്ഥ വസ്തുത പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടയെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നന്ദകുമാര്‍ ജാതീയമായി അധിക്ഷേപിച്ചെന്നും നാനോ സയന്‍സസില്‍ ഗവേഷണം നടത്താനുള്ള അഡ്മിഷന് ലഭിച്ചിട്ടും അതിനുള്ള സൗകര്യം സര്‍വകലാശാലാ അധികൃതര്‍ നിഷേധിച്ചുവെന്നുമാണ് ഗവേഷക വിദ്യാര്‍ത്ഥിനിയായ ദിപ പി. മോഹന്റെ ആരോപണം. ഹൈക്കോടതി ഉത്തരവുകള്‍ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വര്‍ഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാരസമരം തുടങ്ങിയത്.
തുടര്‍ന്ന് നാനോ സയന്‍സ് ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയില്‍ നിന്ന് നന്ദകുമാറിനെ മാറ്റാന്‍ തീരുമാനിച്ചു. ശനിയാഴ്ച ചേര്‍ന്ന എംജിയൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന്റേതാണ് നടപടി. എന്നാല്‍ അധ്യാപകനെ മാറ്റി നിര്‍ത്തുകയല്ല പിരിച്ചുവിടണമെന്നതാണ് ആവശ്യമെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. എന്നല്‍ ആരോപണ വിധേയനായ അധ്യാപകനെ പിരിച്ചു വിടണമെന്ന ആവശ്യത്തില്‍ സര്‍വകലാശാല നിയമം അനുസരിച്ചേ നടപടി എടുക്കാന്‍ കഴിയൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: