ചെന്നൈ: ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തമിഴ്നാട്ടില്‍ നാലു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 11 വരെ തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും, ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരദേശ പ്രദേശങ്ങളിലും അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി.
ചെന്നൈ, കൂടല്ലൂര്‍, വില്ലുപുരം, കാഞ്ചീപുരം, ചെങ്കല്‍പ്പട്ട്. തിരുവള്ളൂര്‍, വെല്ലൂര്‍, റാണിപ്പേട്ട്, തിരുപ്പട്ടൂര്‍, നാഗപട്ടണം, മയിലാടുതുറൈ, കല്ലാക്കുറിച്ചി, തിരുവണ്ണാമലൈ, സേലം ജില്ലകളില്‍ ഉള്‍പ്പടെ 14 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളോടും ചൊവ്വാഴ്ച തീരത്തേക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 9,10 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്തേക്കും 10,11 തീയതികളില്‍ തെക്കു പടിഞ്ഞാറന്‍ ഭാഗത്തേക്കും പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ചെന്നൈയില്‍ 500 ലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നവംബര്‍ ആറ് രാവിലെ വരെ ചെന്നൈയില്‍ 210 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2015 ലെ വെള്ളപ്പൊക്കത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണിത്.
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ചെന്നൈയിലെയും മറ്റ് 22 ജില്ലകളിലെയും സ്കൂളുകള്‍ അടുത്ത രണ്ടു ദിവസത്തേക്ക് അടച്ചു. മിക്ക സര്‍ക്കാര്‍ ഓഫീസുകളും ഇന്നും അടഞ്ഞുകിടക്കും. സ്വകാര്യ സ്ഥആപനങ്ങളോട് അവധി പ്രഖ്യാപിക്കുകയോ, ജീവനക്കാരെ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ അനുവധിക്കുകയോ ചെയ്യണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആവശ്യപ്പെട്ടു.
ചെന്നൈയില്‍ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാടിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാലിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കും. എല്ലാവരും സുരക്ഷിതമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: