Categories: Main Article

സത്യാനന്തര കേരളം

സര്‍വ്വതലസ്പര്‍ശമായ പരിവര്‍ത്തനത്തിന്റെ ചരിത്രമാണ് നവോത്ഥാനകാലത്തിന് പറയാനുള്ളത്. പരിവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം പുതിയ മാനവികതയെക്കുറിച്ചുള്ള അവബോധമായിരുന്നു. ഇവിടെ മനുഷ്യന്‍ കേന്ദ്രസ്ഥാനത്ത് വന്നു എന്നത് പ്രധാന കാര്യമാണ്. ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും ലിംഗവും മനുഷ്യസങ്കല്പത്തിന് പുറത്തുള്ള സംഗതികളായിത്തീര്‍ന്നു. പുതിയ മനുഷ്യനെക്കുറിച്ചുള്ള ചിന്തയ്ക്ക് നവോത്ഥാനകാലത്ത് വലിയ അംഗീകാരം ലഭിച്ചു. ആ മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് നവോത്ഥാന നായകര്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു.

നമ്മുടെ ലോകം സത്യാനന്തര കാലത്തിലൂടെ കടന്നുപോവുകയാണെന്ന് പാശ്ചാത്യചിന്തകര്‍ പറയാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളേയായുള്ളൂ. അസത്യമാണെന്ന് ഉത്തമബോധ്യമായിട്ടും സത്യമാണെന്ന ഭാവത്തില്‍ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ സത്യാനന്തരകാലത്തുള്ളത്. എന്നാല്‍ സ്വാതന്ത്ര്യാനന്തര കേരളീയ സംസ്‌കാരത്തിന്റെ ചരിത്രപശ്ചാത്തലം മുന്‍വിധിയില്ലാതെ പരിശോധിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് സത്യാനന്തരകാലം പുതിയ വിഷയമേയല്ല. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍തന്നെ നമ്മുടെ സമൂഹം സത്യാനന്തര കാലത്തിലൂടെയാണ് കടന്നുവന്നതെന്ന് അയാള്‍ക്ക് ബോധ്യപ്പെടും. നവോത്ഥാനത്തിനു മുമ്പുള്ള കേരളീയ ചരിത്രം നമുക്ക് തല്‍ക്കാലം ഒഴിവാക്കാം. ജഗദ്ഗുരു ശങ്കരാചാര്യര്‍, മഹാകവികളായ എഴുത്തച്ഛന്‍, പൂന്താനം തുടങ്ങിയ നക്ഷത്രങ്ങള്‍ ചില കാലങ്ങളില്‍ പ്രകാശിച്ചിരുന്നെങ്കിലും പൊതുവെ കേരളത്തിന്റെ ഭൂതകാലം ഇരുട്ട് നിറഞ്ഞതായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച ഋഷിതുല്യരായ നവോത്ഥാന നായകര്‍ ഒരായിരം വര്‍ഷത്തേക്കുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജസംഭരണികളാണ് ഭാവിയിലേക്ക് നീക്കിവെച്ച് കടന്നുപോയത്.

സര്‍വ്വതലസ്പര്‍ശമായ പരിവര്‍ത്തനത്തിന്റെ ചരിത്രമാണ് നവോത്ഥാനകാലത്തിന് പറയാനുള്ളത്. പരിവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം പുതിയ മാനവികതയെക്കുറിച്ചുള്ള അവബോധമായിരുന്നു. ഇവിടെ മനുഷ്യന്‍ കേന്ദ്രസ്ഥാനത്ത് വന്നു എന്നത് പ്രധാന കാര്യമാണ്. ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും ലിംഗവും മനുഷ്യസങ്കല്പത്തിന് പുറത്തുള്ള സംഗതികളായിത്തീര്‍ന്നു. പുതിയ മനുഷ്യനെക്കുറിച്ചുള്ള ചിന്തയ്‌ക്ക് നവോത്ഥാനകാലത്ത് വലിയ അംഗീകാരം ലഭിച്ചു. ആ മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് നവോത്ഥാന നായകര്‍ക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു.  

നല്ല മനുഷ്യനെക്കുറിച്ചുള്ള പ്രസിദ്ധമായ തന്റെ വീക്ഷണം ശ്രീനാരായണഗുരുദേവന്‍ അവതരിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ആ മനുഷ്യന്റെ ജ്ഞാനപാരമ്പര്യത്തെ ശ്രീമദ് ചട്ടമ്പിസ്വാമികള്‍ ധീരമായി അഭിസംബോധന ചെയ്തു. മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാന നീതിയെക്കുറിച്ച് മഹാത്മാ അയ്യങ്കാളി ഉറക്കെ സംസാരിച്ചു. വ്യക്തി എന്ന നിലയില്‍ മനുഷ്യന്റെ അഭിമാനം ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെട്ട കാലത്ത് ഈ മഹാരഥന്മാര്‍ കേരളീയ സമൂഹത്തിന് പ്രകാശഗോപുരമായി വര്‍ത്തിച്ചു. അതുകൊണ്ടുതന്നെ അക്കാലത്തെ മഹാകവികള്‍ക്ക് മനുഷ്യനെക്കുറിച്ച് പറയാന്‍ മറ്റെങ്ങും നോക്കേണ്ടിവന്നില്ല. കുമാരനാശാനും ഉള്ളൂരിനും വള്ളത്തോളിനും മാതൃകയായി സമകാലികരായ നവോത്ഥാന നായകരുണ്ടായിരുന്നു. അവരുടെ ആശയങ്ങള്‍ക്ക് സ്വകീയമായ ഭാവനയിലൂടെ സാധൂകരണം കണ്ടെത്താനാണ് നമ്മുടെ കവിത്രയം ശ്രമിച്ചത്. ദുരവസ്ഥയും പ്രേമസംഗീതവും തോണിയാത്രയും അവയുടെ പ്രതിഫലനങ്ങളാണ്.

നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ കേരളത്തില്‍ നടന്ന സംഭവവികാസങ്ങള്‍ സ്വാതന്ത്ര്യാനന്തര കേരള ചരിത്രത്തിന്റെ ഭാഗമാണ്. ജന്മിത്തവിരുദ്ധ സമരവും അതിന്റെ ഭാഗമായ ഭൂപരിഷ്‌കരണ നിയമവും കേരളീയ ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ചു. ഈ ചരിത്രപശ്ചാത്തലത്തിന്റെ സ്രഷ്ടാക്കള്‍ അക്കാലത്തെ എഴുത്തുകാരെ ഏറെ സ്വാധീനിച്ചിരുന്നു. തകഴിയുടെയും ഇടശ്ശേരിയുടെയും തലമുറ ആ സ്വാധീനവലയത്തില്‍പ്പെട്ടിരുന്നു. സമൂഹത്തിന്റെ കാവല്‍ക്കാരായി എഴുത്തുകാരെ കണ്ട ഒരു ജനത ഇവിടെയുണ്ടായി. എഴുത്തുകാര്‍ക്ക് സാംസ്‌കാരിക നായക പദവി ലഭിച്ചു. അവര്‍ സ്വാര്‍ത്ഥതയില്ലാതെ സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിച്ചു. എഴുത്തുകാരുടെ വാക്കുകള്‍ക്ക് ചെവികൊടുത്ത സമൂഹം അക്കാലത്തുണ്ടായി. ജി. ശങ്കരക്കുറുപ്പ്, ഇടശ്ശേരി, വൈലോപ്പിള്ളി, അക്കിത്തം തുടങ്ങിയ കവികള്‍, തകഴി, കേശവദേവ്, പൊറ്റെക്കാട്, ഉറൂബ്, ഒ.വി. വിജയന്‍ തുടങ്ങിയ നോവലിസ്റ്റുകള്‍, കുട്ടിക്കൃഷ്ണ മാരാര്‍, എം. ഗോവിന്ദന്‍, ജോസഫ് മുണ്ടശ്ശേരി, സി.ജെ. തോമസ്സ്, സുകുമാര്‍ അഴീക്കോട് തുടങ്ങിയ സാഹിത്യ വിമര്‍ശകര്‍- സ്വാതന്ത്ര്യാനന്തര കേരളീയ സമൂഹത്തിന്റെ സംസ്‌കാരിക സാന്നിധ്യമായി മാറിയ തലമുറയുടെ പ്രതിനിധികളാണിവര്‍.  

എന്നാല്‍ പിന്നീട് വന്ന എഴുത്തുകാര്‍ക്ക് കേരളത്തിലെ പൊതുസമൂഹം വലിയ വില കല്‍പ്പിച്ചില്ല. അതിനു കാരണം കക്ഷിരാഷ്‌ട്രീയത്തോടുള്ള എഴുത്തുകാരുടെ അമിത വിധേയത്വമാണ്. ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ എഴുത്തുകാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരളത്തിലെ എഴുത്തുകാരില്‍ ഭൂരിഭാഗവും ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കാനാണ് താല്‍പ്പര്യം കാണിച്ചത്. അതില്‍ അധികാരത്തോടുള്ള അമിതവിധേയത്വമുള്ളവര്‍ക്ക് ഉന്നതപദവികള്‍ ലഭിച്ചു. അങ്ങനെ പതിയെപ്പതിയെ എഴുത്തുകാര്‍ രാഷ്‌ട്രീയക്കാരുടെ കുഴലൂത്തുകാരായി അധപ്പതിച്ചു. എഴുത്തുകാരന്റെ അന്തസ്സിനെ ശിരച്ഛേദം ചെയ്തുകൊണ്ട് ഇവിടെ നടമാടിയ വൃത്തികെട്ട നാടകങ്ങള്‍ കണ്ട് കെ.പി. അപ്പനെപ്പോലുള്ള എഴുത്തുകാര്‍ അക്കാലത്ത് നമ്മുടെ സാംസ്‌കാരിക രംഗത്തെ ജീര്‍ണ്ണതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എഴുത്തുകാര്‍ക്ക് അന്ന് നഷ്ടപ്പെട്ട അന്തസ്സ് ഇന്നും വീണ്ടുകിട്ടിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കക്ഷിരാഷ്‌ട്രീയക്കാര്‍ കൈയ്യടക്കിയ എഴുത്തുരംഗം പിന്നീട് അവരുടെ കൈയ്യില്‍ നിന്നും രാജ്യവിരുദ്ധ ശക്തികളും മതമൗലികവാദികളും വിഘടനവാദികളും അരാജകവാദികളും ഏറ്റെടുക്കുന്നതാണ് നാം പിന്നീട് കാണുന്നത്. അങ്ങനെ സമൂഹത്തോട് യാതൊരുവിധ കൂറുമില്ലാതെ, ആരുടെയൊക്കെയോ കളിപ്പാവകളായി എഴുത്തുകാര്‍ മാറി. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ പ്രൊഫ.ആര്‍. നരേന്ദ്രപ്രസാദ് ഇത്തരം എഴുത്തുകാരുടെ രഹസ്യ അജണ്ടകളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പു നല്‍കിയിരുന്നു.  

കേരളീയ സംസ്‌കാരത്തില്‍ സത്യാനന്തരകാലം യഥാര്‍ത്ഥത്തില്‍ ഈ എഴുത്തുകാരിലൂടെയാണ് കടന്നുവരുന്നത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ ഈ അടുത്തകാലത്ത് വലിയ ചര്‍ച്ചയായിരുന്നല്ലോ. അതുപോലെ സാഹിത്യത്തിലും അതുവഴി നമ്മുടെ സംസ്‌കാരത്തിലും പതിറ്റാണ്ടുകളായി സമാനമായ തട്ടിപ്പുകളാണ് ഈ എഴുത്തുകാര്‍ നടത്തിക്കൊണ്ടിരുന്നത് എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. ഇറ്റലിയില്‍ ഒരു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന ഫാസിസം എന്ന പുരാവസ്തുവിനെ കേരളത്തില്‍ അവര്‍ വലിയ വിലയില്‍ വിറ്റുകൊണ്ടിരിക്കുന്നത് മാത്രം മതി തെളിവിന്. ഇല്ലാത്ത ശത്രുവിനെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്ത് പരിഹാസ്യരാവുന്ന ഡോണ്‍ ക്വിക്‌സോട്ടുമാരായി നമ്മുടെ ഇടതുവലത് ചിന്തകരും എഴുത്തുകാരും മാറി.

തങ്ങള്‍ വാങ്ങിക്കുന്ന വസ്തു വ്യാജമാണെന്നറിഞ്ഞിട്ടും അത് ഒര്‍ജിനലാണെന്ന് ഭാവിച്ച് സ്വീകരിക്കേണ്ട ഗതികേടിലാണ് അപ്പോഴും കേരളീയര്‍. കേരളീയരെ മുഴുവന്‍ പറ്റിക്കാന്‍ ‘മലയാളികള്‍ പ്രബുദ്ധരാണ്’എന്ന ഒരു വാചകം മതി എന്ന് ഈ വ്യാജസാംസ്‌കാരിക തട്ടിപ്പുകാര്‍ക്ക് നന്നായറിയാം. ഇപ്പോള്‍, ‘ഇത് കേരളമാണ്’ എന്ന പരസ്യമാണ് കൂടുതലായി ഉപയോഗിച്ചുകാണുന്നത്. അവിടെ, മറ്റുള്ളവരുടെ പുസ്തകങ്ങള്‍ അതുപോലെ മോഷ്ടിച്ച് സ്വന്തം പേരില്‍ പുസ്തകമെഴുതിയവര്‍ മഹാബുദ്ധിജീവികളായി മാറുന്നു. പച്ചക്കള്ളം ആലങ്കാരികമായി പറഞ്ഞ് പ്രതിഫലിപ്പിക്കാന്‍ മിടുക്കുള്ളവര്‍ ഉജ്ജ്വല പ്രഭാഷകരായിത്തീരുന്നു. പരസ്പരവിരുദ്ധമായ മാര്‍ക്‌സിസവും സ്വത്വവാദവും ഒരേ തളികയില്‍വെച്ച് വിളമ്പാന്‍ മിടുക്കുള്ളവര്‍ ആസ്ഥാന കവികളാവുന്നു.  

സംസ്‌കാരവിമര്‍ശനമെന്ന പേരില്‍ ഇവിടെ ഇറക്കുമതിചെയ്ത ആശയം ആത്യന്തികമായി രാജ്യത്തെ ശിഥിലമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് ഒരുകാലത്ത് ഇടതുപക്ഷത്തുണ്ടായിരുന്ന വി.സി. ശ്രീജന്‍ പറയുന്നുണ്ട്. ഇതൊക്കെവെച്ചു നോക്കുമ്പോള്‍ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍തന്നെ നമ്മള്‍ സത്യാനന്തരകാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാവും. എങ്കിലും മറച്ചുവെയ്‌ക്കപ്പെട്ടതോ വളച്ചൊടിക്കപ്പെട്ടതോ ആയ സത്യം പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സമൂഹ്യമാധ്യമങ്ങള്‍ നമ്മെ സഹായിക്കുന്നുണ്ട്. സത്യാനന്തരകാലത്ത് ഇതൊരു വലിയ ആശ്വാസമാണ്.

(മാലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകനും  സാഹിത്യ വിമര്‍ശകനുമാണ് ലേഖകന്‍)

(നാളെ: ഡോ. ബി. പത്മകുമാര്‍ എഴുതുന്നു)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക