പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രതിമാസ വരവുചെലവ് കണക്കുകള്‍ ലഭ്യമല്ലെന്നതിനു പുറമേ ദേവസ്വങ്ങളിലെ ഹാജര്‍ പുസ്തകവും ശരിയായി പരിപാലിക്കുന്നില്ല. ഹാജര്‍ പുസ്തകം സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഹാജര്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നത്.
മിക്ക ദേവസ്വങ്ങളിലും ഹാജര്‍ പുസ്തകം കൃത്യമായി പാലിക്കുന്നില്ലെന്ന് ഓഡിറ്റിലാണ് കണ്ടെത്തിയത്. ഹാജര്‍ പുസ്തകങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തിയതില്‍ തിരുത്തലുകള്‍ വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓരോ മാസവും ഓരോ ജീവനക്കാരനും എടുത്ത കാഷ്വല്‍ അവധിയുടെ എണ്ണം കണക്കുകൂട്ടി ആകെ എണ്ണം രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഇതും പാലിക്കുന്നില്ല. അര്‍ഹതപ്പെട്ടതിലും അധികം അവധികള്‍ പല ജീവനക്കാരും എടുത്തിട്ടുള്ളതായും കണ്ടെത്തി.
ഉത്സവാദികാര്യങ്ങള്ക്ക് ജീവനക്കാരെ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോള്‍ ഹാജര്‍ പുസ്തകത്തില്‍ സ്പെഷ്യല്‍ ഡ്യൂട്ടി വിവരം രേഖപ്പെടുത്തുന്നില്ല. ഇങ്ങനെ നിയോഗിക്കുന്ന ജീവനക്കാര്‍ സ്പെഷ്യല്‍ ഡ്യൂട്ടി അലവന്‍സ് എഴുതി വാങ്ങുന്ന തീയതികളില്‍ പോലും ഹാജര്‍ രേഖപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ തന്നെയാണ് ഹാജര്‍ പുസ്തകത്തില്‍ തിരുത്തലുകള്‍ വരുത്തുന്നത്. ഈ പശ്ചാത്തലത്തില്‍ ജീവനക്കാരെടുത്ത അവധിയുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തി ഹാജര്‍ പുസ്തകം ശരിയായി പരിപാലിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്കും, സബ് ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്കും ദേവസ്വം കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: