അഡ്വ.കെ.പി. വേണുഗോപാല്‍
പരിസ്ഥിതി സംരക്ഷണം വീണ്ടും ചര്‍ച്ചയാവുകയാണ്. കാലംതെറ്റിയ കാലാവസ്ഥയും ബംഗാള്‍ ഉള്‍ക്കടലില്‍ ഇടയ്ക്കിടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം സമ്മാനിക്കുന്ന പേമാരിയുമെല്ലാം നമ്മുടെ പരിസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. അമിത ലാഭേച്ഛയോടെ മനുഷ്യന് പ്രകൃതിയില്‍ നടത്തുന്ന നീതിരഹിതമായ ഇടപെടലുകളുടെ ഫലമാണ് ഇതെല്ലാം.
കേരളം പ്രകൃതിസൗന്ദര്യംകൊണ്ടും പ്രകൃതിസമ്പത്തുകൊണ്ടും ജലസമൃദ്ധികൊണ്ടും അനുഗ്രഹീതമായ കാലാവസ്ഥകൊണ്ടും സമ്പന്നമാണ്. കേരളത്തിന്റെ കാലാവസ്ഥ, നദികളിലെ ജലപ്രവാഹം, ഭൂഗര്‍ഭജലവിതാനം, മണ്ണിന്റെ ഫലഭൂയിഷ്ടി എന്നിവയിലെല്ലാം സംസ്ഥാനത്തിനു കിഴക്ക് ഒരു കോട്ടപോലെ നില്ക്കുന്ന പശ്ചിമഘട്ടത്തിന്റെ സ്വാധീനമുണ്ട്. നാല്പ്പത്തിനാല് നദികളാണ് നമ്മുടെ സവിശേഷത. പശ്ചിമഘട്ടത്തിലെ പുല്‍മേടുകളില്‍ നിന്നും കാടുകളില്‍ നിന്നും ജന്മമെടുക്കുന്ന നിരവധി കൊച്ചരുവികള്‍ ചേര്‍ന്ന് രൂപപ്പെടുന്ന ഈ നദികള്‍ സംസ്ഥാനത്തിന്റെ പടിഞ്ഞാറോട്ടുള്ള ചെരിവുമൂലം വളരെ വേഗംതന്നെ അറബിക്കടലില്‍ എത്തും.
മണ്‍സൂണ്‍ പ്രേരിത കാലാവസ്ഥാ തിരിവുകളാണ് കേരളത്തിന്റേത്. ജൂണ്‍മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന ഇടവപ്പാതിയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെ ലഭിക്കുന്ന തുലാവര്‍ഷവും ജനുവരി മുതല്‍ മെയ്വരെ ലഭിക്കുന്ന വേനല്‍മഴയും നമ്മുടെ അനുഗ്രഹമാണ്.
കേരളത്തില്‍ ലഭിക്കുന്ന മഴയുടെ ഏറിയപങ്കും ഇടവപ്പാതിയുടെ സംഭാവനയാണ്. മണ്‍സൂണിന്റ സമയ ക്ലിപ്തതയും ഞാറ്റുവേലയും കേരളത്തിന്റെ കാര്‍ഷിക ജീവിതത്തിന്റെ അടയാളമായിരുന്നു. ഇതിനെല്ലാം ഇന്ന് മാറ്റമുണ്ടായിരിക്കുന്നു. ജൂണ്‍ ആദ്യം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മഴ ഉറപ്പായിരുന്നു. ഇപ്പോഴാകട്ടെ ജൂണ്‍ ആദ്യം മഴ ലഭിക്കുമെന്നതിന് ഒരു ഉറപ്പും ഇല്ല. മലനാട്ടില്‍ വിശേഷിച്ചും ഹൈറേഞ്ചില്‍ മുമ്പ് ലഭിച്ചിരുന്ന നൂല്‍മഴ മുതിര്‍ന്നവര്‍ ഓര്‍ക്കുന്നുണ്ടാകും. ടൂറിസ്റ്റുകളെ ആകര്‍ഷിച്ചിരുന്ന ഈ നൂല്‍മഴ ഹൈറേഞ്ച് പ്രദേശത്തുനിന്നും അപ്രത്യക്ഷമായിരിക്കുന്നു. മേല്‍മണ്ണിന് ഒരുവിധ പോറലും ഏല്പിക്കാതെ ഭൂമിയെ കുളിരണിയിച്ചിരുന്ന നൂല്‍മഴ ഹൈറേഞ്ചിന്റെ പരിസ്ഥിതിക്കും ഭൂപ്രകൃതിക്കും ഏറെ അനുയോജ്യമായിരുന്നു.
പശ്ചിമഘട്ടം
ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട 35 ബയോ ഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് പശ്ചിമഘട്ടം. അറബിക്കടലിന് സമാന്തരമായി പാലക്കാട് ചുരം ഒഴികെ ഇടമുറിയാതെ 1500 കി.മീ.നീളത്തില്‍ ഗുജറാത്തിലെ താപ്തി നദി മുതല്‍ ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിക്കടുത്തുവരെ വ്യാപിച്ചുകിടക്കുന്ന മലനിരകളാണത്. കേരളത്തിന്റെ ജൈവവൈവിധ്യത്തിന് പശ്ചിമഘട്ടവുമായി അഭേദ്യ ബന്ധമുണ്ട്.
ഭൂമിയില്‍ കാണപ്പെടുന്ന സര്‍വ്വ ജീവജാലങ്ങളുടേയും, അവയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ജീനുകളുടേയും ആവാസവ്യവസ്ഥകളുടേയുമെല്ലാം തമ്മിലുള്ള പ്രവര്‍ത്തന-പ്രതി പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് ജൈവവൈവിധ്യം. 1992-ല്‍ റിയോഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയില്‍ ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ച ഉടമ്പടി ആഗോളതലത്തില്‍ ജൈവവൈവിധ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരമായിരുന്നു. 1994 ഫെബ്രുവരിയിലാണ് ഈ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവച്ചത്. അതോടെ ജൈവ വൈവിധ്യ സംരക്ഷണം ഭരണകൂടത്തിന്റെയും പൗരന്മാരുടെയും ഉത്തരവാദിത്തമായി. ഇതേത്തുടര്‍ന്നാണ് കേന്ദ്ര ജൈവവൈവിധ്യ ബോര്‍ഡും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡുകളും നിലവില്‍ വന്നത്.
പശ്ചിമഘട്ട മലനിരകളെ ഒരു നവോഢയോടാണ് മഹാകവി കാളിദാസന് ഉപമിച്ചിട്ടുള്ളത്. അവളുടെ ശിരസ് കന്യാകുമാരിക്കടുത്താണെന്നും ആനമലയും നീലഗിരിയും അവളുടെ സ്തനങ്ങളാണെന്നും പാദങ്ങള്‍ ഗുജറാത്തിലെ താപ്തി നദിക്കടുത്താണെന്നും മഹാകവി വര്‍ണ്ണിക്കുന്നു. കാളിദാസന് മനോഹരമായി വര്‍ണ്ണിച്ച ഈ സുന്ദരിയെയാണ് ഖനന മാഫിയയും വനം കയ്യേറ്റക്കാരുമെല്ലാം ചേര്‍ന്ന് നിര്‍ദയം നശിപ്പിക്കുന്നത്.
പ്രൊഫ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള സമിതി പശ്ചിമഘട്ട സംരക്ഷണത്തിനായി തയ്യാറാക്കിയ സുപ്രധാന റിപ്പോര്‍ട്ട് 2011 ല്‍ അന്നത്തെ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. തുടര്‍ന്ന് നാം കണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കേരളത്തില്‍ നടന്ന വലിയ പ്രക്ഷോഭങ്ങളായിരുന്നു. കാല്‍നൂറ്റാണ്ടിനിടയില്‍ കേരളം കണ്ട ഏറ്റവും വലിയ ദുഷ്പ്രചരണമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഇവിടെ നടന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ 2018 മുതലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. വര്‍ത്തമാനകാല സമൂഹം വരും തലമുറയോടു കാണിച്ച നന്ദികേടായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന സമരങ്ങളെ ചരിത്രം വിലയിരുത്തും.
1980 കളിലെ സാമൂഹ്യ വനവത്കരണം
1980 കളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ്യ വനവത്കരണ പരിപാടി സര്‍ക്കാര്‍ സ്പോണ്സര്ഷിപ്പിലുള്ള പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനമായിരുന്നു. മാവും പ്ലാവും ആഞ്ഞിലിയും മരുതും പുളിയുമെല്ലാം തിങ്ങിനിന്ന കേരളത്തിന്റെ വഴിയോരങ്ങളിലും പുല്‍മേടുകളിലും വച്ചുപിടിപ്പിക്കാന്‍ യൂക്കാലിപ്റ്റ്സ്, അക്കേഷ്യ തുടങ്ങിയ വിദേശ സസ്യങ്ങളെ സര്‍ക്കാര്‍ കേരളത്തിലെത്തിച്ചു. നാല്പത് മീറ്റര്‍വരെ ആഴത്തിലേക്ക് വേരിറങ്ങി ഭൂഗര്‍ഭ ജലം ഊറ്റുന്ന യൂക്കാലിപ്റ്റ്സ് നമുക്ക് ഒട്ടും യോജിച്ചതായിരുന്നില്ല.
മൂന്നാര്‍ വട്ടവടയില്‍ വ്യാപകമായി വച്ചുപിടിപ്പിച്ച യൂക്കാലിപ്റ്റ്സ് അവിടുത്തെ കൃഷിയെ തളര്‍ത്തി. സ്വാഭാവികമായി വളര്‍ന്നിരുന്ന സസ്യസമൂഹങ്ങളുടെ നാശത്തിനും മണ്ണിന്റെ ജൈവഘടനയുടെ തകര്‍ച്ചക്കും സാമൂഹ്യവനവത്കരണ പദ്ധതി കാരണമായി. അധിനിവേശ സ്പീഷിസുകളുടെ സാന്നിധ്യം ജൈവവൈവിധ്യം നേരിടുന്ന പ്രധാന ഭീഷണികളിലൊന്നാണെന്ന് പ്രമുഖ ജൈവവൈവിധ്യ ശാസ്ത്രജ്ഞന് പ്രൊഫ.ഇ.ഇ. വില്‍സണിന്റെ നിരീഷണം ഇവിടെ പ്രസക്തമാണ്.
പ്ലാസ്റ്റിക്കും പരിസ്ഥിതിയും
മൂന്ന് പതിറ്റാണ്ടിനിടയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിലുണ്ടായ വര്‍ധന ഭീതിജനകമാണ്. ഏത് ഉത്പന്നങ്ങള്‍ വാങ്ങിയാലും അതിന്റെ സുരക്ഷാകവചമെന്ന നിലയില്‍ പ്ലാസ്റ്റിക്കും വീടുകളിലെത്തും. ഈ പ്ലാസ്റ്റിക്കുകള്‍ പൊതുഇടങ്ങളിലും ആള്‍പാര്‍പ്പില്ലാത്ത പുരയിടങ്ങളിലേക്കും പുഴകളിലേക്കും വലിച്ചെറിയുന്നത് ശീലമാക്കിയവരാണ് നമ്മള്. മാലിന്യ നിര്‍മാര്‍ജ്ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെങ്കിലും പൗരധര്‍മ്മം കൂടിയാണ്. പ്ലാസ്റ്റിക് സ്വന്തം പുരയിടത്തില്‍ കൂട്ടിയിട്ട് കത്തിക്കുന്നവരുമുണ്ട്. പ്ലാസ്റ്റിക് കത്തുന്നതുമൂലമുണ്ടാകുന്ന ഡയോക്സിന്‍ കാന്‍സറിനുപോലും കാരണമാകുമെന്ന് ഇതുചെയ്യുന്നവര്‍ ഓര്‍ക്കുന്നില്ല.
മൈക്രോപ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഗുരുതരമാണ്. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത സൂക്ഷ്മകണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍.
വായു-ജല മലിനീകരണം
നമ്മുടെ ജല സമ്പത്തും വായു മണ്ഡലവുമെല്ലാം കടുത്ത മലിനീകരണ ഭീഷണിയിലാണ്. കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങളുടേയും കീടനാശിനികളുടേയും ഒരു ഭാഗം നീര്‍ചാലുകള്‍ വഴി തോടുകളിലേക്കും പുഴകളിലേക്കും എത്തുന്നുണ്ട്. മനുഷ്യര്‍ നടത്തുന്ന നാനാവിധ പ്രവര്‍ത്തനങ്ങള്‍ മൂലം ജലത്തിന്റെ ഭൗതിക-രാസ-ജൈവ ഗുണങ്ങളില്‍ വരുന്ന ദോഷകരമായ വ്യതിയാനങ്ങളെയാണ് ജല മലിനീകരണം എന്ന് പറയുന്നത്.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനായ ഡോ.ടി.വി. രാമചന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലെ ജലമണ്ഡലത്തെ കുറിച്ച് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ജലമലിനീകരണത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ശേഖരിച്ച ജല സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഉയര്‍ന്ന തോതിലാണെന്ന് കണ്ടത്തിയിട്ടുണ്ട്.
പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് വികസനത്തിന്റെ മറവിലാണ്. വികസനം വേണം ഒപ്പം പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം. പൗരന് അവകാശപ്പെട്ട ശുദ്ധവായുവും ശുദ്ധജലവും ശുദ്ധമായ പരിസ്ഥിതിയും ഉറപ്പാക്കിയും ഭാവിതലമുറക്ക് അവകാശമുള്ളത് ഇല്ലായ്മ ചെയ്യാതെയുമാകണം വികസനം വരേണ്ടത്.
ഭാരതീയ ചിന്താധാരയനുസരിച്ച് ഭൂമി നമ്മുടെ അമ്മയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാണ്. ചൂഷണത്തിന് പകരം ദോഹനം എന്നതാണ് നമ്മുടെ സങ്കല്പം. മനുഷ്യന് ആവശ്യമുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്. പശുവിനെ കറന്നെടുക്കുന്നതുപോലെ ആവശ്യമുള്ളത് മാത്രം എടുക്കുന്നതാണ് ‘ദോഹനം. ഭാരതീയമായ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഒരു വികസന നയവും ജീവിത വീക്ഷണവും രൂപപ്പെടുത്തുക എന്നതാണ് നാം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കുള്ള ശാശ്വത പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: