ദീപാവലിയോടനുബന്ധിച്ച് അഞ്ചു ഭാഷകളിലായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത് നിരൂപക മുക്തകണ്ഠ പ്രശംസയും പ്രേക്ഷക അംഗീകാരവും നേടിയിരിക്കയാണ് സൂര്യയുടെ 2ഡീ എന്റര്‍പ്രൈസസ് നിര്‍മ്മിച്ച ‘ജയ് ഭീം.’ എന്നാല്‍ തമിഴ് ഒഴികെയുള്ള മറ്റു നാലു ഭാഷകളിലേയും ഈ വിജയത്തിന്റെ പിന്നില്‍ മറുനാടന്‍ മലയാളി ദമ്പതികളുടെ അധികമാരും അറിയാത്ത കഠിനമായ അധ്വാനവും കൂടിയുണ്ട്. ജോളി സ്റ്റുഡിയോയുടെ സാരഥികളായ ഷിബു കല്ലാറിന്റെയും ജോളി ഷിബുവിന്റെയും ഊണും ഉറക്കവും വെടിഞ്ഞുള്ള അധ്വാനം. ഇവരാണ് ചിത്രം ഹിന്ദി, മലയാളം തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ മൊഴിമാറ്റം നല്‍കിയത്.
ഡബ്ബിങ് രംഗത്ത് ദീര്‍ഘകാല പരിചയ സമ്പത്തിന് ഉടമകളായ ജോളിയും ഷിബുവും അതാതു ഭാഷകളിലെ പ്രഗല്ഭരായ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരെ അന്വേഷിച്ച് കണ്ടെത്തിയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ഒരു ഡബ്ബിങ് സിനിമ എന്ന പ്രതീതി ഉണ്ടാവാത്ത രീതിയില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കി പ്രശംസ നേടാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് ജോളിയും ഷിബുവും. ഡബ്ബിങ് രംഗത്ത് സുപരിചിതരായ ഇവര്‍ ഇതിനോടകം ഒട്ടനവധി സിനിമകള്‍ തമിഴില്‍ നിന്നും മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
കൈതി, സൂരറൈ പോട്ര്, ദര്‍ബാര്‍, ബിഗില്‍, മാസ്റ്റര്‍, വിശ്വാസം, വിവേകം, പൊന്മകള് വന്താള്‍, അരുവി, നേര്‍കൊണ്ട പാര്‍വൈ, രാക്ഷസി , മൂക്കുത്തി അമ്മന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഷിബുവും ജോളിയും മൊഴി നല്കി അന്യ ഭാഷയിലും വിജയം നേടി കൊടുത്തവയില്‍ ചിലതു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: