ഹിന്ദീതര പ്രദേശങ്ങളിലെ ഹിന്ദി എഴുത്തുകാര്‍ക്കുള്ള ഭാരത സര്‍ക്കാരിന്റെ ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയ പുരസ്കാരം 1992ല്‍ അച്ഛന് പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരി രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ മകളായ ശ്രീലത ഒരിക്കലും കരുതിയിരുന്നില്ല ഇത്തരമൊരു അഭിമാനാര്‍ഹമായ ബഹുമതി 2005ല്‍ തന്നെയും തേടിയെത്തുമെന്ന്. ഇപ്പോഴാകട്ടെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രീയ ഹിന്ദി സംസ്ഥാന് പ്രതിഭാധനരായ ഹിന്ദി സാഹിത്യകാരന്മാര്ക്ക് നല്കുന്ന അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങിയ ഗംഗാ ശരണ്‍ സിങ് പുരസ്കാരത്തിന്റെ നിറവിലാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ ഹിന്ദി വിഭാഗം മേധാവി കൂടിയായ പ്രൊഫ. ശ്രീലത. ഹിന്ദി ഭാഷയും സാഹിത്യവുമൊത്തുള്ള യാത്രയില്‍ 12 ഓളം പുരസ്കാരങ്ങളാണ് ശ്രീലതയെ തേടിയെത്തിയത്.
ഹിന്ദി ഭാഷാ സാഹിത്യത്തിലെ വിശിഷ്ട്യമായ പുരസ്കാരങ്ങള്‍ ഓരോന്നായി തേടിയെത്തുമ്പോഴും അതെല്ലാം മലയാളികള്‍ക്കായുള്ള അംഗീകാരമായിട്ടാണ് പ്രൊഫ. കെ. ശ്രീലത കാണുന്നത്. രാജഭാഷയ്ക്കായി ജീവിതം സമര്‍പ്പിക്കാന്‍ കാരണം ഹിന്ദി നമ്മുടെ രാജ്യത്തെ ഏകീകരിക്കുന്ന ഭാഷയായതിനാലാണെന്ന് അവര്‍ പറയുന്നു. ഭാഷയിലൂടെ ജനങ്ങളെ ഒരുമിപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസമാണ് ഹിന്ദിയെ ആത്മാവിഷ്കാരമാക്കാന്‍ പ്രൊഫസറെ പ്രേരിപ്പിക്കുന്നത്. പുരസ്കാരങ്ങള്‍ തേടിയെത്തുമ്പോഴും തന്റെ ദൗത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണ ബോധ്യത്തില്‍ കര്മ്മനിരതയാവാനാണ് പ്രൊഫസര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ഹിന്ദി പാരമ്പര്യം ഭാരതം മുഴുവന്‍ എത്തിക്കുന്നതിനുള്ള പ്രേരണയും ഉത്തരവാദിത്വവുമാണ് പുരസ്കാരങ്ങള്‍ നല്‍കുന്നതെന്നും പ്രൊഫസര്‍ പറഞ്ഞു.
പാരമ്പര്യത്തിന്റെ കരുത്ത്
ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനും ഹിന്ദി പ്രൊഫസറുമായിരുന്ന കെ.കെ. കൃഷ്ണന് നമ്പൂതിരിയുടെ പാരമ്പര്യമാണ് മകളായ ശ്രീലതയെ ഹിന്ദിയിലേക്ക് ആകര്‍ഷിച്ചത്. അധ്യാപകനായതുകൊണ്ട് എപ്പോഴും പുസ്തക വായനയും എഴുത്തുമായിരുന്നു. അച്ഛന്റെ പാണ്ഡിത്യം അടുത്തറിഞ്ഞതിനാല്‍ അതുപോലെ ഹിന്ദി അധ്യാപനത്തിലേക്ക് തിരിയണമെന്ന് ചെറുപ്പത്തിലെ ആഗ്രഹമുണ്ടായിരുന്നതായി ശ്രീലത പറയുന്നു. ഹിന്ദിയുടെ സ്വാധീനം അച്ഛനെ തികഞ്ഞ ഗാന്ധിയനാക്കിയിരുന്നു. ഗാന്ധിജിയോടുള്ള ഭക്തിയും ആദര്‍ശവും ഹിന്ദിയിലൂടെ രാജ്യത്തെ ഏകതയെന്ന ആശയങ്ങളുമാണ് ഹിന്ദി പഠനത്തിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിച്ചതെന്ന് ടീച്ചര്‍ പറയുന്നു. സ്കൂള്‍ തലംമുതല്‍ ഹിന്ദി പഠിപ്പിച്ചിരുന്ന അധ്യാപകരും ഇതിനു പ്രേരകമായി. കാസര്‍കോട് മുതല്‍ കേരളത്തിലെ ഒട്ടുമിക്ക ഗവണ്മെന്റ് കോളജുകളിലും കൃഷ്ണന് നമ്പൂതിരി ഹിന്ദി അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഹിന്ദിക്ക് കിട്ടുന്ന അംഗീകാരവും ഏറെ ആകര്‍ഷിച്ചിരുന്നതായും ആ പ്രചോദനം ഹിന്ദിയുടെ ആത്മാവിലേക്കിറങ്ങി ചെല്ലുവാന്‍ തന്നെ സഹായിച്ചതെന്നും പ്രൊഫ. ശ്രീലത പറയുന്നു.
1965 ല്‍ ആലപ്പുഴ ജില്ലയില്‍ തലവടിയിലാണ് ജനിച്ചതെങ്കിലും അച്ഛന്റെ ജോലിക്കനുസരിച്ച് താമസവും മാറിക്കൊണ്ടിരുന്നു. തിരുവനന്തപുരത്ത് പിന്നീട് സ്ഥിരതാമസമായി. ഹിന്ദി പാരമ്പര്യമുണ്ടെങ്കിലും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് പഠനം മുന്നോട്ട് പോയത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. ഭര്‍ത്താവ് എസ്.പി.എന്‍. വിഷ്ണു നമ്പൂതിരിയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയും പ്രോത്സാഹനവുമാണ് പഠനം മുന്നോട്ട് കൊണ്ടുപോയത്. മകന് പിറന്നതിനുശേഷമാണ് ഡിഗ്രിയെടുത്തത്. കേരള സര്‍വ്വകലാശാലയില്‍ നിന്നും മൂന്നാം റാങ്കോടെ ഹിന്ദി സാഹിത്യത്തില്‍ എംഎ പാസ്സായി. രണ്ടുമക്കളും താനും ഒരുമിച്ചാണ് പഠിച്ചതെന്ന് ടീച്ചര്‍ തമാശയായി പറയാറുണ്ട്. ‘കബീര്‍ – പോയറ്റ് ആന്‍ഡ് ദ ഏജ് – എ റീ ഇവാല്യുവേഷന്’ എന്ന വിഷയത്തില്‍ 1994ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടി. തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തില്‍ പിജി അധ്യാപികയായി. 1998ല്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ ഹിന്ദി അധ്യാപികയായി.
ശ്രീലതയുടെ വളര്‍ച്ചയും നേട്ടങ്ങളും തികഞ്ഞ അഭിമാനത്തോടെയാണ് അമ്മ ലീലാദേവി മനസ്സിലേറ്റുന്നത്. നാരായണീയത്തിലൂടെയാണ് അമ്മ സംസ്കൃതം പഠിച്ചത്. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നാരായണീയ പാരായണവും ഗീതാ ക്ലാസുകളും നടത്തുന്നുണ്ട്. മക്കളായ അനൂപും ഡോ. ഐശ്വര്യയും ശ്രീലതയുടെ നേട്ടങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്.
ദൈവദശകം ഹിന്ദിയില്‍
ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തിന്റെ പഠനം ഹിന്ദിയില്‍ പരിഭാഷപ്പെടുത്താന്‍ പ്രചോദനമായത് എല്ലാവരെയും ഒന്നായി കാണാനുള്ള ഗുരുവിന്റെ ദര്‍ശനമാണ്. ഹിന്ദി കവി കബീര്ദാസിനെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹത്തിന്റെ ഏകത്വഭാവമാണ് ഏറെ ആകര്‍ഷിച്ചത്. മഹാത്മാക്കള്‍ അവരവരുടെ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിട്ടാണ് ജീവിച്ചത്. കേരളത്തില്‍ ഇത്തരത്തില്‍ ചിന്തിച്ചപ്പോള്‍ ശ്രീനാരായണ ഗുരുദേവനാണ് മനസ്സില്‍ തെളിഞ്ഞത്. എല്ലാവര്ക്കും പ്രാര്‍ഥിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ദൈവദശകം. അതുകൊണ്ടുതന്നെ ജാതി മത ചിന്തകള്‍ക്കും ആചാരങ്ങള്‍ക്കും അതീതമായി ഏവര്‍ക്കും ഈശ്വര ദര്‍ശനം നല്‍കുന്നതാണ് ദൈവദശകം. ഇംഗ്ലീഷിലും സംസ്കൃതത്തിലും ഹിന്ദിയിലുമുള്ള വ്യാഖ്യാനങ്ങള്‍ ഒരുമിച്ചുള്ള മറ്റൊരു പുസ്തകം വേറെയില്ല. കാലടി സര്‍വ്വകലാശാലയിലെ തന്നെ സഹ അധ്യാപികമാരാണ് സംസ്കൃതത്തിലും ഇംഗ്ലീഷിലും വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്. ഭാരതം മുഴുവന്‍ ദൈവദശകം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പുസ്തകം സഹപ്രവര്‍ത്തകരുമൊത്ത് വിവിധ ഭാഷകളില്‍ പുറത്തിറക്കിയത്.
ദേശസ്നേഹത്തിന്റെ ഭാഷ
സാഹിത്യ പഠനം വ്യക്തിയെ മാനുഷിക ഭാവങ്ങള്‍ വളര്‍ത്താന്‍ സഹായിക്കുന്നു. സംസ്കാരം ഉരുത്തിരിയുന്നത് സാഹിത്യത്തിലൂടെയാണ്. ദേശസ്നേഹം വളര്‍ത്തിയെടുക്കാന്‍ ഹിന്ദി പഠിക്കണം. ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രീയത നിലനിര്‍ത്തുന്നത് സംസ്കാരമാണ്. സംസ്കാരം ഉരുത്തിരിയുന്നത് സാഹിത്യത്തിലൂടെയാണ്. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഹിന്ദി എഴുത്തുകാരന് സ്വാതിതിരുനാളാണ്. ഭാരത സംസ്കാരത്തിന്റെ ഭാഷയാണ് ഹിന്ദി. ഇതിലൂടെ രാഷ്ട്രത്തെ ഏകോപിപ്പിക്കുന്നതിനാണ് മദ്രാസില്‍ (ചെന്നൈ) ഗാന്ധിജി ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ സ്ഥാപിച്ചതെന്നും പ്രൊഫസര്‍ ചൂണ്ടിക്കാണിക്കുന്നു.
സംഭാവനകള്‍, അംഗീകാരങ്ങള്‍
കബീര്‍-കവി- ഔര്യുഗ് ഏക് പുനര്‍ മൂല്യാങ്കന്‍, ചിന്തന്‍ കെ കുഛ് പഡാവ്, കബീര്‍ നയെ തഥ്യ ഔര്‍ നയെ നിഷ്കര്ഷ്, ഹിന്ദി സാഹിത്യ ഔര്‍ രാഷ്ട്രീയ സമന്വയ്, വിമര്‍ശ് ഏവം വിശ്ലേഷണ് അഭിനവ് ഹിന്ദി വ്യാകരണ് തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദി ആലോചനാ കാ വര്ത്തമാന്, ഇക്കീസ് വീം സദി കെ ഹിന്ദി സാഹിത്യ കീ വൈചാരികീ, മീഡിയ ഔര്‍ സാഹിത്യ കാ വര്ത്തമാന്, മീഡിയ ഔര്‍ സാഹിത്യ – സമകാലീന് സന്ദര്‍ഭ് എന്നീ കൃതികളുടെ സമ്പാദികയാണ്. സക്കറിയയുടെയും മാധവിക്കുട്ടിയുടെയും ബാലസാഹിത്യ കഥകള്‍ ഹിന്ദിയിലാക്കിയിട്ടുണ്ട്. മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഡോ. രമേശ് പൊഖരിയാല്‍ നിശങ്കിന്റെ കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഹൈസ്കൂള്‍ തലത്തിലെ കുട്ടികള്‍ക്കായി 12 പുസ്തകങ്ങളുടെ സമ്പാദനവും നടത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കായി ഒരു യൂ ട്യൂബ് ചാനലും ഡോ. ശ്രീലതയുടെതായിട്ടുണ്ട്.
ഹിന്ദീതര പ്രദേശങ്ങളിലെ ഹിന്ദി എഴുത്തുകാര്‍ക്കുള്ള ഭാരത സര്‍ക്കാര്‍ പുരസ്കാരം, കേരള ഹിന്ദി സാഹിത്യ അക്കാദമി പുരസ്കാരം, രാഷ്ട്രീയ ഹിന്ദി സാഹിത്യ സമ്മേളന പുരസ്കാരം, ഇന്ത്യാ നേപ്പാള്‍ ദുര്‍ഗാവതി മഹിളാ സാഹിത്യ രത്ന സമ്മാന്‍, വിശ്വഹിന്ദി സേവി സമ്മാന്‍ (ബാങ്കോക്ക്), ഹിന്ദി സാഹിത്യ മണ്ഡലിന്റെ ഹിന്ദി ഭാഷാ ഭൂഷണ് പുരസ്കാരം, ഗിനാദേവി ശോധശ്രീ സമ്മാന്‍, ശ്രേഷ്ഠ് ഹിന്ദി സേവക് സമ്മാന്‍, പ്രതിഭാ പുരസ്കാരം, വിശ്വഹിന്ദി ഗൗരവ് സമ്മാന്‍ (ദുബായ്) തുടങ്ങി ദേശീയ അന്തര്‍ദേശീയ തലത്തിലെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എഴുപതില്‍പ്പരം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2015ലും 2018ലും ഭോപ്പാലിലും മൊറീഷ്യസിലും സംഘടിപ്പിച്ച വേള്‍ഡ് ഹിന്ദി കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ 130ല്‍ പരം ശില്പശാലകളില് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനായത് ശ്രദ്ധേയമായ നേട്ടമാണ്. ഹിന്ദി വിശ്വ ഗൗരവ് ഗ്രന്ഥ് വാള്യം ഒന്നില്‍ മികച്ച നാല് കേരള ഹിന്ദി മഹിളാ എഴുത്തുകാരില്‍ ഒരാളായി പരാമര്‍ശിക്കപ്പെട്ടിരുന്നു. വിദേശ സര്‍വ്വകലാശാലകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്.
ഗ്ലോബല്‍പീസ് ഇന്റര്‍ നാഷണല്‍ മള്‍ട്ടി ഡിസിപ്ലിനറി ജേണല്‍, സംഗ്രഥന് തുടങ്ങിയവയുടെ സമ്പാദകസമിതി അംഗം, സംസ്കൃത സര്‍വകലാശാല കൂടാതെ മഹാത്മാഗാന്ധി, അന്തര്‍ ദേശീയ ഹിന്ദി സര്‍വ്വകലാശാല ഉള്‍പ്പെടെ ഭാരതത്തിലെ പല സര്‍വ്വകലാശാലകളുടെയും റിസര്‍ച്ച് ഫാക്കല്‍റ്റി അംഗം, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
മിഥക് സാഹിത്യം
ഹിന്ദിയില്‍ പ്രബലമായ മിഥക് സാഹിത്യത്തിലാണിപ്പോള് ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. പൗരാണിക കഥകള്‍, സംഭവങ്ങള്‍, കഥാപാത്രങ്ങള്‍ ഇവ ഉപയോഗിച്ച് ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമാണ് മിഥക് സാഹിത്യം അര്‍ത്ഥമാക്കുന്നത്. രാമായണത്തിലെ സീതയെയും മഹാഭാരതത്തിലെ മാധവിയേയും ഇന്നത്തെ സ്ത്രീ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് വ്യാഖ്യാനിക്കാവുന്നതാണ്. മലയാളത്തിലെയും ഹിന്ദിയിലെയും മിഥക് സാഹിത്യ താരതമ്യ പഠനവും ഡോ. ശ്രീലതയുടെ മനസ്സിലുണ്ട്. ഹിന്ദി സാഹിത്യകാരന് ഭഗവാന്‍ദാസ് മോര്‍വാളിന്റെ നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലികളിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: