മുംബൈ : മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രിയില്‍ ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ 10 രോഗികള്‍ മരിച്ചു. ശനിയാഴ്ച രാവിലെയാണ് ആശുപത്രിയുടെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസിയുവില്‍ തീപിടിത്തമുണ്ടായത്. ഈ സമയത്ത് 17 രോഗികളാണ് ഐസിയുവില്‍ ഉണ്ടായിരുന്നത്. അവിടെ നിന്നും തീ മറ്റ് വാര്‍ഡുകളിലേക്കും പകരുകയായിരുന്നു.
അപകടത്തില്‍ 13 രോഗികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ആശുപത്രി ഐസിയുവിലുണ്ടായിരുന്ന രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ ആശുപത്രിയില്‍ തീപിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഐസിയുവിലുണ്ടായ അഗ്നിബാധയെക്കുറിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനമറിയിച്ചു. മരണപ്പെട്ടവരുടെ ഉറ്റവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: