കൊച്ചി : ജോജു ജോര്‍ജ് മാസ്ക് ധരിക്കാതെയാണ് അട്ടഹസിച്ചത്. സദാചാര പോലീസ് ചമയുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ. ബാബു. കോണ്‍ഗ്രസ്സിന്റെ വഴി തടയല്‍ സമരത്തിനിടെ ജോജുവിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഒത്തു തീര്‍പ്പിനായി ശ്രമിച്ചിരുന്നു. ഇത് നടക്കാതായതോടെയാണ് കെ. ബാബുവിന്റെ പ്രതികരണം.
സിനിമാ നടീ നടന്മാര്ക്ക് വേറെ നിയമം ആണോ. മാസ്ക് ധരിക്കാതെയാണ് ജോജു ജോര്‍ജ് അട്ടഹസിച്ചത്. എന്തുകൊണ്ടാണ് ഇതിനെതിരെ പോലീസ് കേസെടുക്കാത്തത്. ജോജു ജോര്‍ജ്ജ് സദാചാര പോലീസ് ചമയുകയാണ്. ഒത്തുതീര്‍പ്പ് ശ്രമത്തില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം നേതൃത്വമാണ്. കോണ്‍ഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണെന്നും കെ. ബാബു ആവര്‍ത്തിച്ചു. സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കില്‍ ആംബുന്‍സില്‍ കൊണ്ടുപോകേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
സമവായ ശ്രമങ്ങള്‍ നിലയ്ക്കുകയും ജോജു നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഇതോടെ വൈറ്റിലയില്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചതിന് ജോജുവിനെതിരെ കേസെടുക്കണമെന്ന ആവശ്യം മഹിള കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നു. താരത്തിനെതിരെ ഇനി രമ്യമായ നിലപാട് വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. പോലീസിന്റെ ഭാഗത്തു നിന്നും അനൂകൂല തീരുമാനം വരുന്നത് വരെ പ്രതിഷേധം തുടരാനാണ് ഡിസിസിയുടെ നിര്‍ദ്ദേശം.
അതിനിടെ നടന് ജോജുവിനെ ആക്രമിച്ച കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി അറസ്റ്റിലായി. കോണ്‍ഗ്രസിന്റെ തൃക്കാക്കര മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫാണ് അറസ്റ്റിലായത്. നേരത്തെ പിടിയിലായ പി.ജി. ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസിലെ എട്ട് പ്രതികളില്‍ ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: