ആലപ്പുഴ: എടത്വായില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച പീഡന പരാതിയിലെ പൊള്ളത്തരം കണ്ടെത്തി പോലീസ്. സ്കൂളില്‍ പോയി മടങ്ങവേ അഞ്ചു പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി കുട്ടി മെനഞ്ഞെടുത്ത കഥയാണെന്നാണ് പോലീസ് കണ്ടെത്തിയത്. പരാതി നല്കിയ പെണ്‍കുട്ടി നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്റെ ഫലമായി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്ന് പോലീസ് കണ്ടെത്തി. സ്കൂള്‍ പുനരാരംഭിക്കുകയാണെന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ ക്ലാസില്‍ പോകുന്നില്ലെന്ന് കുട്ടി വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്കൂളിലേക്ക് പോകണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. രണ്ടുവര്‍ഷമായി സദാസമയം കുട്ടിയുടെ പക്കല്‍ മൊബൈലുണ്ടായിരുന്നു. സ്കൂളില്‍ പോകുന്നതോടെ മൊബൈല്‍ നഷ്ടപ്പെടുമെന്നുള്ള ഭീതിയാണ് പീഡന കഥ മെനയാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്നാണു പോലീസ് കണ്ടെത്തല്‍.
പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ആദ്യം മുതലേ സംശയം ഉളവാക്കിയിരുന്നു. കുട്ടി പറഞ്ഞയാളുകളെ ചോദ്യം ചെയ്തതില്‍ നിന്നും സംഭവസമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നുവെന്ന് കണ്ടെത്തി. വൈദ്യ പരിശോധന നടത്തിയപ്പോഴും പീഡനവിവരം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പരാതിയില്‍ വാസ്തവമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: