ബെയ്ജിംഗ്: ഇന്ത്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണത്താല്‍ വലഞ്ഞുവെന്നും ഈ ആക്രമണങ്ങള്‍ക്ക് ഇന്ത്യയ്‌ക്ക് യുഎസിന്റെ സഹായവും ഉണ്ടെന്ന് ചൈന. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ചൈനയുടെ പ്രതിരോധ, സൈനിക യൂണിറ്റുകളയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഇന്ത്യയുടെ സൈബര്‍ ഗ്രൂപ്പുകള്‍ ആക്രമിക്കുന്നുവെന്നാണ് പ്രചാരണം. ചൈനയ്‌ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ സൈബര്‍ ഗ്രൂപ്പുകള്‍ ആക്രമണം നടത്തുന്നതായി ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെയാണ് ഈ സൈബര്‍ ഗ്രൂപ്പുകള്‍ ആക്രമണം അഴിച്ചുവിടുന്നതെന്നും ചൈന ആരോപിക്കുന്നു.
ചൈനയിലെ പ്രമുഖ സൈബര്‍ സുരക്ഷാ കമ്പനികള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയിലെ അത്യാധുനികമായ സൈബര്‍ ഗ്രൂപ്പുകളുടെ ശൃംഖലകളെക്കുറിച്ച് വെളിപ്പെടുത്തുന്നു. ‘ഇന്ത്യയില്‍ നിന്നുള്ള സൈബര്‍ ഗ്രൂപ്പുകളുടെ പേരുകള്‍ തെക്കനേഷ്യയിലെ ഈവിള്‍ ഫ്‌ളവര്‍, ല്യൂര്‍ ഓഫ് ബ്യൂട്ടി, ഗോസ്റ്റ് വാര്‍ എലഫന്റ്‌സ് റോമിങ് ദ ഹിമാലയാസ് എന്നീ പേരുകളിലാണ് ഈ സൈബര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്,’ ഗ്ലോബല്‍ ടൈംസ് പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയിലെ വിവിധ വ്യക്തികളെയും സ്ഥാപനങ്ങലേയും ലക്ഷ്യമാക്കി സൈബര്‍ ആക്രമണം നടത്തുകയാണ് ഇന്ത്യയില്‍ നിന്നുള്ള ഹാക്കര്‍മാരെന്ന് കണ്ടെത്തിയതായി ചൈനയിലെ ടെക് ഭീമനായ 360 സെക്യൂരിറ്റി ടെക്‌നോളജി പറയുന്നു. 2020ല്‍ ഇന്ത്യയില്‍ നിന്നുള്ള 100ല്‍പരം പേലോഡുകളെ നിരീക്ഷിക്കുകയും പിടിച്ചെടുക്കുകയും ചെയ്‌തെന്നും 360 സെക്യൂരിറ്റി ടെക്‌നോളജി പറയുന്നു.
എന്താണ് പേ ലോഡുകള്‍
(കമ്പ്യുട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ(malware) എന്നു പറയാം. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളിന്റെ അറിവില്ലാതെ കമ്പ്യൂട്ടർ സിസ്റ്റെം തകരാറിലാക്കാൻ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറുകളാണു മാൽവെയറുകൾ. ഇത്തരത്തിലുള്ള മാല്‍ വെയറുകളാണ് പേ ലോഡുകള്‍. )
സൈബര്‍ ആക്രമണങ്ങള്‍ ചൈനയുടെ വിദ്യാഭ്യാസം, എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായം, സര്‍ക്കാര്‍ മേഖലകളെ ലക്ഷ്യംവെച്ച്
2021 ആദ്യ ആറ് മാസങ്ങളിലാണ് ഇന്ത്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് ചൈന പറയുന്നു. ചൈനയുടെ വിദ്യാഭ്യാസം, എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായം, സര്‍ക്കാര്‍ എന്നീ മേഖലകളെ ലക്ഷ്യംവെച്ചാണ് ഈ ആക്രമണങ്ങളെന്ന് പറയുന്നു. രാഷ്‌ട്രീയം, സാമ്പത്തികം, മഹാമാരിയുടെ സാഹചര്യം, വ്യവസായിക പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളിലുള്ള ഓണ്‍ലൈന്‍ ട്രെന്‍ഡിംഗ് ടോപ്പിക്കുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് സൈബര്‍ ആക്രമണകാരികള്‍ ലക്ഷ്യം വെയ്‌ക്കുന്നത്.
സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാരാല്‍ രൂപീകരിക്കപ്പെട്ട ഈ സംഘടനകള്‍ ഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട് (എപിടി) ഓര്‍ഗനൈസേഷന്‍ എന്ന പേരിലാണ് ഈ സൈബര്‍ ഗ്രൂപ്പുകള്‍ പൊതുവേ അറിയപ്പെടുന്നത്. എപിടി സംഘടനകള്‍ ലോകമെമ്പാടും ഉണ്ട്. അവര്‍ വിവിധ രാജ്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളെയും അടിസ്ഥാനസൗകര്യ സ്ഥാപനങ്ങളെയുമാണ് ആക്രമണവിധേയമാക്കുന്നത്.
‘ചൈന വര്‍ഷങ്ങളായി സൈബര്‍ ആക്രമണങ്ങളുടെ ഇരയായിരുന്നു. ഇന്ത്യയില്‍ നിന്നും വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ സാഹചര്യത്തിന്റെ ഗൗരവം കൂട്ടുന്നു. ഇതെല്ലാം ചൈനീസ് സംവിധാനങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ സൈബര്‍ സുരക്ഷ അതിവേഗം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.’ റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാര്‍, പ്രതിരോധ, സൈനിക യൂണിറ്റുകളെ ലക്ഷ്യംവെച്ചുള്ള നിരവധി ഫിഷിംഗ് ആക്രമണങ്ങള്‍ 2021 മാര്‍ച്ചിന് ശേഷം തിരിച്ചറിഞ്ഞിട്ടുണ്ട്. ചൈനയിലെ മാത്രമല്ല, നേപ്പാള്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഇതേ ആക്രമണം നടക്കുന്നു,’ ചൈനയിലെ പ്രമുഖ സൈബര്‍ സുരക്ഷ കമ്പനിയായ ആന്റിയ് ലാബ്‌സ് പറയുന്നു.
‘2019 ഏപ്രില്‍ മുതലേ ഇന്ത്യയില്‍ നി്ന്നുള്ള ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ആക്രമണങ്ങള്‍ക്ക പിന്നില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്ഥാപനമാണ്. ഇതുവരെ ഈ സ്ഥാപനം സൃഷ്ടിച്ച 100 ഫിഷിംഗ് വെബ്‌സൈറ്റുകള്‍ ആന്റിയ് ലാബ്‌സ് തിരിച്ചറിഞ്ഞിട്ടുണ്ട്,’ റിപ്പോര്‍ട്ട് പറയുന്നു.
സ്പിയര്‍ ഫിഷിംഗിലൂടെ ചൈനയിലെ സര്‍ക്കാര്‍ വകുപ്പുകളെയാണ് ഇന്ത്യയിലെ ഈ സ്ഥാപനം ലക്ഷ്യം വെയ്‌ക്കുന്നതെന്ന് ആന്റിയ് ലാബ്‌സിന്റെ വൈസ് ചീഫ് എഞ്ചിനീയര്‍ ലി ബൊസോങ് പറയുന്നു. ഹാക്കര്‍മാര്‍ സ്വയം സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥരാണെന്ന പേരില്‍ ഇമേയിലുകള്‍ അയക്കുകയാണ്. ഇതില്‍ ഫിഷിംഗിനെ സഹായിക്കുന്ന ലിങ്കുകളും ഉണ്ടായിരിക്കും. അതുവഴി ഈ വ്യാജ ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് ചൈനീസ് ഉദ്യോഗസ്ഥരെയെത്തിക്കുന്നു. എന്നിട്ട്, അവരുടെ അക്കൗണ്ട് പാസ് വേഡുകള്‍ രഹസ്യാന്വേഷണത്തിന്റെ ഭാഗമായി ചോര്‍ത്തുന്നു. ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തന്നെയായിരിക്കാം ഇതിന് പിന്നിലെന്ന് ചൈനയിലെ സൈബര്‍ സുരക്ഷ വിദഗ്ധര്‍ പറയുന്നു.
എന്താണ് ഫിഷിംഗ്
ഇന്‍റർനെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിംഗ്. ഇതിനായി ഹാക്കർമാർ മറ്റുള്ളവരുടെ പാസ്സ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഒരു എച്.ടി.എം.എൽ (HTML) ടെമ്പ്ലേറ്റ് (വെബ് താൾ) വഴി മോഷ്ടിക്കുന്നു.ഹാക്കർമാർ ഉദേശിക്കുന്ന ഒരു വെബ്‌സൈറ്റിനെ അനുകരിച്ച് അതിന്റെ അതെ രീതിയിൽ ഒരു വ്യാജ ഒരു വെബ് പേജ് നിർമ്മിക്കുന്നു.
ചൈനയുടെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം
ചൈനയുടെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ സിഎന്‍സി എന്ന ഇന്ത്യയിലെ ഹാക്കിംഗ് ഗ്രൂപ്പിനെ തകര്‍ത്തതായി ചൈനയുടെ 360 സെക്യൂരിറ്റി ടെക്‌നോളജി അവകാശപ്പെടുന്നു. 2021 ഏപ്രിലില്‍ സിഎന്‍സി എയ്‌റോസ്‌പേസ് സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി പറയുന്നു. ചൈന ജൂണില്‍ നടത്തിയ ചില ബഹിരാകാശ ദൗത്യങ്ങള്‍ക്കിടയിലായിരുന്നു ഈ സൈബര്‍ ആക്രമണങ്ങള്‍.
‘ചൈനയില്‍ ഇന്‍റര്‍നെറ്റ് മേഖല അതിവേഗം വികസിക്കുന്നതോടൊപ്പം സൈബര്‍ സുരക്ഷയില്‍ എത്രത്തോളം അപകടങ്ങള്‍ പതിയിരിക്കുന്നുവെന്നത് ഇന്ത്യയില്‍ നിന്നുള്ള ഇത്തരം ആക്രമണങ്ങള്‍ തുറന്നുകാട്ടുന്നു. വിവരമേഖലയിലെ യുദ്ധത്തില്‍ ചൈനയേയും റഷ്യയേയും സംബന്ധിച്ചിടത്തോളം യുഎസില്‍ നിന്നും അവരുടെ സഖ്യകക്ഷികളില്‍ നിന്നും ആക്രമണം ഏറ്റുവാങ്ങാനുള്ള മേഖലയായി വെബ് മാറിയിരിക്കുന്നു. ചൈന കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സൈബര്‍ ആക്രമണങ്ങളുടെ ഏറ്റവും വലിയ ഇരയായി മാറിയിരിക്കുന്നു,’ ഗോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ യുഎസുമായി സൈബര്‍ സുരക്ഷാ മേഖലയില്‍ സഹകരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഫുഡാന്‍ സര്‍വ്വകലാശാല സൈബര്‍ സ്‌പേസ് ഗവേഷണകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ഷെന്‍ യി പറയുന്നു. ചൈനയും യുഎസും തമ്മില്‍ രഹസ്യവിവരങ്ങള്‍ പങ്കുവെയ്‌ക്കലും ഇന്ത്യയിലെ ഈ ഹാക്കര്‍ ഗ്രൂപ്പുകളുടെ ലക്ഷ്യമാകാമെന്നും ഷെന്‍ യി വിലയിരുത്തുന്നു.
സൈബര്‍ മേഖലയില്‍ നിരന്തരമായി ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളികളും ആക്രമണങ്ങളും യുഎസിന്റെ പുതിയ ഇന്തോ പസഫിക് തന്ത്രത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് ബെയ്ജിംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈന സൈബര്‍സ്‌പേസ് സ്ട്രാറ്റജി മേധാവി കിന്‍ ആന്‍ പറയുന്നു.
‘ഇന്ത്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്ന പേരിലാണ് ഇന്ത്യയുടെ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചൈന പുറത്തുവിട്ടിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇന്ത്യയിലെ സൈബര്‍ ഗ്രൂപ്പുകള്‍ക്കെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: