കൊച്ചി: ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റ്‌ഫോമില്‍തന്നെയെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മരക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള എല്ലാ സാധ്യതകളും തേടി. ബിഗ് ബജറ്റ് ചിത്രം ആയിട്ടുകൂടി മരക്കാറിന് കൂടുതല്‍ പരിഗണന നല്‍കാനാകില്ലായെന്ന് തീയറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പിന്മാറിയതെന്നും അദേഹം പറഞ്ഞു.
മോഹന്‍ലാലിന്റെ ഉപദേശം കൂടി ലഭിച്ചശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. സംവിധായകന്‍ പ്രിയദര്‍ശന്റേയും സമ്മതത്തോടെയാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാനായി ഒരുങ്ങുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.
തനിക്ക് 40 കോടി തീയറ്റര്‍ ഉടമകളില്‍ നിന്നും അഡ്വാന്‍സ് ലഭിച്ചു എന്ന് പറയുന്നത് അവാസ്തവമാണെന്നും അദേഹം വ്യക്തമാക്കി. വാങ്ങിയത് 4 കോടിയോളം രൂപ മാത്രമാണെന്നും അദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ഈ ചര്‍ച്ചയില്‍ ‘മരയ്‌ക്കാര്‍’ ഒടിടിയിലാകും റിലീസ് ചെയ്യുകയെന്നും തീയറ്റര്‍ റിലീസ് ഉണ്ടാവില്ല എന്നുമാണ് തീരുമാനമായത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തീയറ്റര്‍ ഉടമകളില്‍ നിന്ന് കൈപറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിത്തുടങ്ങി. മിനിമം ഗ്യാരണ്ടി തുകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരയ്‌ക്കാറിനെ ഒടിടി റിലീസിലേക്ക് നയിച്ചത്.
നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹവും ടൊവിനോ ചിത്രം മിന്നല്‍ മുരളിയും ഇതിനകം ഒടിടി റീലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. വിവിധ ഒടിടി പ്ലാറ്റ് ഫോമുകള്‍ മരക്കാറിന് വെച്ചത് വമ്പന്‍ തുകയാണ്. ഇത് മാത്രമല്ല അന്‍പത് ശതമാനം സീറ്റിലെ തിയേറ്റര്‍ റിലീസ് ഗുണം ചെയ്യുമോ എന്ന സംശയവും നിര്‍മ്മാതാക്കള്‍ക്കുണ്ട്. ഫിയോക്ക് ആകട്ടെ മരക്കാര്‍ പോലുള്ള ബിഗ് ബജറ്റ് ചിത്രം വഴി തിയറ്ററിലുണ്ടാകാവുന്ന തരംഗത്തിലാണ് പ്രതീക്ഷ വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: