ഇസ്ലാമബാദ്: പെരുകുന്ന കടം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില വര്‍ധിപ്പിക്കേണ്ടതായുണ്ടെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാനില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വില ലിറ്ററിന് 8.14 രൂപയാണ് (പാകിസ്ഥാന് രൂപ) കൂട്ടിയത്.
പാകിസ്ഥാന് ധനമന്ത്രാലയമാണ് വില വര്‍ധിപ്പിച്ചതായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വില കൂട്ടുന്നതിന് ന്യായീകരണമായി ഇന്ത്യയിലെ ഇന്ധനവിലയാണ് ഇമ്രാന്ഖാന് എടുത്ത് പറഞ്ഞത്. ‘ഇന്ത്യയില്‍ പെട്രോള്‍ വില ലിറ്ററിന് 250 രൂപയും ബംഗ്ലാദേശില്‍ 200 രൂപയുമാണ് വില. പാകിസ്ഥാനില്‍ 138 രൂപയാണ് വില’- ഇമ്രാന് ഖാന് പറഞ്ഞു. ഒരു പാകിസ്ഥാന് രൂപ 44 ഇന്ത്യന്‍ പൈസയ്ക്ക് തുല്ല്യമാണ്.
പെട്രോളിന് ലിറ്ററിന് 8.03 രൂപയും ഹൈസ്പീഡ് ഡീസലിന് ലിറ്ററിന് 8.14 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മണ്ണെണ്ണ വില ലിറ്ററിന് 6.27 രൂപയും ഡീസല്‍ ഓയില്‍ വില ലിറ്ററിന് 5.72 രൂപയും വര്‍ധിപ്പിച്ചു.
ഇമ്രാന്ഖാന് ഭരണത്തില്‍ പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിക്കുകയാണ്. ഈ സാമ്പത്തിക വെല്ലുവിളി നേരിടാന്‍ പുറത്ത് നിന്നും അടുത്ത രണ്ട് വര്‍ഷത്തേക്ക് സമ്പദ്ഘടന താങ്ങിനിര്‍ത്തുന്നതിന് 5100 കോടി യുഎസ് ഡോളറാണ് ധനസഹായം ആവശ്യമുള്ളത്. ഇപ്പോഴും രാജ്യം തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്കല്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധിത ഭീകരസംഘടനകള്‍ക്ക് എതിരെ നടപടിയെടുക്കാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ മൂലം പാകിസ്ഥാന് ഇപ്പോഴും ഫൈനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ് എടിഎഫ്) ഗ്രേലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദം വിവിധ പദ്ധതികള്‍ക്ക് ഭീഷണിയായതോടെ വലിയൊരു സാമ്പത്തിക സഹായമാകുമെന്ന് പ്രതീക്ഷിച്ച ചൈന-പാകിസ്ഥാന് സാമ്പത്തിക ഇടനാഴി (സിപിഇസി)യും വിചാരിച്ച രീതിയില്‍ നടന്നില്ല. ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ ഇതിന്റെ നിര്‍മ്മാണ ജോലിയില്‍ എര്പ്പെട്ടിരുന്ന ഒന്‍പത് ചൈനീസ് എഞ്ചിനീയര്‍മാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: