ന്യൂദല്‍ഹി : ജമ്മുകശ്മീരില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ വിമാനമാര്‍ഗം ജമ്മു കശ്മീരിലെത്തിയ പ്രധാനമന്ത്രി നിയന്ത്രണരേഖയ്‌ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം എം നരവനെയും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിയായിട്ടല്ല, സൈനികകുടുംബത്തിലെ ഒരംഗമായാണ് താനെത്തിയത്. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് തനിക്ക് സന്തോഷം. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഇവിടെ എത്തിയിരിക്കുന്നത്. രാജ്യം സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ടെന്നും മോദി അറിയിച്ചു.
സൈനികമേഖലയിലും ആത്മനിര്‍ഭര്‍ഭാരത് ആശയമാണ് നടപ്പാക്കുന്നത്. സ്വന്തമായി ആയുധങ്ങളും യുദ്ധ ടാങ്കുകളും രാജ്യം നിര്‍മ്മിക്കുന്നു. വനിതകള്‍ക്ക് സൈന്യത്തില്‍ പ്രവേശനം നല്‍കുകയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തില്‍ ചേരുന്നത് ഒരു ജോലിയല്ല, അത് ഒരു സേവനമാണ്. പിറന്ന മണ്ണിനെ സേവിക്കലാണ്. രാജ്യസുരക്ഷയാണ് നമുക്ക് പ്രധാനം. അതില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും നമ്മള്‍ തയ്യാറാകില്ല. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും സൈന്യമാണ് രക്ഷയ്‌ക്ക് എത്തുന്നത്.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാജ്യത്തിന് നല്‍കിയ സംഭാവന വലുതാണ്. ഈ മിന്നലാക്രമണത്തിന് ശേഷം കശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമം നടന്നു. ഭീകരതയെ ചെറുത്ത് തോല്‍പിക്കാന്‍ രാജ്യത്തിനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ ജമ്മു കശ്മീരില്‍ എത്തുന്നത്. ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് നൗഷേരയിലെ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
2019-ലാണ് ഇതിന് മുമ്പ് പ്രധാനമന്ത്രി രജൗരിയിലെ ആര്‍മി ഡിവിഷനിലെത്തിയത്. ഇത്തവണ നൗഷേരയിലാണ് പ്രധാനമന്ത്രി എത്തിയത്. സൈനികര്‍ക്കൊപ്പം ഉച്ചയ്‌ക്ക് ഭക്ഷണവും കഴിച്ച ശേഷമായിരിക്കും മോദി മടങ്ങുക. ഇതിന് ശേഷം മോദി നാളെ കേദാര്‍നാഥിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: