തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചതിന്റെ പ്രതിഫലനം കേരളത്തിലുമെത്തി. സംസ്ഥാനത്ത് പെട്രോളിന് 6.30 രൂപയും ഡീസലിന് 12.27 രൂപയും കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്സൈസ് തീരുവ അഞ്ചു രൂപയും ഡീസലിന്റെ തീരുവ പത്തു രൂപയുമാണ് കുറച്ചത്. വില കുറച്ചത് രാത്രി പന്ത്രണ്ടിന് പ്രാബല്യത്തിലായിട്ടുണ്ട്. അടുത്തിടെ, ആഗോളതലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയും കൂടി.
എന്നാല്‍ കേരളത്തിന്റെ നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി സംസ്ഥാനത്തും പെട്രോള്‍, ഡീസല്‍ വില കുറയുമെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പെട്രോള്‍ വില 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 103.97രൂപയും ഡീസലിന് 92.57 രൂപയുമാണ് ഇന്നത്തെ വില.
കൊവിഡിനു ശേഷം കാര്‍ഷിക, സേവന മേഖലകളില്‍ അടക്കം സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും കാര്യമായ വളര്‍ച്ച ദൃശ്യമായിട്ടുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ മെച്ചപ്പെട്ടു. സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ കുതിപ്പു പകരാന്‍ വേണ്ടിയാണ് എക്സൈസ് തീരുവ കുറച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യാധിഷ്ഠിത നികുതി കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരണമെന്ന് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.
2020 മേയ് അഞ്ച് മുതലുള്ള കണക്ക് പ്രകാരം പെട്രോളിന്റെ എക്സൈസ് തീരുവ 37.38 രൂപയായിരുന്നു. ഡീസലിന്റേത് 27.98 രൂപയും. ഇതില്‍ നിന്നാണ് യഥാക്രമം അഞ്ച് രൂപയും പത്ത് രൂപയും കുറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനങ്ങളും തീരുവ കുറയ്ക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഇതോടെ രാജ്യത്താകെ വില കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: