തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ഡോസ് കൊവിഡ് വാക്സിന് എടുത്തവരെ സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാം. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ക്ക് അടച്ചിട്ട മുറികളില്‍ 100 പേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിക്കാനും അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതതു സ്ഥലത്തെ സാഹചര്യം നോക്കി മാത്രം സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിലനിര്‍ത്തിയാല്‍ മതി. കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍.
ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജനറല്‍ വര്‍ക്ക്ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എന്‍ജിനീയറിങ് ഡ്രോയിങ്ങില്‍ പ്രാക്ടിക്കല്‍ ക്ലാസ് നല്‍കുന്നതിനും സ്കൂളുകളില്‍ പ്രവേശിപ്പിക്കും. ഒന്‍പത്, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് എന്‍എസ്ക്യൂഎഫ് സ്കൂള്‍തല പ്രായോഗിക പരിശീലനം നല്‍കുന്നതിനും പ്രാഥമിക പരിശീലന ക്ലാസുകള്‍ നടത്തുന്നതിനും അനുവാദം നല്‍കും. ആവശ്യമുള്ളിടത്ത് പ്രാക്ടിക്കല്‍ ക്ലാസുകളും ആരംഭിക്കാം. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ ഡോക്ടര്‍മാര്‍ സ്കൂളില്‍ സന്ദര്‍ശിച്ച് അതതു ഘട്ടങ്ങളില്‍ പരിശോധിക്കണം.
ഏറെക്കാലത്തിനു ശേഷം സ്കൂളില്‍ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. പൊതുജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ രക്ഷിതാക്കള്‍ കണക്കിലെടുക്കരുത്. ആരോഗ്യമേഖലയില്‍ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: