Categories: India

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി മുഖ്യമന്ത്രിമാര്‍; കര്‍ണാടകയും ഗോവയും ഏഴ് രൂപ സംസ്ഥാന നികുതി കുറച്ചു; ഡീസലിനും പെട്രോളിനും വിലയിടിച്ചു

ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗോവ സര്‍ക്കാരുകളാണ് ഇന്ധന നികുതിയില്‍ ഏഴ് രൂപ കുറച്ചത്. ഇതോടെ വലിയ കുറവാണ് ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാവുക. ഗോവയില്‍ ഡീസലിന് ലിറ്ററിന് 17 രൂപയും പെട്രോള്‍ ലിറ്ററിന് 12 രൂപയും കുറയും.

Published by

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ നിര്‍ദേശം സ്വീകരിച്ച് ബിജെപി സര്‍ക്കാരുകള്‍ സംസ്ഥാന ഇന്ധന നികുതികള്‍ കുറച്ചു. ബിജെപി ഭരിക്കുന്ന കര്‍ണാടക, ഗോവ സര്‍ക്കാരുകളാണ് ഇന്ധന നികുതിയില്‍ ഏഴ് രൂപ കുറച്ചത്. ഇതോടെ വലിയ കുറവാണ് ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാവുക.  ഗോവയില്‍ ഡീസലിന് ലിറ്ററിന് 17 രൂപയും പെട്രോള്‍ ലിറ്ററിന് 12 രൂപയും കുറയും.  

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ അഞ്ചു രൂപയും ഡീസലിന്റെ തീരുവ പത്തു രൂപയുമാണ് കുറച്ചത്. വില കുറച്ചത് രാത്രി പന്ത്രണ്ടിന് പ്രാബല്യത്തിലായിട്ടുണ്ട്. അടുത്തിടെ, ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിരുന്നു.  ഇതേത്തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയും കൂടി.  

കൊവിഡിനു ശേഷം കാര്‍ഷിക, സേവന മേഖലകളില്‍ അടക്കം സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും കാര്യമായ വളര്‍ച്ച ദൃശ്യമായിട്ടുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളും വലിയ തോതില്‍ മെച്ചപ്പെട്ടു. സമ്പദ് വ്യവസ്ഥയ്‌ക്ക് കൂടുതല്‍  കുതിപ്പു പകരാന്‍  വേണ്ടിയാണ് എക്‌സൈസ്  തീരുവ കുറച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യാധിഷ്ഠിത നികുതി കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരണമെന്ന് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

2020 മേയ് അഞ്ച് മുതലുള്ള കണക്ക് പ്രകാരം പെട്രോളിന്റെ എക്‌സൈസ് തീരുവ 37.38 രൂപയായിരുന്നു. ഡീസലിന്റേത് 27.98 രൂപയും. ഇതില്‍ നിന്നാണ് യഥാക്രമം അഞ്ച് രൂപയും പത്ത് രൂപയും കുറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനങ്ങളും തീരുവ കുറയ്‌ക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ഇതോടെ രാജ്യത്താകെ വില കുറയും. ഇന്ധനവിലയിലെ കുറവ് കേരളത്തിനും ആശ്വാസമാകും. അതിനിടെ, കേന്ദ്രം കുറച്ച വിലയ്‌ക്ക് ആനുപാതികമായി സംസ്ഥാനത്തും പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക