ദുബായ്: ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന് വിജയം. ടി 20 ലോകകപ്പ് സൂപ്പര്‍ പന്ത്രണ്ട് ഗ്രൂപ്പ് രണ്ടില്‍ ന്യൂസിലന്‍ഡ് 16 റണ്‍സിന് സ്കോട്ലന്ഡിനെ തോല്‍പ്പിച്ചു. ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്ത ഗുപ്റ്റില്‍ ആറു ഫോറും ഏഴു സിക്സറും അടിച്ചു. കേവലം ഏഴു റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. 56 പന്തില്‍ 93 റണ്‍സുമായി മടങ്ങി.
ഗുപ്റ്റിലിന്റെ മികവില്‍ ന്യൂസിലന്‍ഡ് മുന്നോട്ടുവച്ച 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്ലന്ഡിന് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 156 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സ് എടുത്തു. സ്കോര്‍: ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172. സ്കോട്ലന്ഡ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 156. ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. മൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് നാലു പോയിന്റായി.
ബാറ്റിങ്ങിനയക്കപ്പെട്ട ന്യൂസിലന്‍ഡിന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 52 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ ഡാറില്‍ മിച്ചല്‍ (13), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (0), ഡെവണ്‍ കോണ്‍വേ (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ഗുപ്റ്റിലും ഗ്ലെന്‍ ഫിലിപ്പ്സും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ന്യൂസിലന്‍ഡിനെ മികച്ച സ്കോറിലെത്തിച്ചത്.
നാലാം വിക്കറ്റില്‍ ഗുപ്റ്റിലും ഫിലിപ്പ്സും 105 റണ്‍സ് അടിച്ചെടുത്തു. ഫിലിപ്പ്സ് 37 പന്തില്‍ 33 റണ്‍സ് എടുത്തുപുറത്തായി. ഫിലിപ്പ്സിന് പിന്നാലെ ഗുപ്റ്റിലും കളം വിട്ടു.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്ലന്ഡിനെ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും സ്പിന്നര്‍ ഇഷ് സോധിയും ചേര്‍ന്നാണ് പിടിച്ചുകെട്ടിയത്. ബോള്‍ട്ട് നാല് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും സോധി നാല് ഓവറില്‍ 42 റണ്‍സിന് രണ്ട് വിക്കറ്റും വീഴത്തി. പേസര്‍ ടിം സൗത്തി നാല് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു.
20 പന്തില്‍ 42 റണ്‍സുമായി കീഴടങ്ങാതെ നിന്ന മൈക്കിള്‍ ലീസ്കാണ് സ്കോട്ലന്ഡിന്റെ ടോപ്പ് സ്കോറര്‍. മൂന്ന് ഫോറും അത്രയും തന്നെ സിക്സറും അടിച്ചു. ഓപ്പണര്‍ ജോര്‍ജ് മുന്‍സേ 22 റണ്‍സും റിച്ചി ബെറിങ്ടണ്‍ 20 റണ്‍സും മാത്യു ക്രോസ് 27 റണ്‍സും നേടി. ക്യാപ്റ്റന്‍ കോയ്റ്റ്സര്‍ 17 റണ്‍സിന് പുറത്തായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: