കുമളി: തിമിരമെന്ന് സംശയം, പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കടുവാക്കുട്ടി മംഗളയുടെ കാട്ടിലേക്കുള്ള മടക്കം വൈകും. മംഗളയ്ക്ക് വിദഗ്ധ ചികിത്സ വേണമെന്നും കാഴ്ച തകരാറിന്റെ പ്രശ്നം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പെരിയാര്‍ ഈസ്റ്റ് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കത്തയച്ചു. മംഗളയുടെ സംരക്ഷണത്തിനായുള്ള കമ്മിറ്റി വിദഗ്ധരെ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേകം സജ്ജീകരിച്ച കൂട്ടില്‍ കഴിയുകയാണ് ഒരു വയസ്സ് പ്രായമുള്ള മംഗള. കാഴ്ചയ്ക്ക് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രത്യേക സംഘം കഴിഞ്ഞമാസം പരിശോധനയ്ക്കെത്തുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് ഇത് മാറ്റിവച്ചു. പുതിയ തീയതി തീരുമാനമായിട്ടില്ല.
വയനാട് കേരള വെറ്റിനറി ആന്‍ഡ് യൂണിവേഴ്സിറ്റി എച്ച്ഒഡി ശ്യാം കെ. വേണുഗോപാല്‍, ഡോ. സൂര്യദാസ്, ഫോറസ്റ്റിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ, അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അനുരാജ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. അപൂര്‍വമായി മാത്രമാണ് കടുവ പോലുള്ള വന്യമൃഗങ്ങള്‍ക്ക് തിമിരം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ മംഗളാദേവി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് അവശനിലയില്‍ രണ്ട് മാസം പ്രായമുള്ള പെണ് കടുവാക്കുട്ടിയെ കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: