Categories: Kerala

വിവാഹ ചടങ്ങുകളില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം, ഒരു വാക്‌സിന്‍ എടുത്തവര്‍ക്കും തിയേറ്റുകളില്‍ പോകാം; ഇളവുകള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍

ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാമെന്നാണ് പുതുക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

Published by

തിരുവനന്തപുരം : ഇനിമുതല്‍ വിവാഹ ചടങ്ങുകളിലും മരണചടങ്ങുകളിലും 200 വരെ ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതി. കോവിഡ് വ്യാപനത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പുതുക്കി നല്‍കുകയായിരുന്നു. ഇന്ന് ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം.  

ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാമെന്നാണ് പുതുക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ഇനി മുതല്‍ തിയേറ്ററുകളില്‍ പ്രവേശിക്കാമെന്നും പുതിയ ഇളവുകളില്‍ പ്രതിപാദിക്കുന്നുണ്ട്.  

ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് വാക്‌സിനും എടുത്തിരിക്കണമെന്നത് ഉള്‍പ്പടെ കര്‍ശ്ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ചലച്ചിത്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ ഇന്നത്തെ അവലോകനയോഗത്തില്‍ തീരുമാനമായത്.  

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായി. ഇതുവരെ കാര്യങ്ങള്‍ നല്ല രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി. സ്‌കൂളില്‍ എത്തുന്ന കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തിയറ്ററുകള്‍ വീണ്ടും തുറന്നെങ്കിലും പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിനോദ നികുതിയില്‍ ഇളവ് വേണമെന്ന തിയറ്റര്‍ ഉടമകളുടെ ആവശ്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. അടച്ചുപൂട്ടിയ സമയത്തെ തീയറ്ററുകളിലെ കെഎസ്ഇബി ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് നല്‍കണമെന്നതും മന്ത്രിസഭായോഗം പരിഗണിക്കും.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക