തലശ്ശേരി: കൊടുവള്ളി റെയില്‍വേ മേല്‍പാല നിര്‍മ്മാണത്തിന്റെ ഭാഗമായി അമ്പത്തിമൂന്നുകരിയെ താമസസ്ഥലത്ത് നിന്നും ഇറക്കിവിടാന്‍ ശ്രമം. ആരുടേയും തുണയില്ലാതെ കൂലിപ്പണിചെയ്ത് തനിച്ചു ജീവിക്കുന്ന എന്‍. ഗിരിജക്കാണ് അധികൃതരുടെ കണ്ണുരുട്ടലും അന്ത്യശാസനവും. മേല്‍പ്പാലത്തിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത കൊടുവള്ളി ദേശീയ പാതയോരത്തുള്ള വാടകമുറിയില്‍ ഏറെക്കാലമായി കൂലിപ്പണിയെടുത്ത് ജീവിക്കുകയാണ് ഗിരിജ. അഛനും അമ്മയും നേരത്തെ മരണപ്പെട്ട ഇവര്‍ അവിവാഹിതയാണ്. നിരാലംബയായ താന്‍ തെരുവിലേക്കാണോ പോവേണ്ടത് എന്ന ചോദ്യത്തിന് അതൊന്നും ഞങ്ങളുടെ വിഷയമല്ലെന്നും നിങ്ങള്‍ മാറിപ്പോവണമെന്നുമാണത്രെ ഉദ്യോഗസ്ഥരുടെ ഉത്തരം. വീട്ടുസാധനങ്ങള്‍ നീക്കം ചെയ്ത് കൊണ്ടു പോവാനായി 30,000 രൂപ ലാന്റ് അക്വിസേഷന്‍ വിഭാഗം അനുവദിച്ചിട്ടുണ്ട്.
ഗിരിജയുടെ വാടകവീട് നില്ക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ നഷ്ടപരിഹാര സംഖ്യയായ 35 ലക്ഷം ഇതിനകം വാങ്ങിപ്പോയെന്ന സാങ്കേതികത്വമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പറയാനുള്ളത്. അതിനാല്‍ ഗിരിജ താമസിക്കുന്ന മുറികള്‍ സര്ക്കാരിന്റേതായത്രെ. ഹോട്ടല്‍, മരക്കമ്പനി, പോസ്റ്റ് ഓഫീസ്, മറ്റ് രണ്ട് വീട്ടുകാര്‍ ഉള്‍പ്പെടെ അടുത്തുള്ളവരെല്ലാം ഇതിനകം നഷ്ടപരിഹാരത്തുക വാങ്ങി ഭൂമി വിട്ടു നല്‍കിയിട്ടുണ്ട്. ഗിരിജയെ ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക് പകരം വീടും സ്ഥലവും നല്‍കണമെന്ന് 2018ല്‍ മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റിസ് പി.മോഹന്‍ദാസ് ഉത്തരവിട്ടിരുന്നു. ജില്ലാ കലക്ടര്‍ക്കും ഇതേ നിലപാടായിരുന്നു. എന്നാല്‍ ഇതേ വരെ ഒന്നും നടന്നില്ല.
2014 ലാണ് മേല്‍പ്പാലത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് അന്നേ വരെ ആരും അറിയാതിരുന്ന കോഴിക്കോട്ടെ ജന്മികള് ഗിരിജ തമസിക്കുന്ന മുറികള്‍ക്കും സ്ഥലത്തിനും അവകാശം പറഞ്ഞ് വന്നത്. അതുവരെ നാട്ടില്‍ കാണാത്ത ജന്മിമാരെക്കൊണ്ട് 40 വര്‍ഷത്തെ ഭൂനികുതി ആരോ ഇടപെട്ട് ഒന്നിച്ചടപ്പിച്ചതായി അറിയുന്നു. ഇതിനായി ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം ചെയ്തുവെന്ന് ഗിരിജയും ആരോപിക്കുന്നുണ്ട്. ഏറ്റവും പുതിയ ലാന്റ് അക്വിസേഷന്‍ നിയമപ്രകാരം പകരം വീട് നല്കി മാത്രമേ കുടികിടപ്പുകാരെ ഒഴിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഗിരിജക്ക് വേണ്ടി നിയമസഹായം ചെയ്യുന്ന അഡ്വ. പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ നിരത്തി തലശ്ശേരി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. പുനരധിവാസം ഉറപ്പിക്കാതെ കുടിയാനെ നടുറോഡിലേക്ക് ഇറക്കിവിടുന്നുവെന്ന പരാതി ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍നടപടിക്കായി കേസ് ഡിസംബറിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: