ഹൂസ്റ്റൺ: ഹൂസ്റ്റൺ സാം ഹൂസ്റ്റൺ പാർക്ക്‌വെയിലുള്ള ഹോട്ടലിൽ എട്ടു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനേയും ഇവരുടെ ഇപ്പോഴുള്ള ഭർത്താവിനേയും പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ഇരുവരും ഹോട്ടൽ മുറിയിൽ കിടന്നുറങ്ങുമ്പോൾ മകൻ ബാത്ത്ടബിൽ വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു എന്നാണു പോലിസിനു നൽകിയ മൊഴി.
എന്നാൽ മെഡിക്കൽ എക്സാമിനറുടെ പരിശോധനാഫലം പുറത്തുവന്നതോടെ കുട്ടി മാരകമായ പീഡനമേറ്റാണ് കൊല്ലപ്പെട്ടതെന്നും ഡക്ട് ടേപ്പ് ഒട്ടിച്ചശേഷം പറിച്ചെടുത്ത നെഞ്ചിന്റെ ഭാഗത്തെ തൊലിവരെ വിട്ടുപോയിരുന്നുവെന്നും കാലിലും ദേഹത്തും പരുക്കുണ്ടായിരുന്നുവെന്നും തെളിഞ്ഞു. ഇതോടെയാണ് കയ്‍ല ഹോൾസൺ ഡോർഫിനേയും (24) ഡൊമിനിക്ക് ലൂയിസ് (28) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മാരകമായി പരുക്കേൽപിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ്. ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റ് ചെയ്ത കെയ്‍ലയെ ഡിസംബർ 8 നും ഡൊമിനിക്കിനെ നവംബർ 30നും കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾ ഗോ ഫണ്ട്മി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. തന്റെ മകൾ ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നു കെയ്‍ലയുടെ മാതാവ് പറഞ്ഞു. സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ഇവർ അഭ്യർഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: