കൊച്ചി : മോന്‍സന്റെ പക്കലുണ്ടായിരുന്ന ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയുടെ ഉള്ളടക്കം എന്തായിരുന്നുവെന്നത് ഓര്‍ക്കുന്നില്ലെന്ന് ഡോ. എം.ആര്. രാഘവവാര്യര്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെ നല്കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മോന്‍സന്റെ വീട്ടിലെത്തിയാണ് താന്‍ ചെമ്പോല വായിച്ചത്. എന്നാല്‍ അതില്‍ എന്താണ് എഴുതിയിരുന്നതെന്ന് ഓര്‍മ്മയില്ലെന്നാണ് രാഘവ വാര്യര്‍ അറിയിച്ചത്. ചരിത്ര താല്പര്യം ഉള്ളതുകൊണ്ടാണ് ഈ ചെമ്പോല വായിക്കാന്‍ താന്‍ പോയതെന്നും രാഘവവാര്യര് അറിയിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് രാഘവവാര്യരുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
മോന്‍സന്റെ പക്കലുണ്ടായിരുന്ന ചെമ്പോല ശബരിമല ആചാരവുമായി ബന്ധപ്പെട്ടതാണെന്ന നിലയില്‍ പ്രചരിപ്പിച്ചത് വ്യാജമായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഘവ വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വിവാദമായ സമയത്താണ് ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട ചെമ്പോല കൈവശമുണ്ടെന്ന് മോന്സന് 24 ന്യൂസ് വഴി അറിയിക്കുന്നത്. പിന്നീടിത് മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
ചെമ്പോല വ്യാജമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് നല്കിയാല് കേസെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് തൃശ്ശൂരിലെ ആര്‍ക്കിയോളജി ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: