ന്യൂദല്‍ഹി: കഴിഞ്ഞ കുറച്ചു മാസങ്ങളായി വൈദ്യുത വാഹനങ്ങളുടെ (ഇവി) രജിസ്ട്രേഷന് ദല്‍ഹിയില്‍ കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇവ വാങ്ങുന്നതിനുള്ള സബ്സിഡി ദല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. ദല്‍ഹി സര്‍ക്കാരിന്റെ വൈദ്യുത വാഹന നയത്തിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു ഇത്. ഈ പദ്ധതി ഇനി നീട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആദ്യം ആരംഭിച്ച സംസ്ഥാന ഇവി പോളിസി അനുസരിച്ച്, സംസ്ഥാനത്ത് ആദ്യം വാങ്ങുന്ന ആയിരം ഇലക്ട്രിക് കാറുകള്‍ക്കാണ് സബ്സിഡി വാഗ്ദാനം ചെയ്തിരുന്നത്. ഇവി കാറുകള്‍ക്ക് ഒരു കെഡബ്ല്യുഎച്ച് ബാറ്ററിക്ക് 10,000 രൂപ വെച്ചാണ് സബ്സിഡി നിശ്ചയിച്ചത്. ഒരു വാഹനത്തിന് മൊത്തം ആനുകൂല്യം 1.5 ലക്ഷം രൂപയായും പരിമിതപ്പെടുത്തിയിരുന്നു. ഈ വാഹനങ്ങളുടെ റോഡ് നികുതി, രജിസ്ട്രേഷന് ഫീസ് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക്, സബ്സിഡി തുക ഒരു കെഡബ്ല്യുഎച്ച് ബാറ്ററി കപ്പാസിറ്റിക്ക് 5000 രൂപയാണ്. പരമാവധി ആനുകൂല്യം 30,000 രൂപയും.
ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 1.5 ലക്ഷം വാഹനങ്ങളില്‍ 7,869 വാഹനങ്ങളും ഇലക്ട്രിക് ആണ്. മൊത്തം വാഹനങ്ങളുടെ ഏഴ് ശതമാനമാണിത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 22,805 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ കഴിഞ്ഞ നാല് മാസത്തിനിടെ ദല്‍ഹിയുടെ മൊത്തം ഇവി രജിസ്ട്രേഷന് 31,000 ആയി.
യഥാര്‍ത്ഥത്തില്‍ ഇവി കാറുകള്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡിയുടെ ആവശ്യമില്ല. കാരണം ഒരു വാഹനത്തിന് ഏകദേശം 15 ലക്ഷം രൂപ കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് സബ്സിഡി കൂടാതെ ഒന്നോ രണ്ടോ ലക്ഷം രൂപ കൂടുതലാണെങ്കില്‍ അതവര്‍ക്ക് വല്യ കാര്യമല്ല. സബ്സിഡി ഏറ്റവും ആവശ്യമുള്ളവര്‍ക്ക് നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഓട്ടോ ഡ്രൈവര്‍മാര്‍, ഇരുചക്രവാഹന ഉടമകള്‍, ഡെലിവറി പങ്കാളികള്‍ തുടങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുന്നത്.- മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: