ആര്‍പ്പൂക്കര: ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം ശസ്ത്രക്രിയാ തീയേറ്റര്‍ അടച്ച് ചികിത്സ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. നേത്രരോഗ വിഭാഗം ശസ്ത്രക്രിയ തീയേറ്റര്‍ കഴിഞ്ഞ ആറുമാസക്കാലമായി അടച്ചിട്ട് മെഡിക്കല്‍ കോളേജിലെത്തുന്ന നേത്രരോഗികളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ധര്‍ണയും നടന്നത്. ബിജെപി സംസ്ഥാന സമിതി അംഗം കെ.ജി രാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു.
ശസ്ത്രക്രിയാ തീയേറ്റര്‍ ചോര്ന്നൊലിക്കുന്നതിനാലാണ് ശസ്ത്രക്രിയകള്‍ നടത്താതെ അടച്ചിട്ടതെന്നാണ് അധികൃത വിശദീകരണം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ രോഗികളാണ് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നത്. അവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ലാബ് പരിശോധനകള്‍ക്കും സ്വകാര്യ പരിശോധന കേന്ദ്രങ്ങളെ തന്നെ ആശ്രയിക്കണം. സാധാരണക്കാരായ സംബന്ധിച്ച് ഇത് പ്രയാസമാണ്. ഇതിന് പരിഹാരം കാണുന്നില്ലെന്നും രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമ്പോള്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ഡോക്ടര്‍മാരും ഏജന്റുമാരുമായി ചേര്‍ന്ന് രോഗികളുടെ ബന്ധുക്കളില്‍ നിന്നും അമിത വില ഈടാക്കുകയും കമ്മീഷന് കൈപ്പറ്റുന്നതായും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെ എല്ലാ ജില്ലകളിലും താലൂക്ക് ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മിച്ചു നല്കാന് മോദി സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നേത്രരോഗ ശസ്ത്രക്രിയാ വിഭാഗം നവീകരിക്കാന്‍ കേരള സര്‍ക്കാരിനു കഴിയുന്നില്ലെന്നും കെ.ജി രാജ് മോഹന്‍ പറഞ്ഞു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജിത്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍, ജില്ലാ സെക്രട്ടറി അശ്വിന്, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രജിത്ത്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നന്ദന് നട്ടാശ്ശേരി, കുസുമാലയം ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: