Categories: Astrology

മഹിതഭാവങ്ങളുടെ മകം

ചിങ്ങം രാശിയില്‍ വരുന്ന നക്ഷത്രമാണ് മകം. അതിനാല്‍ ഈ നാളുകാരെ ചിങ്ങക്കൂറുകാര്‍ എന്നുപറയുന്നു. രാശിചക്രത്തില്‍ 120 ഡിഗ്രി മുതല്‍ 133 ഡിഗ്രി 20 മിനിറ്റു വരെയാണ് മകം നക്ഷത്രമണ്ഡലത്തിന്റെ വ്യാപ്തി. ചന്ദ്രന്‍ ഈ നക്ഷത്രമണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ജനിക്കുന്നവരെയാണ് മകം നാളുകാര്‍ എന്നു വിളിക്കുന്നത്. ഇവരുടെ ഗ്രഹനിലയില്‍ ചിങ്ങം രാശിയില്‍ ചന്ദ്രനെ (ച) അടയാളപ്പെടുത്തും. നവാംശക ചക്രത്തില്‍ മകത്തിന്റെ ഒന്നാംപാദം മേടം രാശിയിലും രണ്ടാംപാദം ഇടവം രാശിയിലും മൂന്നാം പാദം മിഥുനം രാശിയിലും നാലാം പാദം കര്‍ക്കടകം രാശിയിലും ആയി വരുന്നു.

Published by

എസ് ശ്രീനിവാസ അയ്യര്‍

ചിങ്ങം രാശിയില്‍ വരുന്ന നക്ഷത്രമാണ് മകം. അതിനാല്‍ ഈ നാളുകാരെ ചിങ്ങക്കൂറുകാര്‍ എന്നുപറയുന്നു. രാശിചക്രത്തില്‍ 120 ഡിഗ്രി മുതല്‍ 133 ഡിഗ്രി 20 മിനിറ്റു വരെയാണ് മകം നക്ഷത്രമണ്ഡലത്തിന്റെ വ്യാപ്തി. ചന്ദ്രന്‍ ഈ നക്ഷത്രമണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ജനിക്കുന്നവരെയാണ് മകം നാളുകാര്‍ എന്നു വിളിക്കുന്നത്. ഇവരുടെ ഗ്രഹനിലയില്‍ ചിങ്ങം രാശിയില്‍ ചന്ദ്രനെ (ച) അടയാളപ്പെടുത്തും. നവാംശക ചക്രത്തില്‍ മകത്തിന്റെ ഒന്നാംപാദം മേടം രാശിയിലും രണ്ടാംപാദം ഇടവം രാശിയിലും മൂന്നാം പാദം മിഥുനം രാശിയിലും നാലാം പാദം കര്‍ക്കടകം രാശിയിലും ആയി വരുന്നു.   

ഗ്രഹചക്രവര്‍ത്തിയായ ആദിത്യന്റെ സ്വക്ഷേത്രവും മൂലത്രികോണരാശിയുമാണ് ചിങ്ങം. ആദിത്യന്റെ സ്വപ്രകാശത്വവും സ്വാശ്രയത്വവും സര്‍വ്വാധികാരത്വവും ചിങ്ങക്കൂറുകാരില്‍ ഏതെങ്കിലും വിധത്തിലൊക്കെ, മനുഷരുടെ മട്ടിലും ഭാവത്തിലും പ്രകടമായിരിക്കും. എത്ര അമര്‍ത്താന്‍ ശ്രമിച്ചാലും ചിലപ്പോള്‍ ‘ഞാനെന്നഭാവം’ ഏറിനില്‍ക്കും. അങ്ങനെ ചില നിറഭേദങ്ങളും കൂടി പ്രതീക്ഷിക്കാം. പോരെങ്കില്‍ മൃഗേന്ദ്രനായ സിംഹമാണ് ചിങ്ങം രാശിയുടെ സ്വരൂപവും. ഭരിക്കാന്‍ ജനിച്ചവരാണെന്ന മട്ടുണ്ടാവും. ഉഗ്രശാസനക്കാരാവും. പഴയ ഭാഷയില്‍ പറഞ്ഞാല്‍ ‘കല്പന കല്ലു പിളര്‍ക്കും’. സുഗ്രീവാജ്ഞക്കാര്‍ എന്നു വിശേഷിപ്പിച്ചാലും അധികമാവില്ല. മകം, പൂരം, ഉത്രം ഒന്നാം പാദം എന്നിവ മൂന്നുമാണ് ചിങ്ങക്കൂറിലെ നക്ഷത്രങ്ങള്‍.  

മകം നാളിന്റെ ദേവത പിതൃക്കളാണ്. ആകയാല്‍ പൊതുവേ ഇവര്‍ പിതൃഭക്തരും പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരും ഭൂതകാലത്തെ സ്‌നേഹിക്കുന്നവരുമായിരിക്കും. നാഗരികതയുടെ നെറുകയില്‍ കയറിയാലും പോയകാലത്തില്‍ മനസ്സുകൊണ്ട് മുഴുകും. നക്ഷത്രദേവത പിതൃക്കളാകയാല്‍ താതം, ജനകം, പിതാ തുടങ്ങി അച്ഛനെ കുറിക്കുന്ന പദങ്ങള്‍ മകം നാളിനെ വിശേഷിപ്പിക്കാന്‍ സ്വീകരിക്കുന്നു.  ‘മഘാ’ എന്നുള്ള സംസ്‌കൃത പദമാണ് മലയാളത്തില്‍ മകമായത്.    

നുകം/കലപ്പ ആണ് മകത്തിന്റെ സ്വരൂപം. മകം നാളുകാര്‍ക്ക് കൃഷിയില്‍ വിജയിക്കാനാവുമെന്നതിന്റെ സൂചനയായി അതിനെ കൈക്കൊള്ളാം. പാശ്ചാത്യരുടെ കാഴ്ചപ്പാടില്‍  ‘സിംഹാസനം’ ആണ് മകത്തിന്റെ ആകൃതി. അത് അധികാര പ്രതീകമാണല്ലോ. തൊഴില്‍ രംഗത്തും കൂട്ടായ്മകളിലും മകം നാളുകാര്‍ എളുപ്പം അംഗീകരിക്കപ്പെടുന്നു. പദവികളും സ്ഥാനലബ്ധികളും വേഗത്തില്‍ കൈവരുന്നു. വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ കൂട്ടുകാരും അനുയായികളും കുടുംബാംഗങ്ങളും സന്നദ്ധരാവുന്നു. ജന്മായത്തമാണ് നേതൃസിദ്ധി എന്നു ചുരുക്കം.  

ഗണ്ഡാന്തം മകം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിനുണ്ട്. ഗണ്ഡാന്തത്തില്‍ ജനിക്കുന്നത് തനിക്കും കുടുംബാംഗങ്ങള്‍ക്കും ദോഷപ്രദമത്രെ!  ഇതില്‍ തന്നെ നക്ഷത്രത്തിന്റെ തുടക്കത്തിലെ നാലുനാഴികയ്‌ക്കാണ് ദോഷാധിക്യമെന്നും പറയപ്പെടുന്നു. ശിവഭജനത്തിലൂടെ ദോഷശാന്തിയുണ്ടാകും. ഗണ്ഡാന്തദോഷം  ഭവിക്കണമെങ്കില്‍ മറ്റു ചിലകാര്യങ്ങള്‍ കൂടി ഒത്തുവരണം. വാരം, തിഥി, യോഗം, കരണം, ലഗ്‌നം എന്നിങ്ങനെ. അതിനാല്‍ മകം ഒന്നാംപാദത്തിന് ഗണ്ഡാന്തമുണ്ടെങ്കിലും അതിന്റെ അനുഭവതീവ്രത മറ്റു ഘടകങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്നതാണ് ഉണ്‍മ. ഗണ്ഡാന്തം എന്നത് മുഹൂര്‍ത്തവര്‍ജ്യമായ നവദോഷങ്ങളിലും ഉള്‍പ്പെടുന്നുണ്ട്.    

സൃഷ്ടി നക്ഷത്രങ്ങളില്‍ ഒന്നാണ് മകവും. അതിനാല്‍ ഈ നാളുകാരുടെ മനസ്സ് സര്‍ഗാത്മകവും ക്രിയാപരതയോടു കൂടിയതുമായിരിക്കും. മകം  പുരുഷ നക്ഷത്രം, കുല നക്ഷത്രം, അസുരഗണനക്ഷത്രം എന്നീ വിഭാഗങ്ങളിലും ഉള്‍പ്പെടുന്നു.  മകത്തിന്റെ നക്ഷത്രവൃക്ഷം പേരാല്‍. പക്ഷി ചകോരം. മൃഗം ചുണ്ടെലി.  നക്ഷത്രഭൂതം ജലം. അംഗിരസ് ഗോത്രത്തില്‍ വരുന്ന നക്ഷത്രവുമാണ്.    

മകം നാളുകാരുടെ ജനനം കേതുദശയിലാകുന്നു. കേതുദശ ആകെ ഏഴുവര്‍ഷമാണ്. നക്ഷത്രം തുടങ്ങുന്ന വേളയില്‍ തന്നെ ജനിക്കുകയാണെങ്കില്‍ മാത്രമേ കേതുദശയുടെ ഏഴു വര്‍ഷവും അനുഭവത്തില്‍ എത്തുകയുള്ളു. ഉദാഹരണത്തിന് മകം നാലാം  പാദത്തില്‍ ജനിക്കുകയാണെങ്കില്‍ കേതുദശയുടെ നാലിലൊന്നായ  (ഏഴുവര്‍ഷത്തിന്റെ കാല്‍ഭാഗമായ) ഒന്നേമുക്കാല്‍ വര്‍ഷമാവും  പരമാവധി ലഭിക്കുക. ജാതകം എഴുതിയിട്ടുണ്ടെങ്കില്‍ അതില്‍ ആദ്യദശാശിഷ്ടം അഥവാ ജന്മദശാശിഷ്ടം എത്രവര്‍ഷം, എത്രമാസം, എത്രദിവസം എന്നകാര്യം രേഖപ്പെടുത്തിയിട്ടുണ്ടാവും.        

രണ്ടാം ദശ ശുക്രദശ (20 വര്‍ഷം), മൂന്നാം ദശ സൂര്യദശ (6 വര്‍ഷം), നാലാം ദശ ചന്ദ്രദശ (10 വര്‍ഷം), അഞ്ചാം ദശ ചൊവ്വാദശ (7 വര്‍ഷം), ആറാംദശ രാഹുദശ (18 വര്‍ഷം), ഏഴാം ദശ വ്യാഴദശ (16 വര്‍ഷം), എട്ടാംദശ ശനിദശ (19 വര്‍ഷം), ഒമ്പതാംദശ ബുധദശ (17 വര്‍ഷം) എന്നിങ്ങനെയാണ് മകം നാളുകാരുടെ ദശാവിന്യാസം. ദശാവര്‍ഷങ്ങള്‍ കൂട്ടിയാല്‍ ആകെ 120 വര്‍ഷം വരുമെന്നതിനാല്‍ ഇതിനെ ‘വിംശോത്തരീ ദശാ പദ്ധതി’ എന്നു പറയുന്നു. പാരാശരീ, നക്ഷത്രദശാ പദ്ധതി തുടങ്ങിയ പേരുകളുമുണ്ട്. കേരളത്തില്‍ സാര്‍വ്വത്രികമായി പ്രചാരത്തിലുള്ളത് ഈ ദശാവിധാനമാണ്. ഓരോ ദശയിലെയും സൂക്ഷ്മാനുഭവങ്ങള്‍ ഗ്രഹനിലയുടെ വിശദമായ പരിശോധനയിലൂടെ ഒരു ദൈവജ്ഞന് വ്യക്തമാവും. ഓരോ ദശയുടെ ഉള്ളിലും അപഹാരം, ഛിദ്രം, സൂക്ഷ്മദശ, പ്രാണദശ തുടങ്ങിയ പല അടരുകളുമുണ്ട്.  

മകം ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രമാണല്ലോ. അപ്പോള്‍ മീനം രാശി ചന്ദ്രാഷ്ടമരാശി. ശുഭകാര്യങ്ങള്‍ക്ക് മീനംരാശി വര്‍ജിക്കേണ്ടതാണ്. അതിലെ നക്ഷത്രങ്ങള്‍  പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി എന്നിവ ചിങ്ങക്കൂറുകാര്‍ ശുഭകാര്യങ്ങള്‍ക്ക് ഒഴിവാക്കേണ്ടതാണ്. ഉത്രം, ചിത്തിര, വിശാഖം എന്നിവ 3, 5, 7 നാളുകള്‍ ആകയാല്‍ ആ നക്ഷത്രങ്ങള്‍ വരുന്ന ദിനങ്ങളിലും കരുതല്‍ വേണം. മകവും രേവതിയും പരസ്പര വേധനക്ഷത്രങ്ങളാകയാല്‍ ആ നക്ഷത്രവും മംഗള കാര്യങ്ങള്‍ക്കും മറ്റും മകം നാളുകാര്‍ ഒഴിവാക്കുന്നതാവും സമുചിതം.    

മകം നാളുകാര്‍ ശ്രേയസ്സിനായി  പിതൃകര്‍മ്മങ്ങള്‍ മുടങ്ങാതെ ചെയ്യേണ്ടതുണ്ട്. ആദിത്യഭജനം, ശിവഭജനം എന്നിവയും നന്മയിലേക്ക് നയിക്കും. നക്ഷത്രനാഥനായ കേതുവിന്റെ ദേവതയായ ഗണപതിയെ ഭജിക്കുന്നതും ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുന്നതും കരണീയ കര്‍മ്മങ്ങള്‍.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by