‘ഭ്രാന്ത് ശ്രീദേവി ചേച്ചിക്കല്ല. എനിക്കായിരുന്നു’ മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ കാട്ടുപറമ്പന്റെ (കുതിരവട്ടം പപ്പു) ചോദ്യമുണ്ടല്ലോ. അതിന് ഗംഗ (ശോഭന) നല്കിയ മറുപടിയാണ് ആദ്യം കുറിച്ചത്. ചെറിയാന് ഫിലിപ്പിനെ ഓര്‍ത്തപ്പോഴാണ് മണിച്ചിത്രത്താഴിലെ രംഗവും തെളിഞ്ഞുവന്നത്. ചെറിയാന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിട്ടുണ്ട്. ”ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായി മാറിയപ്പോള്‍ തന്നെ ഞാന്‍ ഒരു രാഷ്ട്രീയ ഭ്രാന്തനായിത്തീര്‍ന്നു. അതുകൊണ്ടാണ് രാഷ്ട്രീയ കാര്യങ്ങളില്‍ കമ്പം വളര്‍ന്നത്. ഊണിലും ഉറക്കത്തിലും രാഷ്ട്രീയം തന്നെ ചിന്ത. വിദ്യാര്‍ഥി ജീവിതം തീര്‍ന്നപ്പോള്‍ രാഷ്ട്രീയമല്ലാതെ മറ്റൊരു പണിയും ഉണ്ടായിരുന്നില്ല.”
എഴുത്തിന്റെ വഴിയേ നീങ്ങിയപ്പോഴുള്ള ചെറിയാന്റെ വരികളിലാണിങ്ങനെ പ്രസ്താവിക്കുന്നത്. അതിനുശേഷം പലവഴി സഞ്ചരിച്ച് ഒടുവിലത്തെ നിലപാടു കാണുമ്പോള്‍ സ്വാഭാവികമായും തോന്നും ആര്‍ക്കായിരിക്കാം ഭ്രാന്ത് എന്ന്. ചെറിയാന് കോണ്‍ഗ്രസ് വിട്ടുപോയതിന് താനും കാരണമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇപ്പോള്‍ രക്ഷിതാവെന്ന് വിശേഷിപ്പിച്ച എ.കെ.ആന്റണിയും പറഞ്ഞു ചെറിയാനെ പരിഗണിക്കുന്നതില്‍ തെറ്റുപറ്റിയെന്ന്. എന്നാലും ആന്റണി ഒഴിയുമ്പോള്‍ രാജ്യസഭാ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യത്തിന് അനുകൂലമായി പ്രതികരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ചെറിയാന് ഒരു ചെറിയ മീനല്ലെന്ന് ആന്റണിയുടെ വാക്കുകള്‍ തന്നെ ഉദാഹരണം. അടിയന്തരാവസ്ഥക്കെതിരെ ഗുവാഹത്തി എഐസിസിയില്‍ നടത്തിയ പ്രസംഗം പുറംലോകത്തെ അറിയിച്ചത് ചെറിയാന്റെ ധീരമായ നടപടിയെന്നാണ് ആന്റണി വിശദീകരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അത്തരമൊരു വാര്‍ത്ത നല്കാന് അപാരമായ കരുത്തുതന്നെ വേണം. ചെറിയാന് ഫിലിപ്പിന് 22 വയസ്സുള്ളപ്പോഴാണ് എഐസിസി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ‘വീക്ഷണം’ ലേഖകനെന്ന പേരില്‍ പത്രാധിപര്‍ സി.പി. ശ്രീധരന് അയയ്ക്കുന്നത്. അത് ആന്റണിയുടെ താല്പര്യ പ്രകാരമാകാനാണ് സാധ്യത. ആന്റണിയുടെ പ്രസംഗം എല്ലാവരേയും അമ്പരിപ്പിച്ചിരുന്നു. വാര്‍ത്ത പുറം ലോകത്തെ അറിയിച്ച ധീരതയാണ് ആന്റണി എടുത്തുകാട്ടിയത്.
ചെറിയാന് ഫിലിപ്പിന്റെ മടങ്ങി വരവ് കോണ്‍ഗ്രസിന് ഊര്‍ജം പകരുമെന്ന്, എ.കെ. ആന്റണി പറയുന്നു. 20 വര്‍ഷം സിപിഎമ്മില്‍ ഉണ്ടായിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തില്ലെന്നത് എടുത്തു പറയേണ്ട കാര്യമാണ്. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യത്തില്‍ ചെറിയാന് ഫിലിപ്പിനെ പോലുളളവരുടെ തിരിച്ചുവരവ് അണികള്‍ക്ക് ആവേശം പകരും. ചെറിയാനെ കോണ്‍ഗ്രസ് നേതാക്കളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസിന് പെട്ടെന്ന് തിരിച്ചുവരവില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസ് പ്രതീക്ഷ വച്ചുപുലര്‍ത്തിയ ഇലക്ഷന് തന്ത്രജ്ഞനല്ലെ പ്രശാന്ത്?. ‘തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ആവുകയാണ്. കോണ്‍ഗ്രസിന്റെ ആദ്യ 40 വര്‍ഷം പോലെ. ബിജെപി എങ്ങും പോകില്ല. ഇന്ത്യയില്‍ 30 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാല്‍ പിന്നെ തിടുക്കത്തില്‍ കളത്തിനു പു
റത്തുപോകില്ല. അതുകൊണ്ട് രോഷാകുലരായ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നു പുറത്താക്കുമെന്നു പറയുന്ന കെണിയില്‍ നിങ്ങള്‍ വീഴരുത്. ഒരുപക്ഷേ മോദിയെ അവര്‍ പുറത്താക്കിയേക്കാം. പക്ഷേ ബിജെപിയെ പുറത്താക്കാന്‍ സാധിക്കില്ല. അവര്‍ ഉറപ്പായിട്ടും ഇവിടെ കാണും.’– പ്രശാന്ത് കിഷോര്‍ പറഞ്ഞു. അതെന്തുമാകട്ടെ.
മുഖ്യമന്ത്രിയുടെ നെതര്‍ലാന്‍ഡ് സന്ദര്‍ശനത്തെ അടക്കം കുറ്റപ്പെടുത്തി സംസ്ഥാനത്തെ ദുരന്തനിവാരണത്തെ വിമര്‍ശിച്ച്, ഫേസ്ബുക്ക് പോസ്റ്റ് കൂടെ ഇട്ടതോടെ അനുനയത്തിനുള്ള ശ്രമങ്ങള്‍ ഇടത് മുന്നണി അവസാനിപ്പിച്ചു. ഏറ്റവും ഒടുവിലത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ചെറിയാനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചു. സ്ഥാനങ്ങളല്ല അഭിമാനവും അസ്തിത്വവുമാണ് മുഖ്യമെന്നാണേ ചെറിയാന് പറയുന്നത്.
സിപിഎമ്മില്‍ നിന്നപ്പോള്‍ തന്റെ രാഷ്ട്രീയ വ്യക്തിത്വം നഷ്ടപ്പെട്ടെന്ന് ചെറിയാന് വിശദീകരിക്കുന്നു. രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നില്‍ക്കുന്നതിന് ഇടതുപക്ഷ സഹവാസം ശരിയല്ലെന്ന തിരിച്ചറിവുണ്ടായതുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നതെന്നും ചെറിയാന്. ഒരഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനെക്കാള്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യം. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാള്‍ക്ക് കോണ്‍ഗ്രസിലെന്നതുപ്പോലെ സിപിഎമ്മില്‍ തുടരാന്‍ സാധിക്കില്ല. സിപിഎം രാഷ്ട്രീയമായി പലതിനും ഉപയോഗപ്പെടുത്തിയെങ്കിലും രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്നും താന്‍ പുറത്തായി. സുരക്ഷിതമായ സീറ്റ് വേണമെന്നാവശ്യപ്പെട്ടിട്ടും കിട്ടിയില്ല. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് ജീവിക്കാനോ മരിക്കാനോ എന്ന സംശയവും ചെറിയാന്റെ വാക്കുകളില്‍ മുഴച്ചുനിന്നു. കോണ്‍ഗ്രസില്‍ കരുണാകരനെയും ആന്റണിയെയും വിമര്‍ശിക്കാം. സിപിഎമ്മില്‍ അത് പറ്റില്ല. വിമര്‍ശിച്ചാല്‍ എകെജി സെന്ററിന്റെ പടി ചവിട്ടാന്‍ സാധിക്കില്ല. തന്റെ പുസ്തക രചനകള്‍ പൂര്‍ത്തിയാക്കണം. അത് സിപിഎമ്മില്‍ നിന്നുകൊണ്ട് സാധിക്കില്ല. ചെറിയാന് പറയുന്നു. ഇത് നേരത്തെ അറിയാത്തതല്ലല്ലോ. എന്നിട്ടും എടുത്തുചാടിയതല്ലെ അബദ്ധം!
ഏതായാലും മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ എന്ന അവസ്ഥയിലെത്തി. ഇനി അനുഭവിക്കുക തന്നെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: