കൊല്‍ക്കൊത്ത: ബംഗാളില്‍ നാല് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ വിജയത്തിന്റെ പിന്നിലെ കാരണം തുറന്നുകാട്ടി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്. നാലിടത്തും വോട്ടിംഗ് ദിനത്തില്‍ എല്ലാം നിയന്ത്രിച്ചത് പൊലീസായിരുന്നുവെന്നും ഏകപക്ഷീയമായി അവര്‍ അനുകൂലമായി വോട്ട് ചെയ്യിച്ചെന്നും ദിലീപ് ഘോഷ് ആരോപിച്ചു.
നേരത്തെ രണ്ട് സീറ്റുകളില്‍ നിയമസഭാ പൊതു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി ജയിച്ചിരുന്നതാണ്. ഈ രണ്ട് സിറ്റിംഗ് സീറ്റുകള്‍ തൃണമൂല്‍ പിടിച്ചെടുത്തു. ‘ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കാറോ മൈക്കോ താമസസ്ഥലമോ ഉപതെരഞ്ഞെടുപ്പില്‍ അനുവദിച്ചില്ല. വോട്ടിംഗ് പൊലീസ് തന്നെയാണ് പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത്. അത് ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല, പകരം ഒരു പാര്‍ട്ടിക്ക് മാത്രം ഗുണം ലഭിക്കുന്ന രീതിയിലായിരുന്നു,’- ദിലീപ് ഘോഷ് പറഞ്ഞു.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കൂച് ബീഹാറിലെ ദിന്‍ഹാത, നദിയ ജില്ലയിലെ ശാന്തിപൂര്‍ സീറ്റുകളില്‍ വിജയിച്ചു. ഈ രണ്ടു മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച മണ്ഡലങ്ങളാണ്. അതേ സമയം ഖാര്‍ദ, ഗൊസാബ മണ്ഡലങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെ തൃണമൂല്‍ സീറ്റ് നിലനിര്‍ത്തി. ഇവിടെ ഭൂരിപക്ഷം കൂടിയതിന് പിന്നിലും പൊലീസിന്റെ ഇടപെടലാണെന്ന് ദിലീപ് ഘോഷ് ആരോപിച്ചു. ഇതോടെ ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ സീറ്റുകള്‍ 294ല്‍ 215 ആയി ഉയര്‍ന്നു. ബിജെപിയുടെ ബലം 77ല്‍ നിന്നും 75 ആയി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: