മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 1000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1998ലെ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്സാക്ഷന് നിയമ്രകാരമാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.
അജിത് പവാറുമായി ബന്ധമുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്വത്തുക്കളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. നരിമാന് പോയിന്റിലെ നിര്‍മല്‍ ടവര്‍, ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി ഉള്‍പ്പടെ അഞ്ച് സ്ഥലങ്ങളിലെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഇതില്‍ പഞ്ചസാര ഫാക്ടറിക്ക് മാത്രം 600 കോടി മൂല്യമാണ് കണക്കാക്കുന്നത്.
ഇതിന് പുറമേ മഹാരാഷ്ട്രയിലെ 27 വസ്തുവകകളും ആദായനികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. ഈ ഭൂമിയുടെ മൊത്തം മൂല്യം 500 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഈ സ്വത്തുക്കളെല്ലാം അജിത് പവാറിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് കരുതുന്നത്.
ഇടപാടുകള്‍ തെളിയിക്കാന്‍ 90 ദിവസമാണ് അജിത് പവാറിന് അനുവദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖ് അറസ്റ്റിലായിരുന്നു. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യംതന്നെ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: