മുംബൈ: എന്‍സിപി നേതാവ് ശരത്പവാറിന്റെ വലംകൈയും മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. 12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യത്തില്‍ ഭരിക്കുന്ന മഹാരാഷ്ട്രയിലെ മഹാവികാസ് അഘാദി സര്‍ക്കാരിന് വന്‍തിരിച്ചടിയാണ് ഇഡിയുടെ ഈ നീക്കം.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അനില്‍ ദേശ്മുറിന്റെ അറസ്റ്റ് നടന്നത്. നേരത്തെ മുംബൈയിലെ 1750 ബാറുകളില്‍ നിന്നും മാസം തോറും 100 കോടി വീതം പിരിക്കാന്‍ അന്നത്തെ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന പരംബീര്‍ സിംഗിനോട് നിര്‍ദേശം നല്കിയ കേസ് വിവാദമായതിനെത്തുടര്‍ന്ന് അനില്‍ ദേശ്മുഖ് ആഭ്യന്തരമന്ത്രിപദം ഒഴിയുകയായിരുന്നു. പരംബീര്‍ സിംഗ് തന്നെയാണ് അനില്‍ ദേശ്മുഖിനെതിരെ പണം പിടുങ്ങുന്നുവെന്ന ആരോപണം ഉന്നയിച്ചത്. അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നല്കിയ കത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. പരംബീര്‍ സിംഗ് ഇപ്പോള്‍ ഒളിവിലാണ്. മുംബൈ പൊലീസ് പരംബീറിന് വേണ്ടിയുള്ള അന്വേഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇഡിയ്ക്ക് മുന്നില്‍ തിങ്കളാഴ്ച അനില്‍ ദേശ്മുഖ് ഹാജരായത്. നേരത്തെ പല തവണ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അനില്‍ ദേശ്മുഖ് ഒഴിഞ്ഞുമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: