ഇരിട്ടി: ആറളം ഫാമില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചെത്ത് തൊഴിലാളികള്‍ക്ക് നേരെ കാട്ടാന അക്രമം. ബൈക്കുപേക്ഷിച്ച് ഓടിയതിനാല്‍ ഇരുവരും ആനയുടെ മുന്നിലകപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ബൈക്ക് കാട്ടാന തകര്‍ത്തു. ഫാമിലെ ചെത്തു തൊഴിലാളികളായ ഏറണാകുളം അങ്കമാലി സ്വദേശി വി.എ. ബിനോയി (38), കെ.എന്‍. സജീവന് (53), എന്‍.വി. ഷാജി (52) എന്നിവരാണ് ആനയുടെ മുന്നില്‍പ്പെട്ടത്.
ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. തെങ്ങ് ചെത്തുന്നതിനായി ഫാമിന്റെ രണ്ടാം ബ്ലോക്കില്‍ നിന്നും ഒന്നാം ബ്ലോക്കിലേക്ക് പോവുകയായിരുന്നു ഇവര്‍. രണ്ടില്‍ നിന്നും ഒന്നിലേക്ക് പ്രവേശിക്കുന്ന റോഡരികില്‍ കാട്ടിനുള്ളില്‍ മറഞ്ഞു നില്‍ക്കുകയായിരുന്നു ആന. റോഡരികില്‍ വീണ മരക്കൊമ്പ് മാറ്റാനുള്ള ശ്രമത്തിനിടെ കാട്ടിനുള്ളില്‍ മറഞ്ഞുനിന്ന കാട്ടാന ചിഹ്നം വിളിച്ച് ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
മുന്നിലെ ബൈക്കില്‍ സഞ്ചരിച്ച ബിനോയിയുടെ ബൈക്ക് പിടിച്ചെടുത്ത ആന ബൈക്ക് ചവിട്ടി തകര്‍ത്തു. ബൈക്ക് കിട്ടിയതിനാലാണ് ബിനോയ് ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിനിടയില്‍ പിന്നില്‍ ബൈക്കില്‍ വരികയായിരുന്ന സജീവനും ഷാജിയും ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. അടുത്തിടെ വന്യജീവി സങ്കേതത്തില്‍ നിന്നും ഫാമിനുള്ളിലേക്കെത്തിയ മോഴയാനയാണ് മേഖലയില്‍ ഭീതി പരത്തുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഈ ആനയെക്കൂടാതെ ഇരുപതിലേറെ ആനകള്‍ ഇപ്പോള്‍ ഫാമില്‍ ഉണ്ടെന്ന് ഇവര്‍ പറയുന്നു ഇതില്‍ ഏറെ അപകടകാരിയാണ് മോഴയാന എന്നാണ് പറയുന്നത്. മറ്റാനകളുടെ കൂട്ടത്തില്‍ നിന്നും മാറി ഒറ്റയ്ക്ക് സഞ്ചരിക്കുകയാണ് ഇത് ചെയ്യുന്നത്.
കീഴ്പ്പള്ളി-പാലപ്പുഴ റോഡില്‍ സന്ധ്യ കഴിഞ്ഞാലുള്ള യാത്ര ഏറെ അപകടകരമാവുകയാണ്. പകല്‍ സയങ്ങളില്‍ ഫാമിനുള്ളിലെ പൊന്തക്കാടുകളില്‍ മറയുന്ന ആനക്കൂട്ടം വൈകിട്ടോടെയാണ് റോഡിന് സമിപത്തും ജനവസാ മേഖലയിലും എത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫാമില്‍ ഏറെ ആള്‍നാശവും കൃഷി നാശവും സൃഷ്ട്ടിച്ചത് ഒരു മോഴ ആനയായിരുന്നു. ഇതിനെ പിന്നീട് വനം വകുപ്പധികൃതര്‍ ഏറെ സാഹസികമായി പിടികൂടുകയും കൂട്ടിലടക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം ആന ചെരിയുകയും ചെയ്തു. ഇപ്പോള്‍ ഫാമിലെത്തിയിരിക്കുന്ന മോഴയാനയും വലിയ ഭീഷണിയാണ് ഫാമില്‍ ഉയര്‍ത്തുന്നത്. ഇതുയര്‍ത്തുന്ന ഭീഷണി അധികൃതര്‍ കാണാതെ പോയാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന് ഫാം തൊഴിലാളികളും പുനരധിവാസ മേഖലയിലുള്ളവരും പറയുന്നു.
ഫാമില്‍ വ്യാപക കൃഷിനാശവും ആനകള്‍ വരുത്തിയിട്ടുണ്ട്. നിറയെ കായ്ഫലമുള്ള നിരവധി തെങ്ങുകള്‍ ഇവ കുത്തിവീഴ്ത്തി നശിപ്പിച്ചു. സംഭവമറിഞ്ഞ് വനം വകുപ്പിന്റെ ദ്രുതകര്‍മ്മ സേനയും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: