പാട്ന: 2013 ഒക്ടോബര്‍ 27 ന് പട്നയിലെ ബിജെപി റാലിക്കിടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ച ഒമ്പത് ‘ഇന്ത്യന്‍ മുജാഹിദീന്‍’ ഭീകരരില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി. രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ പത്ത് വര്‍ഷം കഠിന തടവും ഒരാള്‍ ഏഴ് വര്‍ഷം തടവും അനുഭവിക്കണം.
നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് എട്ട് വര്‍ഷത്തിന് ശേഷമാണ് പട്നയിലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്രത്യേക കോടതി 10 പ്രതികളില്‍ ഒമ്പത് പേര്‍ക്ക് ശിക്ഷ വിധിച്ചത്.
ഹൈദര്‍ അലി എന്ന ബ്ലാക്ക് ബ്യൂട്ടി, നൊമാന്‍ അന്‍സാരി, മുഹമ്മദ് മുജീബുള്ള അന്‍സാരി, മുഹമ്മദ് ഇംതിയാസ് ആലം, അഹമ്മദ് ഹുസൈന്, മുഹമ്മദ് ഫിറോസ് അസ്ലം, ഇംതിയാസ് അന്‍സാരി, മുഹമ്മദ് ഇഫ്റീസ്, മുഹമ്മദ് എന്നിവര്‍ എന്‍ഐഎ കോടതിയുടെ ജഡ്ജി ഗുര്‍വീന്ദര്‍ സിംഗ് മല്‍ഹോത്ര കുറ്റക്കാരെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് വിധിച്ചത്. ഇന്ത്യന്‍ മുജാഹിദീന്‍ (ഐഎം) എന്ന ഭീകര സംഘടനയില്‍പെട്ടവരാണ് ഇവര്‍. ഒരാളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
2013 ഒക്ടോബറില്‍ ഗാന്ധി മൈതാനത്ത് സംഘടിപ്പിച്ച നരേന്ദ്ര മോദിയുടെ റാലിക്കിടെയായിരുന്നു ആക്രമണം. മോദിയുടെ വരവിനു മുന്നോടിയായി ആറോളം സ്ഫോടനങ്ങളുണ്ടായി. ആക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഭീകരാക്രമണം ഉണ്ടായിട്ടും മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത റാലിയെ മോദി അഭിസംബോധന ചെയ്തിരുന്നു.
മോദിയെ ഉന്മൂലനം ചെയ്യാന്‍ സ്ഫോടക വസ്തുക്കളുമായി റാഞ്ചിയില്‍ നിന്ന് പട്നയിലേക്ക് പോയ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സംഘമായിരുന്നു ആക്രമണത്തിനു പിന്നില്‍. റാഞ്ചിയില്‍ നിന്ന് ഏകദേശം 15 വയസ്സ് പ്രായമുള്ള ഭീകരനും സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ പ്രതിയെ 2017 ല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: