പാലാ: സാധാരണക്കാരായ വിനോദയാത്രക്കാരെ ലക്ഷ്യം വച്ച് കെ.എസ്.ആര്.ടി.സി ആരംഭിച്ച മലക്കപ്പാറ ജംഗിള്‍ സഫാരി ടൂര്‍ സര്‍വ്വീസിന്റെ പ്രഥമ യാത്രയില്‍ നിറയെ വിനോദ സഞ്ചാരികള്‍ എത്തി. ചുരുങ്ങിയ ചിലവില്‍ ഏകദിന യാത്രയായതിനാല്‍ വിനോദയാത്ര ആവേശമായി.പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച മലക്കപ്പാറ സര്‍വ്വീസിനായി രണ്ട് ഡീലക്സ് ബസുകളാണ് ക്രമീകരിച്ചത്.
കൊവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്ത പ്രായമായവരും നിരവധി സ്ത്രീകളും കുട്ടികളും യാത്ര ആസ്വദിക്കുവാനായി പുറപ്പെട്ടതോടെ ഒരു ബസിനുള്ള യാത്രക്കാരെ പ്രതീക്ഷിച്ച ഡിപ്പോ അധികൃതര്‍ക്ക് രണ്ട് ഡീലക്സ് ബസുകള്‍ ക്രമീകരിക്കേണ്ടി വന്നു. മുന്‍കൂര്‍ റിസര്‍വ്വ് ചെയ്യാതെ എത്തിയ ചിലര്‍ക്ക് നിരാശരായി മടേങ്ങണ്ടി വന്നു.വിനോദയാത്രാ പ്രേമികളുടെ ആവേശം കണ്ടറിഞ്ഞ ഡിപ്പോ അധികൃതര്‍ അവധി ദിവസങ്ങളില്‍ ടൂര്‍ സര്‍വ്വീസ് തുടരുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ദീപാവലിക്കും തുടര്‍ ഞായറാഴ്ച്ചകളിലും സര്‍വ്വീസ് ക്രമീകരിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ ആറ് ഡിപ്പോകളില്‍ നിന്നാണ് അതിര്‍ത്തി ഗ്രാമവും കാനനഭംഗിയും വന്യമൃഗങ്ങളും നിറഞ്ഞ മലക്കപ്പാറയിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ചാലക്കുടി, ആതിരപ്പള്ളി, വാഴച്ചാല്‍ വഴിയാണ് യാത്ര. മലപ്പുറം, ആലപ്പുഴ, ഹരിപ്പാട്, കുളത്തൂപ്പുഴ, പാലാ, ചാലക്കുടി എന്നീ ഡിപ്പോയില്‍ നിന്നുമാണ് മലക്കപ്പാറ സര്‍വ്വീസുകള്‍.
കൂടുതല്‍ വിനോദ കേന്ദ്രങ്ങളിലെക്ക് ടൂര്‍ സര്‍വ്വീസുകള്‍ക്കായി അധികൃതരെ സമീപിച്ചിട്ടുള്ളതായി പാസഞ്ചേഴ്സ് അസോസിയേഷന് ചെയര്മാന് ജയ്സണ്‍ മാന്തോട്ടം പറഞ്ഞു. ഇന്നലെ രാവിലെ 6.30ന് പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആദ്യ സര്‍വ്വീസിന് പാലാ എ.ടി.ഒ. പി. എ.അഭിലാഷ് പച്ചക്കൊടി വീശി.
ജോജോ സഖറിയാസ്, ജയ്സണ്‍ മാന്തോട്ടം, ആര്.രാജേഷ്, എബിന് ജോസ്, ജോയല്‍ പാലാ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: