തിരുവനന്തപുരം: കൊവിഡ് കാലത്തെ അടച്ചുപൂട്ടല്‍ കഴിഞ്ഞ് ശബ്ദമുഖരിതമായ ക്ലാസ്മുറികള് തിരിച്ചുവന്നു. ഒന്നര വര്‍ഷത്തിനു ശേഷം ഇന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു. കേരളപ്പിറവി ദിനത്തില്‍ എത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ ചിട്ടവട്ടങ്ങളുമായ സ്കൂളുകള്‍ സജ്ജമായിരുന്നു.
ശുചീകരണമടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് സ്കൂളുകള്‍ പ്രവേശനോത്സവത്തോടെ കുട്ടികളെ സ്വീകരിച്ചത്. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ ഇന്ന് രാവിലെ 8.30ന് നടന്നു. മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ആന്റണി രാജു, ജി.ആര്. അനില്‍ എന്നിവര്‍ പങ്കെടുത്തു.
ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ശേഷം, വീണ്ടും സാധാരണ ക്ലാസുകളിലേക്ക് കുട്ടികള്‍ എത്തുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആശങ്ക മാറ്റാന്‍ കളിയും ചിരിയുമായൊക്കെയാണ് തുടക്കം. ജില്ലാ വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളില്‍ നടത്തി വന്ന ഗുണനിലവാര പരിശോധന പൂര്‍ത്തിയായി. എട്ട്, ഒന്‍പത് ക്ലാസുകള്‍ ഒഴികെയുള്ള മുഴുവന്‍ ക്ലാസുകളുമാണ് ഇന്ന് തുറന്നത്.
15 മുതല്‍ എട്ട്, ഒന്‍പത് ക്ലാസുകളും പ്ലസ്വണ്ണും തുടങ്ങും. രാവിലെ ഒന്‍പത് മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്കാണ് ക്ലാസുകള്‍ ആരംഭിക്കുക. ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കം മാറ്റമുണ്ടാകും. സ്കൂള്‍ തുറക്കുമ്പോള്‍ നേരിട്ടെത്താന്‍ സാധിക്കാത്ത കുട്ടികളെ അയോഗ്യരായി കണക്കാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടില്ല. നേരിട്ട് വരാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: