എസ്. ശ്രീനിവാസ് അയ്യര്‍
(ആയില്യംനാളുകാരെക്കുറിച്ച്)
ഭാരതീയ പുരാണത്തിലെ അനന്തന് എന്ന നാഗരാജാവിന് ആയിരം തലയുണ്ട്. (ഗ്രീക്കുകാരുടെ പുരാണത്തില്‍ ബഹു ശീര്‍ഷങ്ങളുള്ള ഹൈഡ്ര എന്ന നാഗത്താനെ വര്‍ണിക്കുന്നു.) ഈ സഹസ്രശിരസ്സ് പല തരം കഴിവുകളെ സൂചിപ്പിക്കുന്നതാണ്. ആയില്യം നാളുകാരുടെ ദേവത നാഗങ്ങള്‍/സര്‍പ്പങ്ങള്‍ ആണല്ലോ. വാസ്തവത്തില്‍ ആയില്യം നാളുകാര്‍ക്കും അനേകം കഴിവുകള്‍ ഉണ്ടെന്നതാണ് പരമാര്‍ത്ഥം. ആ കാഴ്ചപ്പാടില്‍ നോക്കിയാല്‍ അവരെയും ബഹുശിരസ്സുകളുടെ ഉടമകള്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. സ്വന്തം ഭുജ വിക്രമങ്ങള്‍ അധികം പുറത്ത് കാണിക്കുന്നില്ല എന്നു മാത്രം. (അഥവാ മറ്റുള്ളവര്‍ കാണുന്നില്ല) ദിവ്യനാഗങ്ങള്‍ പാതാളവാസികളാണെന്നാണ് പുരാണം പറയുന്നത്. അതുപോലെ ആയില്യം നാളുകാരുടെ സിദ്ധികള്‍ അധികവും മറഞ്ഞിരിക്കും. ശക്തമായ സന്ദര്‍ഭം വരുമ്പോള്‍, അല്ലെങ്കില്‍ ആരെങ്കിലും സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ മാത്രമാണ് അവരുടെ മിടുക്കുകള്‍ പുറത്തുചാടുന്നത്.
കര്‍ക്കിടകക്കൂറില്‍ വരുന്ന നക്ഷത്രമാണ് ആയില്യം. കര്‍മ്മത്തെക്കാണിക്കുന്ന പത്താം രാശി മേടമാണ്. ക്രിയാരാശി എന്ന് മേടത്തിന് പേരുണ്ട്. ഇവരെത്ര മടി കാണിച്ചാലും കര്‍മ്മരംഗം ഊര്‍ജ്ജസ്വലമായിരിക്കും. അസാധ്യം എന്ന് വിധിക്കപ്പെട്ടവ നേടാന്‍ ആയില്യം നാളുകാര്‍ക്ക് അവസരം വന്നെത്തും. എല്ലാ മനുഷ്യരുടെയും അരക്കെട്ടില്‍, നട്ടെല്ലിന്റെ നേരെ ചുവട്ടില്‍ രണ്ടരച്ചുറ്റുചുറ്റി കിടന്നുറങ്ങുന്ന ഒരു സര്‍പ്പമുണ്ടെന്ന് യോഗശാസ്ത്രം പറയുന്നു. അതിന്റെ പേര് കുണ്ഡലിനി എന്നത്രെ! സദാ നിദ്രയില്‍ കഴിയുന്ന കുണ്ഡലിനിയെ അതിന്റെ സുപ്തിയില്‍ നിന്നുമുണര്ത്തണം. അതിനു കഴിയുന്ന മനുഷ്യന് ശിവനെ അറിയുന്നു. ഷഡാധാരങ്ങള്‍ കടന്ന് സഹസ്രാരപത്മത്തിലോളം കുണ്ഡലിനിയെ ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ മനുഷ്യന് ശിവനാകുന്ന/ദൈവമാകുന്ന മുഹൂര്‍ത്തമാണത്. ‘പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും ശിവശംഭോ’ എന്ന പഴയപാട്ട് ഇതു തന്നെയാണ് വ്യക്തമാക്കുന്നത്. ആ ശിവസാക്ഷാല്ക്കാരത്തിന് കഴിയുന്ന മനുഷ്യരാണ്, മഹാദൗത്യങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കെല്പുള്ളവരാണ് ആയില്യം നാളുകാര്‍. തന്റെ ഉള്ളിലുള്ള മഹാശക്തിയെക്കുറിച്ച് അവര്‍ക്ക് തികഞ്ഞ ധാരണയുമുണ്ട്.
പക്ഷേ ആയില്യം കര്‍ക്കിടകക്കൂറില്‍ വരുന്ന നക്ഷത്രമാണ് എന്നറിയാമല്ലോ. അവരുടെ രാശിനാഥന് ചന്ദ്രനാകുന്നു. വളര്‍ച്ചതളര്‍ച്ചകള്‍ നിരന്തരമായിരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. വളര്‍ന്നുതുടങ്ങിയാല്‍ ആ വളര്‍ച്ച പൂര്ണതയിലോളം ചെന്നെത്തും. മറിച്ച് തളര്ന്നുതുടങ്ങിയാലോ അവരോഹണം നെല്ലിപ്പലക തൊടുകയും ചെയ്യും. അതിനാല്‍ കുതിപ്പ് കിതപ്പാകുന്നു. അവിടം കൊണ്ട് തീരാതെ പിന്നെയും കുതിക്കുന്നു. അങ്ങനെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഉയര്‍ച്ചതാഴ്ചകളുടെ നേര്‍കാഴ്ചയായി മാറുന്നു. ശാരീരികം/മാനസികം, ഭൗതികം/ആത്മീയം എന്നിങ്ങനെ ആയില്യംമനുഷ്യരുടെ സര്‍വ്വകാര്യങ്ങളും ഈ വിരുദ്ധധ്രുവങ്ങളുടെ കൂടാരത്തിനുള്ളിലാണ്. നിത്യനൈമിത്തിക കാര്യങ്ങളുടെ നിറവേറലിലാവും ശ്രദ്ധയെല്ലാം. ഊക്കന്‍ കാര്യങ്ങളിലേക്ക് ഉന്നം ചെല്ലുന്നില്ല മിക്കപ്പോഴും. ആകയാല്‍ ‘ആത്മശക്തിയുടെ ആയിരംതല ‘ ആവശ്യപ്പെടുന്നതിനനുസരിച്ച് വളരാനോ നേട്ടങ്ങള്‍ സ്വന്തമാക്കാനോ കഴിയാത്തവരായി മാറുകയാണ്. ചെറിയ ജീവിത പരിസരങ്ങളില്‍ നിന്നും ഉയര്ന്നുവന്നവരാകാം. അര്‍ഹിക്കുന്നതിലധികം നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കാം. എന്നാലും അവരുടെ എല്ലാ കഴിവുകളുടെയും കറവ വറ്റിക്കഴിഞ്ഞെന്ന് ആര്‍ക്കുമാവില്ല പറയാന്‍. എത്ര കടന്ന പ്രായത്തിലായാലും അങ്കത്തിന് ഇനിയും ഒരു ബാല്യം അവശേഷിപ്പിക്കുന്നവരാണ് ആയില്യം നക്ഷത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: