ന്യൂദല്‍ഹി : ദല്‍ഹി സര്‍വ്വകലാശാല പുതിയതായി ആരംഭിക്കുന്ന കോളേജുകള്‍ക്ക് വീര്‍ സവര്‍ക്കറുടേയും മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റേയും പേര് നല്‍കും. വെള്ളിയാഴ്ച ചേര്‍ന്ന ദല്‍ഹി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗണ്‍സിലര്‍ യോഗത്തില്‍ വൈസ്ചാന്സിലര് യോഗേഷ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് മറ്റംഗങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.
കോളേജ് ആരംഭിക്കുന്നതിനായി നജാഫഗഡിലും ഫത്തേപൂര്‍ ബേരിയിലും കോളേജുകള്‍ ആരംഭിക്കുന്നതിനായി സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിനാണ് സവര്‍ക്കറുടേയും സുഷമയുടേയും പേര് നല്‍കുക. കഴിഞ്ഞ 22 വര്‍ഷമായി ദല്‍ഹി സര്‍വ്വകലാശാല പുതിയ രണ്ട് കോളജുകള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ ഇത് നീണ്ടുപോവുകയായിരുന്നു.
ഓഗസ്റ്റില്‍ നടന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തിലും കോളേജുകള്‍ക്ക് പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്ന് നിരവധിപേരുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വീര്‍ സവര്‍ക്കര്‍, സുഷമ സ്വരാജ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, അടല്‍ ബിഹാരി വാജ്പേയി, അരുണ്‍ ജെയ്റ്റ്ലി, ചൗധരി ബ്രഹ്മപ്രകാശ്, ഉള്‍പ്പെടെയുള്ളവരുടെ പേരുകളും പുതിയ കോളേജുകള്‍ക്കായി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇരുവരുടേയും പേരുകള്‍ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തത്. അന്തിമ അനുമതിക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇതുസംബന്ധിച്ചുള്ള ശുപാര്‍ശ കൈമാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: