ഷാര്‍ജ: കൈ അകലെ എത്തിയ വിജയം ശ്രീലങ്ക കൈവിട്ടു. വനിന്ദു ഹസരംഗ നേടിയ ഹാട്രിക്ക് വിഫലമായി. ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.5 ഓവറില്‍ മറികടന്നു. 13 പന്തില്‍ 23 റണ്‍സ് നേടിയ ഡേവിഡ് മില്ലറും ഏഴു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത കഖിസോ റബാഡയുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ചത്.
അവസാന രണ്ട് ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 25 റണ്‍സ്. കൈവശം നാലു വിക്കറ്റും. ദുഷ്മന്ത ചമീര എറിഞ്ഞ 19ാം ഓവറിലെ നാലാം പന്തില്‍ സിക്സര്‍ ഈ ഓവറില്‍ 10 റണ്‍സ് പിറന്നതോടെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 15 റണ്‍സ്.
ലഹിരു കുമാര എറിഞ്ഞ ആദ്യ പന്തില്‍ റബാദയുടെ വക സിംഗിള്‍. രണ്ടും മൂന്നും പന്തുകള്‍ ഡേവിഡ് മില്ലര്‍ സിക്സര്‍ പറത്തി. നാലാം പന്തില്‍ മില്ലര്‍ വക സിംഗിള്‍. സ്കോര്‍ തുല്യം. അഞ്ചാം പന്തില്‍ റബാദ ഫോര്‍ നേടിയതോടെ തോല്‍വിയുടെ വക്കില്‍നിന്ന് ദക്ഷിണാഫ്രിക്കന്‍ വിജയം.
ബാറ്റിങ് മികവില്‍ ബവുമ 46 റണ്‍സെടുത്ത് ജയം എളുപ്പമാക്കി. റാസി വാന്‍ ഡെര്‍ ഡൂസെന്(16) ക്വിന്‍ഡന്‍ ഡീ കോക്ക് (12) റണ്‍സും നേടി. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ ഹാട്രിക്ക് നേടി. മാര്‍ക്രം, ബാവുമ,പ്രിട്ടോറിയസ് എന്നിവരുടെ വിക്കറ്റുകളാണ് ഹസരംഗ നേടിയത്. ദുഷ്മേന്ദ്ര ചമീര രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലങ്ക ഓപ്പണര്‍ പാഥിന്റെയും നിസ്സങ്കയുടെയും ബാറ്റിങ് മികവിലാണ് 142 റണ്‍സ് കണ്ടെത്തിയത്. 58 പന്തില്‍ മൂന്ന് സിക്സറും ആറു ഫോറുമടക്കം 72 റണ്‍സെടുത്ത നിസ്സങ്ക 19-ാം ഓവറിലാണ് പുറത്തായത്. നാലാം ഓവറില്‍ തന്നെ ആന്റിച്ച് നോര്‍ക്യ കുശാല്‍ പെരേരയെ (7) മടക്കി. ഓമ്പതാം ഓവറില്‍ ഫോമിലുള്ള ചരിത് അസലങ്ക റണ്‍ ഔട്ടായി. കഴിഞ്ഞ മത്സരങ്ങളില്‍ ലങ്കയുടെ സ്കോറിങ്ങില്‍ നിര്‍ണായകമായത് അസലങ്കയായിരുന്നു. 14 പന്തില്‍ നിന്ന് 21 റണ്‍സുമായി മികച്ച സ്കോറിലേക്ക് കടക്കവെയാണ് അസലങ്ക റണ്ണൗട്ടാകുന്നത്. പിന്നാലെയെത്തിയ ഭാനുക രജപക്സ (0) അവിഷ്ക ഫെര്‍ണാണ്ടോ(3) വാനിന്ദു ഹസരംഗ(4) ദസുന്‍ ഷാനക(11) എന്നിവര്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. അതേസമയം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തബ്റൈസ് ഷംസിയും ഡ്വെയ്ന്‍ പ്രൊറ്റോറിസുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: