ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍
അധികാരകൈമാറ്റം ഒരു യാഥാര്‍ത്ഥ്യമാക്കേണ്ടിവന്ന സാഹചര്യത്തിലാണ് 1946 സപ്തംബറില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കിയത്. നെഹ്റു ആ സര്‍ക്കാരില്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇത് പ്രധാനമന്ത്രി പദത്തിന് തത്തുല്യമായിരുന്നുതാനും. വൈസ്രോയി വേവല്‍പ്രഭു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നെഹ്റുവിനെ ക്ഷണിക്കാന്‍ കാരണം അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നതിനാലാണ്. മഹാത്മാഗാന്ധിയുടെ ഇടപെടലിലാണ് നെഹ്റു കോണ്‍ഗ്രസ് പ്രസിഡന്റ് ആയത്. പക്ഷേ കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷവും സര്ദാര്പട്ടേലിനെയാണ് പിന്തുണച്ചിരുന്നത്.
ഗാന്ധിജിയുടെ വാത്സല്യമാണ് ജവഹര്‍ലാലിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കി മാറ്റിയത്. ഈ പ്രതേ്യക വാത്സല്യം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഭാഗധേയം പട്ടേല്‍ നിയന്ത്രിക്കുമായിരുന്നു. കോണ്‍ഗ്രസ് അണികളിലും കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിലും പട്ടേലിന് വിജയിക്കുവാന്‍ തക്ക അംഗബലവും സ്വാധീനവും ഉണ്ടായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ സമീപനംമൂലം നെഹ്റുവും പട്ടേലും തമ്മിലൊരു നീരസം ഉണ്ടായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല. 1948 ജനുവരി 30 ന് ഗാന്ധിജി രക്തസാക്ഷി ആയപ്പോള്‍ നെഹ്റുവും പട്ടേലും അവരുടെ ശീതസമരം അവസാനിപ്പിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. പക്ഷെ ഇത് താല്ക്കാലികമാറ്റം മാത്രമായിരുന്നു.
1950 ല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ജെ.ബി.കൃപലാനിയും പുരുഷോത്തമദാസ് ഠണ്ഡനും ആയിരുന്നു സ്ഥാനാര്‍ത്ഥികള്‍. പട്ടേലിന്റെ പിന്തുണയുണ്ടായിരുന്ന ഠണ്ഡനാണ് പ്രസിഡന്റായത്. പക്ഷേ സര്‍ദാര്‍ പട്ടേല്‍ 1950 ഡിസംബറില്‍ അന്തരിച്ചതോടെ 1951-52 ലെ പൊതു തെരഞ്ഞെടുപ്പില്‍ ജവഹര്‍ലാലിന് വീണ്ടും പ്രധാനമന്ത്രിയാവാന്‍ വഴിതുറന്നു. മരണംവരെ നെഹ്റു പ്രധാനമന്ത്രിയായി തുടര്‍ന്നു. (1967 മെയ് 27 വരെ). താല്‍ക്കാലിക സര്‍ക്കാരില്‍ ഉണ്ടായിരുന്ന മൗലാനയും ഡോ.രാജേന്ദ്രപ്രസാദും എന്‍.വി.ഗാഡ്ഗിലും, രാജ്കുമാരി അമൃത്കൗറും ജെയ് രാമദാസ് ദൗലത്രാമും പല സര്‍ക്കാര്‍ പദവികളും വഹിച്ചിരുന്നു. ഡോ. രാജേന്ദ്രപ്രസാദ് 1950 ല്‍ രാഷ്ട്രപതിയായി. സുഭാഷ്ചന്ദ്രബോസ് 1950നു മുമ്പേ രംഗത്തുനിന്ന് നിഷ്ക്രമിച്ചിരുന്നു. ഇതിന് ഒരു കാരണം കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്കുള്ള തെരഞ്ഞെടപ്പില്‍ സുഭാഷ്ബോസ് വിജയിച്ചുവെങ്കിലും ഗാന്ധിജിയുടെ ഇടപെടല്‍മൂലം ആ സ്ഥാനം രാജിവയ്ക്കുകയും പട്ടാഭിസീതാരാമയ്യ കോണ്‍ഗ്രസ് പ്രസിഡന്റാവുകയും ചെയ്തതാണ്. ജയപ്രകാശ് നാരായണന് സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് പ്രഖ്യാപിച്ചതും അബുള്‍കലാം ആസാദ് നെഹ്റുവിനെ നേതാവായി അംഗീകരിച്ചതും ജവഹര്‍ലാലിന്റെ നേതൃത്വത്തിന് വഴിയൊരുക്കി.
ഉപപ്രധാനമന്ത്രിയായ സര്‍ദാര്‍ പട്ടേല്‍ ഒരു ശക്തികേന്ദ്രമാകുമെന്ന് രാഷ്ട്രീയ നിരൂപകര്‍ക്ക് അറിയാമായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പുരുഷോത്തമദാസ് ഠണ്ഡനേയും മധ്യപ്രദേശില്‍ നിന്നുള്ള ഡി.പി. മിശ്രയേയും തന്റെ സ്വാധീനത്തില്‍ കൊണ്ടുവരുന്നതിന് പട്ടേലിന്റെ കാലശേഷം നെഹ്റുവിന് സാധിച്ചു. 1947 ആഗസ്റ്റ് 15ന് സര്‍ക്കാര്‍ നിലവില്‍വന്നപ്പോള്‍ നെഹ്റുവും പട്ടേലും കഴിഞ്ഞാല്‍ ഗോപാലസ്വാമി അയ്യങ്കാര്‍, കെ.എം.മുന്‍ഷി, ശ്രീപ്രകാശ, സി.ഡി.ദേശ്മുഖ്, ഡോ.ബി.ആര്.അംബേദ്കര്‍ (1951 സെപ്തംബര്‍ വരെ), ഹരേകൃഷ്ണ മെഹത്താബ്, കെ.സന്താനം, ആര്.ആര്.ദിവാകര്‍, സത്യനാരായണന് സിന്‍ഹ, കെ.സി.നിയോഗി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്നു (1947-1952). ഇവര്‍ കൂടാതെയുള്ള ശ്യാമപ്രസാദ് മുഖര്‍ജി, ജോണ്‍ മത്തായി, ആര്.കെ.ഷണ്മുഖം ചെട്ടി, സി.എച്ച്. ഭാഭ (പാര്‍സി പ്രാതിനിധ്യം), ദൗലത് റാം എന്നീ ആറുപേര്‍ പല കാരണങ്ങളാല്‍ പല സമയത്ത് നെഹ്റു മന്ത്രിസഭയില്‍ നിന്നും രാജിവച്ചവരായിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്ന് കെ.എം.മുന്‍ഷി, ആര്.ആര്.ദിവാകര്‍, കെ.സന്താനം, എന്‍.വി.ഗാഡ്ഗില്‍ എന്നിവരെ നെഹ്റു അവഗണിച്ചു. ചിലര്‍ക്ക് ഗവര്‍ണര്‍ പദവി നല്കി നെഹ്റു തന്റെ പക്ഷത്തേക്കാനയിച്ചു.
1946-50 കാലത്തെ നാലുവര്‍ഷത്തെ ഉപപ്രധാനമന്ത്രി പദവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നെഹ്റുവുമായുള്ള പല വിഷയങ്ങളിലെ അഭിപ്രായവ്യത്യാസം കാരണം നാലുപ്രാവശ്യം പട്ടേല്‍ രാജിക്കത്ത് നല്‍കിയെന്നാണ് പ്യാരേലാലിന്റെ മഹാത്മാഗാന്ധി (വാല്യം ഒന്ന്) എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. 1946 ഒക്ടോബര്‍, ജനുവരി 1947, ജനുവരി 1948 എന്നീ രാജികത്തുകളില്‍ പട്ടേല്‍ അഭിസംബോധന ചെയ്തിരുന്നത് ഗാന്ധിജിയെയായിരുന്നു. 1946 ല്‍ അത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ.രാജേന്ദ്രപ്രസാദിന്റെ പേര്‍ക്കും. നെഹ്റുവിനോടുള്ള സമീപനത്തില്‍ വെള്ളംചേര്‍ക്കാന്‍ പട്ടേല്‍ തയ്യാറായിരുന്നില്ല എന്ന് സാരം.
തന്റെ എല്ലാമായ ഗാന്ധിജിയുടെ വാക്കുകളേയോ കോണ്‍ഗ്രസില്‍ അനിഷേധ്യനായിരുന്ന പട്ടേലിനേയോ അവഗണിച്ച് പ്രവര്‍ത്തിക്കാന്‍ ജവഹര്‍ലാലിന് കഴിയുമായിരുന്നില്ല. പട്ടേല്‍ വലതുപക്ഷത്തെ പ്രതിനിധാനം ചെയ്തപ്പോള്‍ നെഹ്റു സ്വയമൊരു ഇടതുപക്ഷ സോഷ്യലിസ്റ്റ് സമീപനമായിരുന്നു കൈക്കൊണ്ടിരുന്നത്. സര്‍ദാര്‍ പട്ടേലിന്റെ കാലശേഷം നെഹ്റുവിന് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഠണ്ഡനില്‍ നിന്നുതന്നെയായിരുന്നു പ്രധാന വിമതനടപടികള്. നെഹ്റു കോണ്‍ഗ്രസ് പ്രസിഡന്റായതോടെ പട്ടേല്‍ പക്ഷത്തിന്റെ സ്വാധീനം അവസാനിച്ചു. പാര്‍ട്ടിയിലും ഭരണത്തിലും നെഹ്റുയുഗം തുടങ്ങുന്നതും 1952 ലെ പൊതു തിരഞ്ഞെടുപ്പോടുകൂടിയായിരുന്നു. മദിരാശിയിലും കേരളത്തിലും ഒഴിച്ചുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. ഒരു ഭരണഘടനാ ഭേദഗതിപോലും വരുത്താന്‍ പറ്റുമാറ് മൂന്നില്‍രണ്ട് ഭൂരിപക്ഷം നെഹ്റുവിന് സാധ്യമായി. പുതിയ സര്‍ക്കാറില്‍ പട്ടേല്‍ അനുഭാവികളായി അറിയപ്പെട്ടിരുന്ന മുന്‍ഷി, ഗാഡ്ഗില്‍, ദിവാകര്‍, സന്താനം, ബല്‍ദേവ് സിങ് എന്നിവരെ എടുത്തതുമില്ല.
പട്ടേല്‍ വിഭാഗത്തിന്റെ പല നയപരിപാടികളും നെഹ്റുവിന് നടപ്പിലാക്കേണ്ടിവന്നു. നെഹ്റു-ലിയാഖത്ത് ആലി പാക്ടിലെ രണ്ട് പ്രധാന കാര്യങ്ങള്‍ പട്ടേലിന്റെ എതിര്‍പ്പുകാരണം നെഹ്റുവിന് മാറ്റേണ്ടിവന്നു. 1963 ല്‍ പട്ടേല്‍ പക്ഷക്കാരനായ എസ്.കെ.പട്ടീല്‍ എന്ന ഭക്ഷ്യവകുപ്പ് മന്ത്രിയെ മാറ്റാന്‍ നെഹ്റു തീരുമാനിച്ചെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. കാമരാജ് പ്ലാന്‍വഴി മൊറാര്‍ജി ദേശായി, എസ്.കെ.പട്ടീല്‍, സി.ബി.ഗുപ്ത, ജഗ്ജീവന്റാം, ലാല്‍ബഹാദൂര്‍ ശാസ്ത്രി എന്നിവരെ രാജീവയ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ ഉയര്‍ച്ചക്ക് നെഹ്റു വഴിയൊരുക്കുകയായിരുന്നു.
പാര്‍ട്ടിയുടെ മേലുള്ള സര്‍ദാറിന്റെ സ്വാധീനം അലംഘനീയമായിരുന്നു. 1946 മുതല്‍ 1952 വരെയെങ്കിലും പട്ടേല്‍ ഉയര്‍ത്തിപ്പിടിച്ച അന്തഃസത്ത നെഹ്റുവിന് മാനിക്കേണ്ടിവന്നു. അനാരോഗ്യം പട്ടേലിനെ തളര്‍ത്തി. ആ ഉരുക്കു മനുഷ്യന് 1950 ഡിസംബര്‍ 15ന് നമ്മെവിട്ടുപോയി. 1909 ല്‍ ഭാര്യ സാവേര്‍ബായി മരിച്ചതിനുശേഷമുള്ള പട്ടേലിന്റെ കാലം ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദന കാലവും രാഷ്ട്ര പുനര്‍നിര്‍മാണ കാലവുമായിരുന്നു. ദഹ്യഭായി പട്ടേല്‍ എന്ന മകനും മണിബെന്‍ പട്ടേല്‍ എന്ന മകളും സര്‍ദാര്‍ മരിച്ചപ്പോള്‍ അരികിലുണ്ടായിരുന്നു. 143-ാം ജന്മവാര്‍ഷികാശംസകള്‍ ലോകം നേരുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധികാരതാല്പര്യങ്ങള്ക്കെതിരെ അദ്ദേഹം നടത്തിയ ചെറുത്തുനില്പ് പഠനവിഷയമാക്കേണ്ടതാണ്. തെറ്റിനെതിരെ ശരിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്.
(പൈതൃകപഠനകേന്ദ്രം മുന്‍ ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)
9447246356
പ്രതികരിക്കാൻ ഇവിടെ എഴുതുക: