ടി20 ലോകകപ്പിലെ ഇന്ത്യാ-പാക്ക് മത്സരാനന്തരം ഷമിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. നട്ടെല്ലില്ലാത്ത ചിലരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് കോഹ്ലി പറഞ്ഞു. ഇത്തരം നാടകങ്ങള്‍ക്ക് പിന്നില്‍ അനുകമ്പയും സഹാനുഭൂതിയും ആത്മവിശ്വാസവും നഷ്ടപ്പെട്ടവരുമാണെന്നും കോഹ്ലി തുറന്നടിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൈതാനത്തിന് പുറത്ത് നടക്കുന്നതിനെ ശ്രദ്ധയില്‍വരുത്താറില്ല. ശ്രദ്ധ മുഴുവന്‍ ക്രിക്കറ്റിലാണ്. കോഹ്ലി കൂട്ടിച്ചേര്‍ത്തു. വിര്‍ച്വല്‍ പത്ര സമ്മേളനത്തിലായിരുന്നു കോഹ്ലിയുടെ മറുപടി.
മുഹമ്മദ് ഷമിക്കെതിരായ വിദ്വേഷ പ്രചാരണം ആരംഭിച്ചത് പാക് സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. ഇത് ഇന്ത്യയിലെ ചില ദേശവിരുദ്ധ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ബിസിസിഐയും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുമൊക്കെ ഇതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഷമിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിലൂടെ ഇന്ത്യക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മതപരമായ അസഹിഷ്ണുത നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന മോശം പ്രതിച്ഛായ സൃഷ്ടിച്ചെടുക്കലായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യയിലെ മുസ്ലിങ്ങളോട് ആഘോഷത്തില്‍ പങ്കാളികളാകാന്‍ പാകിസ്ഥാന് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് നടത്തിയ ആഹ്വാനവും മതാടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയെക്കുറിച്ച് ഇന്ത്യയില്‍ ചര്‍ച്ച ഇളക്കിവിടാനുള്ള പാകിസ്ഥാന്റെ ആസൂത്രിത നീക്കമായിരുന്നു.ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുകയായിരുന്നു പാക് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: