വത്തിക്കാന്‍: ലോകത്തിലെ എല്ലാ ഹിന്ദുക്കള്‍ക്കും ദീപാവലി ആശംസ അറിയിച്ച് പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാന്‍. ദി പോണ്ടിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്‍റര്‍ റിലിജ്യസ് ഡയലോഗ് (വിവിധ ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്താനുള്ള പോണ്ടിഫിക്കില്‍ കൗണ്‍സില്‍) ആണ് ‘പ്രകാശത്തിന്റെ ഉത്സവ’മായ ദീപാവലിയുടെ ആശംസ അറിയിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനില്‍ പോപ്പുമായി കൂടിക്കാഴ്ച നടത്തിയതും ഇത്തരമൊരു സന്ദേശം നല്‍കാന്‍ പ്രേരണയായി. “തിന്മയ്‌ക്ക് മീതെ നന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി നവമ്പര്‍ നാലിനാണ് ആഘോഷിക്കുന്നത്. ഈ ദിവസം ലോകമെങ്ങുമുള്ള ഹിന്ദു കുടുംബങ്ങള്‍ അവരുടെ വീടുകള്‍ പ്രകാശഗോപുരമാക്കി മാറ്റുന്നു. സമ്മാനങ്ങള്‍ കൈമാറുകയും സദ്യ പങ്കുവെയ്‌ക്കുകയും ദൈവങ്ങള്‍ക്ക് പൂജ നടത്തുകയും ചെയ്യുന്നു.”- ആശംസയില്‍ പറയുന്നു.
“‘മഹാമാരിയില്‍ നിന്നുള്ള മുറിവുകള്‍ ഉണങ്ങിയിട്ടില്ല. തകര്‍ത്തെറിയുന്ന സംഭവങ്ങള്‍ ലോകമെങ്ങും നടക്കുമ്പോള്‍ നിരാശയും, പിന്മാറലും വിഷാദവും നിറയുന്നു. ഇത്തരത്തില്‍ വെല്ലുവിളികള്‍ നിറയുന്ന സമയങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ആളുകളുടെ ജീവിതത്തില്‍ പ്രത്യാശയുടെ പ്രകാശം കൊണ്ടുവരാം.”- സന്ദേശത്തില്‍ പറയുന്നു.
“മഹാമാരിയുടെ കരിമേഘങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വെള്ളിരേഖകള്‍ ഉണ്ട്. ആവശ്യക്കാരെ സഹായിക്കുന്നതിലൂടെ ഐക്യത്തിന്റെ കരുത്ത് (മതാന്തര സൗഹൃദത്തിന്റെ സ്വഭാവവും ഉത്തരവാദിത്വത്തോടും ചേര്‍ന്ന കരുത്ത്) പ്രത്യാശയുടെ പ്രകാശത്തെ കൂടുതല്‍ ഗോചരമാക്കുന്നു (കാണത്തക്കതാക്കുന്നു). മതങ്ങള്‍തമ്മിലുള്ള ഐക്യപ്പെടലിലൂടെ ആളുകളുടെ ജീവിതത്തില്‍ പ്രകാശം കൊണ്ടുവരുന്നത് സമൂഹത്തില്‍ മതപാരമ്പര്യത്തിന്റെ ഗുണവും സമൃദ്ധിയും സാധുവാക്കുന്നു,”- സന്ദേശം പറയുന്നു.
“പ്രതിസന്ധിയുടെ സമയങ്ങളില്‍ മതപാരമ്പര്യങ്ങള്‍ വ്യക്തികളെ പ്രത്യാശ കണ്ടെത്തുന്നതിന് സഹായിക്കുന്നു. അത് വ്യക്തിയെ വര്‍ത്തമാന നിരാശകള്‍ക്ക് അപ്പുറത്തേക്ക് നോക്കാന്‍ പ്രാപ്തനാക്കുന്നു. ഈ ഒരൊറ്റക്കാരണം കൊണ്ട് തന്നെ മതനേതാക്കളും സമുദായ നേതാക്കളും സാഹോദര്യത്തിന്റെ വെളിച്ചം അവരെ അനുഗമിക്കുന്നവരിലും നിറയ്‌ക്കണം. അതുവഴി മറ്റ് മതങ്ങളിലുള്ളവരുമായി കൈകോര്‍ത്ത് നടക്കാനും ജോലി ചെയ്യാനും സഹായിക്കണം.”- സന്ദേശം പറയുന്നു.
“ദീപാവലയുടെ സന്ദേശം കുറെക്കൂടി ഉള്‍ക്കൊണ്ട്, ഈ നിരാശയുടെ സമയത്ത് ക്രിസ്ത്യാനികളും ഹിന്ദുക്കളും, വ്യക്തിപരമായും കൂട്ടായും, മറ്റ് മതപാരമ്പര്യങ്ങളില്‍പ്പെട്ടവരുമായും കൈകോര്‍ത്ത് നിരാശയില്‍ കഴിയുന്നവരെ സഹായിക്കാം, അതുവഴി അവരിലും പ്രകാശം നിറയ്‌ക്കാം. ഹാപ്പി ദീപാവലി”- ആശംസാ സന്ദേശം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: