തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട വിഷയത്തില്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിനെ പരിഹസിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. കുടുംബമായി താമസിക്കുന്ന സ്ത്രീയെ പ്രേമിച്ച് വിവാഹം ചെയ്തതും ബന്ധം തുടരേ തന്നെ വേറൊരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതും പൊതു സമൂഹം അംഗീകരിക്കില്ലായെന്ന് നാഗപ്പന് പ്രതികരിച്ചു.
അജിത്ത് ആദ്യവിവാഹം സമ്മര്‍ദ്ദത്തിലൂടെയും ഭീഷണിപ്പെടുത്തിയും വേര്‍പെടുത്തി അവരെ അനാഥയാക്കി. ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയാല്‍ ഭാര്യയ്ക്ക് ഭാവി ജീവിതത്തിന് ജീവനാംശം നല്‍കുക എന്ന സാമാന്യനീതി ഇക്കാര്യത്തില്‍ നടപ്പിലാക്കിയതായി കാണുന്നില്ലെന്നും നാഗപ്പന് ചൂണ്ടിക്കാട്ടി.
ആരോരുമില്ലാത്ത അനാഥയായ ആ പെണ്‍കുട്ടിയുടെ ഭാവി ജീവിതം എങ്ങനെയാകുമെന്നും അദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്‍ ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം.
അജിത്തിനെതിരെ മന്ത്രി സജി ചെറിയാന് നേരത്തെ രംഗത്തുവന്നിരുന്നു. ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന് ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എന്തെല്ലാം സ്വപ്നങ്ങളാവും കണ്ടിട്ടുണ്ടാവുക’യെന്നും അനുപമയുടെ മാതപിതാക്കളെ ന്യായീകരിച്ച് മന്ത്രി പ്രസ്താവിച്ചിരുന്നു.
മന്ത്രിക്കെതിരെ അനുപമയും അജിത്തും പരാതിയും നല്‍കിയിരുന്നു. തങ്ങളെ കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: