തിരുവനന്തപുരം: എല്‍ഡിഎഫുകാര്‍ പ്രതികളായിട്ടുള്ള 848 കേസുകള്‍ അഞ്ചു വര്‍ഷത്തിനിടെ പിന്‍വലിച്ചു. ഇതില്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ടത് 128 കേസുകള്‍. 150 കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 128 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. മന്ത്രിമാര്‍ക്കെതിരേയുള്ള 12 കേസുകളും എംഎല്‍എമാര്‍ക്കെതിരേയുള്ള 94 കേസുകളും എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പെട്ട 22 കേസുകളും ഇതില്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ കെ.കെ. രമയുടെ ചോദ്യത്തിനു നല്കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.
പിണറായി ഉള്‍പ്പെട്ട ആറു കേസുകളും പിന്‍വലിച്ചിട്ടുണ്ട്. മന്ത്രിമാരില്‍ കൂടുതല്‍ കേസുകള്‍ ശിവന്‍കുട്ടിക്കാണ്, 13. എംഎല്‍എമാരില്‍ ആന്റണി ജോണിനാണ് കൂടുതല്‍ കേസുകള്‍. തൊട്ടുപിന്നില്‍ വി.കെ. പ്രശാന്ത്. മന്ത്രിമാരില്‍ കെ. രാധാകൃഷ്ണന്, എ.കെ. ശശീന്ദ്രന്, എം.വി. ഗോവിന്ദന്, സജി ചെറിയാന്, വി.എന്‍. വാസവന്, പി. രാജീവ്, ആര്. ബിന്ദു എന്നിവരുടെ കേസുകളും പിന്‍വലിച്ചതില്‍ പെടുന്നു. വി.എസ്. അച്യുതാനന്ദന്, മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, തോമസ് ഐസക്, സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എം.എ. ബേബി, എ.കെ. ബാലന്, എളമരം കരീം, മുന്‍ സ്പീക്കര്‍മാരായ ശ്രീരാമകൃഷ്ണന്, എം. വിജയകുമാര്‍ എന്നിവരുടെ കേസുകളും പിന്‍വലിച്ചിട്ടുണ്ട്.
എല്‍ഡിഎഫിനെ കൂടാതെ യുഡിഎഫ് 55, ബിജെപി 15, എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നുള്ള രണ്ട്, എല്‍ഡിഎഫും ബിജെപിയും ചേര്‍ന്നുള്ള രണ്ട്, എഎപി ഒന്ന്, പിഡിപി രണ്ട്, എസ്ഡിപിഐ അഞ്ച് എന്നിങ്ങനെയാണ് പിന്‍വലിച്ച കേസുകളുടെ മറ്റു വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: