പാലക്കാട്: രേഖകളില്ലാതെ ഒന്നരക്കോടിയിലേറെ രൂപ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച രണ്ട് പേര് പിടിയില്‍. ഹൈദാരാബാദ് സ്വദേശികളായ രാഘവേന്ദ്ര (40), അഹമ്മദ് (38) എന്നിവരെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്.
ശബരി എക്സ്പ്രസില്‍ നാലു ബാഗുകളിലായി കടത്തുകയായിരുന്ന ഒരുകോടി അറുപത്തിനാലു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്റ്സ് പരിശോധനയില്‍ കണ്ടെത്തിയത്. ഗുണ്ടൂരില്‍ നിന്ന് ഷൊര്‍ണൂരിലേക്കാണ് പ്രതികളായ രാഘവേന്ദ്രയും അഹമ്മദും ടിക്കറ്റെടുത്തത്. സ്വര്‍ണം വാങ്ങാനായി കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ നല്കിയ മൊഴി. ഷൊര്‍ണൂരില്‍ സ്വര്‍ണം കൈമാറുമെന്നായിരുന്നു സന്ദേശമെന്നും പ്രതികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്റ്സ് വ്യക്തമാക്കി.
സംഭവത്തിന് പിന്നില്‍ കുഴല്‍പ്പണ റാക്കറ്റ് ഉണ്ടോയെന്ന് സംശയിക്കുന്നുണ്ട്. കേസ് ആദായ നികുതി വകുപ്പിന് കൈമാറിയതായി ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. ആര്‍പിഎഫ് കമാന്‍ഡന്റ് ജതിന് ബി രാജിന്റെ നിര്‍ദേശപ്രകാരം എസ്ഐ എപി അജിത് അശോക്, എഎസ്ഐമാരായ സജു, സജി അഗസ്റ്റിന്, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്, കോണ്‍സ്റ്റബിള്‍മാരായ വി സവിന്‍, അബ്ദുല്‍ സത്താര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പാലക്കാട് ആര്‍പിഎഫ് ഇന്റലിജന്റ്സ് മൂന്ന് കേസുകളിലായി 2.21 കോടി രൂപയാണ് തീവണ്ടിയില്‍ നിന്ന് പിടികൂടിയത്. വിവിധ കേസുകളില്‍ അഞ്ച് പേര് അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: