കോഴിക്കോട്: കൊയിലാണ്ടിയില്‍ മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ. കാപ്പാട് പാലോട്ടുകുനി റഹ്മത്തി (42) നെയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടു വര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2015 ലാണ് കേസിനാസ്പദമായ സംഭവം. കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയില്‍ നിന്നാണ് സ്വര്‍ണവും പണവും തട്ടിയെടുത്തത്. വീടു പണി മുടങ്ങിയതിനെ തുടര്‍ന്ന് മന്ത്രവാദത്തിലൂടെ പരിഹാരം ആവശ്യപ്പെട്ട് ഷാഹിദ റഹ്മത്തിനെ സമീപിക്കുകയായിരുന്നു.
മന്ത്രവാദിനി ചമഞ്ഞ് ഇവര്‍ പലരെയും ഇതേപോലെ തട്ടിപ്പിനിരയാക്കിയിതായി പറയുന്നു. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ള സ്ത്രീകളെയാണ് റഹ്മത്ത് കൂടുതലും കബളിപ്പിച്ചത്. കുടുംബപ്രശ്നങ്ങള്‍, വീട് നിര്‍മ്മാണം, ജോലി, മക്കളുടെ വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്ക് മന്ത്രവാദത്തിലൂടെ പരിഹാരമെന്നാണ് ഇവര്‍ വിശ്വസിപ്പിക്കുന്നത്. വലയില്‍ കുരുങ്ങിയാല്‍ പിന്നീടുള്ള നീക്കങ്ങളെല്ലാം രഹസ്യസ്വഭാവത്തിലുള്ളതായിരിക്കും. ഇതിനിടെയില്‍ പരമാവധി സ്വര്‍ണ്ണവും പണവും ഇവര്‍ കൈക്കലാക്കിയിരിക്കും. തട്ടിപ്പിനിരയായവര്‍ പരാതിപ്പെടാത്തത് ഇവര്‍ക്ക് ആശ്വാസമായി.
ഷാഹിദയില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് റഹ്മത്ത് തട്ടിയെടുത്തത്. ഇവര്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്നത്തെ സി.ഐ ആര്. ഹരിദാസിന്റെ നേതൃത്വത്തില്‍ ചാലില്‍ അശോകന്, പി.പി മോഹനകൃഷ്ണന്, പി. പ്രദീപന്, എം.പി ശ്യാം, സന്തോഷ് മമ്പാട്ട്, ടി. സിനി എന്നിവരാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ 260 പവന് വിവിധ ബാങ്കുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: