ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡണ്ടായിരുന്ന സുകാര്‍ണോയുടെ പുത്രി സുക്മാവതി അടുത്തിടെ ഇസ്ലാം മതം വിട്ട് തങ്ങളുടെ പൂര്‍വ്വിക സംസ്‌ക്കാരത്തിന്റെ ഭാഗമായ ഹിന്ദു മതത്തിലേക്ക് ചേര്‍ന്നു. ആ സംഭവം ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രകൃതിയോടും അതിലെ ശക്തികളോടും ഇണങ്ങി ജീവിയ്‌ക്കുകയും, ഒപ്പം എല്ലാറ്റിനേയും ചേര്‍ത്ത് കോര്‍ത്തിണക്കുന്ന ദൈവീകതയെ തിരിച്ചറിയുകയും ചെയ്തിരുന്ന നിരവധി പ്രാചീന മതങ്ങള്‍ ലോകമെമ്പാടും ഉണ്ടായിരുന്നു. സംഘടിത മതാധിനിവേശങ്ങള്‍ അവയില്‍ പലതിന്റെയും വേരറുത്തു. എന്നാല്‍ പ്രകൃതിയുടെ ഇച്ഛ കൊണ്ടാവണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകമെങ്ങുമുള്ള അത്തരം പ്രാചീന മതങ്ങളുടെ പുന:രുജ്ജീവനം നടക്കുന്നതായി കാണപ്പെടുന്നു. ബാഹ്യപ്രകൃതിയില്‍ നാം കാണുന്നതുപോലുള്ള ഒരു ഇക്കോ സിസ്റ്റം ആന്തരപ്രകൃതിയിലുമുണ്ട്. അതാണ് ആത്മീയാന്വേഷകരുടെ അനുഭവം. അതുകൊണ്ടു തന്നെ പ്രാചീന മതങ്ങളെല്ലാം തമ്മില്‍ വലിയ സാമ്യങ്ങള്‍ കാണാന്‍ കഴിയുന്നു. പ്രാദേശിക മത അനുഭവങ്ങളോട് കൂടിക്കലര്‍ന്ന് ഹിന്ദു സംസ്‌കൃതിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഇന്തോനേഷ്യന്‍, ജാവാ, സുമാത്രാ പ്രദേശങ്ങളിലെ ആത്മീയതയുടെ ചില വിശേഷങ്ങള്‍ ഇതാ.
ഇന്തോനേഷ്യയിലെ ഏറ്റവും പ്രബലമായ രാജ്യമായിരുന്നു മജാപഹിത്. അവിടത്തെ ഏറ്റവും അവസാനത്തെ രാജാവായിരുന്നു ബ്രവിജയ. അദ്ദേഹത്തിന്റെ ആത്മീയ ഉപദേശകനും ഹിന്ദു – ബൗദ്ധ മാര്‍ഗ്ഗത്തിലെ ഉന്നത പുരോഹിതനും, സിദ്ധനുമായിരുന്നു ശബ്ദപാലൊന്‍. 1478 ല്‍ ബ്രവിജയ രാജാവ് ഇസ്ലാമിലേക്ക് മതം മാറിയതിനെ തുടര്‍ന്ന് ശബ്ദപാലൊന്‍ അദ്ദേഹത്തെ ശപിച്ചു. ഈ മതംമാറ്റത്തെ തുടര്‍ന്ന് രാജാവിന് തന്റെ ആത്മീയ പരമാധികാരം നഷ്ടപ്പെട്ടു. തുടര്‍ന്ന് 500 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകൃതി ദുരന്തങ്ങളും രാഷ്‌ട്രീയ അഴിമതികളും നാടിനെ മഥിയ്‌ക്കുന്ന കാലത്ത് താന്‍ മടങ്ങി വരുമെന്നും, രാജ്യത്തു നിന്ന് ഇസ്ലാമിനെ നിഷ്‌ക്കാസനം ചെയ്ത് ശിവ-ബുദ്ധഗാമ എന്നറിയപ്പെടുന്ന ജാവാ ഹിന്ദു മതത്തേയും സംസ്‌ക്കാരത്തേയും പുന: പ്രതിഷ്ഠിയ്‌ക്കുമെന്നും ശബ്ദപാലൊന്‍ വാഗ്ദാനം ചെയ്തിരുന്നു.
മജാപഹിതിന്റെ പതനം
ഒരുകാലത്ത് മജാപഹിത് സാമ്രാജ്യം കംബോഡിയ വരെ നീണ്ടു കിടന്നിരുന്നു. യഥാര്‍ഥത്തില്‍ കംബോഡിയയിലെ ഖമര്‍ സംസ്‌ക്കാരം ഹിന്ദു-ജാവ സംസ്‌കൃതിയുടെ ഒരു ശാഖ മാത്രമായിരുന്നു എന്ന കാര്യം അധികം അറിയപ്പെട്ടിട്ടില്ല. എന്നാല്‍ കാലക്രമത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ട് ഈ സാമ്രാജ്യം ദുര്‍ബലമാവുകയും മുഹമ്മദീയ സ്വാധീനത്തില്‍ പെടുകയും ചെയ്തു. വൈദേശിക വ്യാപാരികളുടെ സാന്നിദ്ധ്യവും സാമ്പത്തിക ഇടപെടലുകളും കൊണ്ട് തീരദേശത്തെ പട്ടണങ്ങളില്‍ മുമ്പേ തന്നെ മുസ്ലീം സ്വാധീനം ശക്തമായിരുന്നു.
ഇസ്ലാമിലേക്ക് മാറിയ ബ്രവിജയ രാജാവിന്റെ പുത്രന്‍ ‘ദേമാക്’ എന്ന പേരില്‍ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിയ്‌ക്കുകയും, ജിഹാദിലൂടെ ജാവയുടെ ബാക്കി ഭാഗങ്ങളെ കൂടി മതം മാറ്റാന്‍ പരിശ്രമം തുടങ്ങുകയും ചെയ്തു. ദുര്‍ബലരായിരുന്ന രാജാവിന്റെ പക്ഷക്കാര്‍ക്ക് തങ്ങളുടെ സംസ്‌കാരം രക്ഷിയ്‌ക്കാന്‍ ക്രമേണ കിഴക്കന്‍ ജാവയിലേക്കും ഒടുവില്‍ ബാലിയിലേക്കും പിന്‍വാങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. ചിലര്‍ മദ്ധ്യജാവയില്‍ തുടര്‍ന്നിട്ട് നാട്ടിലെ വിശുദ്ധ പര്‍വ്വതങ്ങളിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. അവര്‍ക്ക് അവിടെ വലിയ ഉപദ്രവം നേരിടേണ്ടി വരാതെ കുറച്ചുകാലം ജീവിയ്‌ക്കാന്‍ കഴിഞ്ഞു. എന്നാല്‍ ജിഹാദ് പുരോഗമിച്ചതോടെ, അവരില്‍ വലിയൊരു വിഭാഗം വിശുദ്ധ ബ്രോമോ (ബ്രഹ്മ) സുമേരു മലനിരകളിലേക്ക് പിന്‍വാങ്ങുകയും, മുഹമ്മദന്മാര്‍ക്കെതിരെ അനേകം നൂറ്റാണ്ടുകളോളം ഒളിയുദ്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരാണ് ഇപ്പോഴത്തെ ‘നെഗ്ഗര്‍’, ‘ഒസിങ്’ ജനവിഭാഗങ്ങള്‍.
ബ്ലാംബംഗനിലെ കൂടിക്കാഴ്ച
ജാവയിലെ ‘ധര്‍മ്മഗന്ധുല്‍’ കൈയ്യെഴുത്തു പ്രതികള്‍ ബ്ലാംബംഗനില്‍ നടന്ന ഒരു കൂടിക്കാഴ്ചയെ കുറിച്ച് പറയുന്നു. ബ്രവിജയ രാജാവും അദ്ദേഹത്തിന്റെ ഉന്നത പുരോഹിതനായ ശബ്ദപാലോനും, സുനാന്‍ കലിജഗ എന്നൊരു മുസ്ലീം മതപ്രചാരകനും തമ്മിലായിരുന്നു കൂടിക്കാഴ്‌ച്ച.
അടുത്തിടെ മുസ്ലീമായി മാറിയ തന്റെ മകന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ ബാലി സൈന്യത്തിന്റെ സഹായം തേടാനായിരുന്നു രാജാവ് അവിടെ പോയത്. ആ സന്ദര്‍ഭം നോക്കി രാജാവിനെയും കൂടി മതം മാറ്റാനായിരുന്നു സുനാന്‍ കാലിജഗ എത്തിയത്. ഇന്ന് മുസ്ലീങ്ങളുടെ കണ്ണില്‍ കാലിജഗയുടെ സ്ഥാനം ജാവയെ ഇസ്ലാമികവല്‍ക്കരിച്ച ഒന്‍പത് വിശുദ്ധരുടെ കൂട്ടത്തിലാണ്. ‘വാലി സങ്ങ’ എന്നാണ് ഈ വിശുദ്ധരുടെ കൂട്ടം അറിയപ്പെടുന്നത്.
കാലിജഗയും മറ്റ് മതപ്രചാരകരും സൂത്രശാലികളായിരുന്നു. അവര്‍ ജാവയിലെ നാടന്‍ മതങ്ങളോട് സാദൃശ്യം പുലര്‍ത്തിയ സൂഫി സമ്പ്രദായത്തിലൂടെയാണ് അവിടെ ഇസ്ലാമിനെ കൊണ്ടു വന്നത്. വളരെ സാവധാനത്തില്‍ മാത്രമേ അവര്‍ തനതു മതങ്ങളില്‍ വെള്ളം ചേര്‍ത്തുള്ളൂ. ഇസ്ലാമികവല്‍ക്കരിയ്‌ക്കപ്പെട്ട ജാവയുടെ ചരിത്രം അനുസരിച്ച് പിന്നീട് ഇസ്ലാം സ്വീകരിച്ച ഒരു വിദേശ തെരുവ് കൊള്ളക്കാരന്‍ ആയിരുന്നു കാലിജഗ. ഒരു പ്രാദേശിക ചൈനീസ് മുസ്ലീമായിരുന്ന സുനാന്‍ ബൊനാങ് ആയിരുന്നു അയാളെ ഇസ്ലാമിലേക്ക് മാറ്റിയത്. അദ്ദേഹവും പില്‍ക്കാലത്ത് വാലി സങ്ങ എന്ന വിശുദ്ധ സംഘത്തിന്റെ ഭാഗമായി കരുതപ്പെട്ടു.
വലിയതോതിലുള്ള അക്രമത്തിന്റെയും യുദ്ധത്തിന്റെയും അകമ്പടിയോടെയായിരുന്നു ആ കാലഘട്ടത്തില്‍ ജാവയിലെ ഇസ്ലാമിന്റെ വികാസം നടന്നിരുന്നത്. പുതുവിശ്വാസികള്‍ വിദേശ മതത്തെ സൈനികമായി ഉപയോഗപ്പെടുത്തുകയും, പഴയ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ തങ്ങളുടെ സ്വന്തം രാജ്യം പടുത്തുയര്‍ത്തുകയും ചെയ്തു. അതുകൊണ്ട് ജാവാക്കാരെ ആദ്യം തന്ത്രപൂര്‍വ്വം സൂഫിസത്തില്‍ ചേര്‍ക്കുകയും, പിന്നീട് സുന്നി പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് എത്തിയ്‌ക്കുകയുമായിരുന്നു.
വിദേശ കച്ചവടക്കാരുടെ സ്വാധീന ഫലമായി പതിനാറാം നൂറ്റാണ്ട് ആയതോടു കൂടി ആയിരത്തി അഞ്ഞൂറു വര്‍ഷത്തെ ഹിന്ദു-ജാവ സംസ്‌കാരം അതിന്റെ അന്ത്യത്തിലേക്കെത്തി.
രാജാവുമായി വഴി പിരിയുന്നു
ബ്രവിജയ രാജാവും അദ്ദേഹത്തിന്റെ രണ്ട് ഉന്നത പുരോഹിതന്മാരായ ശബ്ദപാലൊനും നയഗെങ്‌ഗ്ഗോങ്ങും തമ്മില്‍ കൂടിക്കാഴ്ച നടന്നുവെന്ന് പറഞ്ഞല്ലോ. ജാവയിലെ വിശുദ്ധ ജലാശയമായ ബ്ലാംബംഗനിലെ ബന്യൂവങ്കിയ്‌ക്ക് സമീപം വച്ചായിരുന്നു ഈ സമാഗമം. അവിടെ കാലിജഗയും എത്തിയിരുന്നു.
ഭയപ്പെടുത്തലുകളും, വാഗ്ദാനങ്ങളും ഒരുപോലെ ഉപയോഗിച്ചു കൊണ്ട് ഇസ്ലാം മതത്തിലേക്ക് മാറാന്‍ കാലിജഗ രാജാവിനെ നിര്‍ബന്ധിച്ചു. വളരെ സമ്മര്‍ദ്ദത്തിനൊടുവില്‍ രാജാവ് അത് സമ്മതിച്ചു. അതിനു ശേഷം രാജാവ് തന്റെ രണ്ട് ഉന്നത പുരോഹിതന്മാരോടും ഇസ്ലാമില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ രണ്ടു പേരും അതിനെ ശക്തമായി നിഷേധിയ്‌ക്കുകയാണ് ചെയ്തത്. പൊതുവര്‍ഷം 1478 ലായിരുന്നു ഈ സംഭവം. ശബ്ദപാലൊന്‍ രാജാവിനെ ശകാരിച്ചു കൊണ്ട് പറഞ്ഞു (ഏകദേശ തര്‍ജ്ജമ)
‘ഞാന്‍ ജാവയിലെ മഹാറാണിയുടെയും, എല്ലാ ദേവീദേവന്മാരുടേയും, ആത്മാക്കളുടേയും സേവകനാണ്. മഹാരാജാവ് തിരുമനസ്സിന്റെ ആദ്യത്തെ പൂര്‍വ്വികന്‍ മുതല്‍, തലമുറ തലമുറകളായി ഇന്നോളമുള്ള എല്ലാ ജാവാ രാജാക്കന്മാരുടേയും സേവകനാണ്’.
‘കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ഇന്നോളം അവരുടെ മതത്തില്‍ യാതൊന്നും മാറിയിട്ടില്ല. ഞാന്‍ ജാവാ രാജാക്കന്മാരുടെ തലമുറകളെ സേവിയ്‌ക്കാനാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവിടെ നമ്മള്‍ വഴി പിരിയുകയാണ്. ഞാന്‍ എന്റെ ധാമത്തിലേക്ക് തിരിച്ചു പോകുന്നു. എന്നാല്‍ ഒരുകാര്യം രാജാവ് മനസ്സില്‍ കരുതിയാലും. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ബുദ മതത്തെ (ഹിന്ദു – ബൗദ്ധ മാര്‍ഗ്ഗം) ജാവയിലാകെ പുന:പ്രതിഷ്ഠിയ്‌ക്കും’.
രാജാവിനെ ചൊല്ലി ശബ്ദപാലൊന്‍ എത്രമാത്രം നിരാശയില്‍ മുങ്ങിയിരുന്നു എന്നത് ഈ വാക്കുകളിലൂടെ മനസ്സിലാകും. ഒരു ജാവാ രാജാവ് എന്ന നിലയ്‌ക്ക് അദ്ദേഹത്തിന് ജാവാ ആദ്ധ്യാത്മികത (കൗറുഹ്) ഉണ്ടാവണമായിരുന്നു എന്നദ്ദേഹം പറഞ്ഞു.
ശബ്ദപാലൊന്റെ ശാപവും പ്രവചനവും
‘ജാവയിലും പവിഴ ദ്വീപുകളിലും ഒന്നാകെ ‘ലാവോന്‍ സപ്ത ങെസ്റ്റി അജി’ എന്നറിയപ്പെടുന്ന ഒരു വലിയ ദുരിത കാലം വരും. അതിനു ശേഷം ഭൂമികുലുക്കങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും, നദികളില്‍ നിന്നും സമുദ്രത്തില്‍ നിന്നും ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും സംഭവിയ്‌ക്കും. ആ വലിയ വെള്ളപ്പൊക്കം എല്ലായിടത്തും ധാരാളം പേരെ വിഴുങ്ങും. അക്കാലത്ത് ഏഴു പര്‍വ്വതങ്ങള്‍ പൊട്ടിത്തെറിക്കും. ജാവയില്‍ ആകമാനം അപകടം പരക്കും’
വിടപറയും മുമ്പ് ധര്‍മ്മഗന്ധുലില്‍ ശബ്ദപാലൊന്‍ പറഞ്ഞ വാക്കുകള്‍ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
‘എന്റെ തമ്പുരാനേ, അങ്ങ് ഇസ്ലാമിലേക്ക് പോവുകയാണെങ്കില്‍ അങ്ങയുടെ അനന്തര തലമുറകള്‍ നശിച്ചു കഴിഞ്ഞു എന്നു തന്നെ കരുതിക്കോളൂ. അങ്ങ് പോയാല്‍ ജാവികള്‍ (കൗറുഹ് എന്ന ജാവാ ആദ്ധ്യാത്മികത മനസ്സിലാക്കാന്‍ കഴിയുന്ന പണ്ഡിതര്‍) ജാവ വിട്ടു പോകും. ജാവയ്‌ക്ക് മറ്റ് രാജ്യങ്ങളെ പിന്തുടരേണ്ട സ്ഥിതി ഉണ്ടാവും. എന്നാല്‍ ഒരു ദിവസം, ഒരു ജാവിയാല്‍ ലോകം നയിയ്‌ക്കപ്പെടും’
അതിനുശേഷം ശബ്ദപാലൊനും നയഗെങ്‌ഗ്ഗോങ്ങും എങ്ങോട്ടോ പോയി. പോകുന്നതിനു മുമ്പ് ശബ്ദപാലൊന്‍ പറഞ്ഞു
‘ഇന്നേക്ക് അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മടങ്ങിവന്ന് ജാവയില്‍ ആകമാനം ആദ്ധ്യാത്മികത പുന:സ്ഥാപിയ്‌ക്കും. വിസമ്മതിയ്‌ക്കുന്നവര്‍ ദുര്‍ബലരാവും. അവരെല്ലാം തകരുന്നതു വരെ ഞാന്‍ തൃപ്തനാവുകയില്ല. മെറാപി പര്‍വ്വതം പൊട്ടിത്തെറിച്ച് രൂക്ഷഗന്ധം പുറപ്പെടുവിച്ച് ലാവയും ചാരവും തെക്ക് പടിഞ്ഞാറേയ്‌ക്ക് വീഴുന്നതാണ് എന്റെ മടങ്ങി വരവ് ഉടനുണ്ടാവും എന്നതിന്റെ അടയാളം’.
ശബ്ദപാലൊനേയും നയഗെങ്‌ഗ്ഗോങ്ങിനേയും ആശ്ലേഷിയ്‌ക്കാന്‍ രാജാവ് ആഗ്രഹിച്ചു. എന്നാല്‍ രണ്ടുപേരും എങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു. ബ്ലാംബംഗനപ്പുറം ജലാശയത്തിന് മറുകരയില്‍ ബാലി ദ്വീപാണ്. ശബ്ദപാലൊന്‍ ‘ദാങ് ഹ്യാങ് നിരര്‍ഥ’ അല്ലാതെ മറ്റാരുമല്ല എന്ന് വിശ്വസിയ്‌ക്കപ്പെടുന്നു.
മറ്റു രാഷ്‌ട്രങ്ങളെ പിന്‍പറ്റുന്നവരും അടിമകളുമായി ഇന്തോനേഷ്യക്കാര്‍
മേല്‍പ്പറഞ്ഞ കാലഘട്ടം മുഴുവനും ജാവാക്കാര്‍ക്ക് പരമാധികാരം ഉണ്ടാവില്ല എന്നും മറ്റു രാഷ്‌ട്രങ്ങളാല്‍ അവര്‍ ബഹുമാനിയ്‌ക്കപ്പെടില്ല എന്നും പ്രവചനത്തില്‍ പറയുന്നു.
വാസ്തവത്തില്‍ ദേമാക്കിന്റെ കാലം മുതല്‍ അവരുടെ ‘സുല്‍ത്താന്മാര്‍ക്ക്’ തങ്ങളുടെ അധികാരത്തിന്റെ അംഗീകാരത്തിന് മക്കയിലെ മതപുരോഹിതന്മാരുടെ ആശീര്‍വാദം വേണ്ടിയിരുന്നു. അതേസമയം സുമാത്രയിലേയും ബാന്റെനിലേയും സുല്‍ത്താന്മാര്‍ക്ക് ഇതേ ആശീര്‍വാദം തുര്‍ക്കിയുടെ ഒട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും നേടേണ്ടിയിരുന്നു.
പിന്നീട് ജാവയും, പവിഴദ്വീപുകളും നെതര്‍ലാണ്ട്‌സ്, ഇംഗ്ലണ്ട്, ജപ്പാന്‍ എന്നിവയുടെ കോളനികളായി മാറി. ഇന്നോളം പാശ്ചാത്യരുടേയോ മദ്ധ്യപൂവ്വേഷ്യന്‍ രാജ്യങ്ങളുടേയോ സാംസ്‌ക്കാരിക സ്വാധീനത്തെ ആശ്രയിയ്‌ക്കുന്നവരാണ് ഇന്തോനേഷ്യക്കാര്‍.
ജയബായ പ്രവചനങ്ങള്‍
തന്റെ നാള്‍ എത്തുന്നതുവരെ ശബ്ദപാലൊന്‍ മേറാപി പര്‍വ്വതത്തിന്റെ മലയിടുക്കില്‍ ഉറക്കത്തിലാണ് എന്നാണ് വിശ്വാസം. ശബ്ദപാലൊന്‍ വരുമ്പോള്‍ ഒരു ‘രാതു ആദില്‍’ (നീതിമാനായ രാജാവ്) അദ്ദേഹത്തെ പിന്തുടര്‍ന്ന് എത്തുമെന്നും രാജ്യത്ത് നീതി നടപ്പാക്കുമെന്നും പറയപ്പെടുന്നു. ശബ്ദപാലൊന്റെ മടങ്ങി വരവ് ‘ജമാന്‍ കാലബെന്ദു’ അഥവാ ദുഷിച്ച കാലം അവസാനിയ്‌ക്കുന്നതിന്റെ നാന്ദി കുറിയ്‌ക്കും എന്നും വിശ്വസിയ്‌ക്കപ്പെടുന്നു. അതിനു ശേഷം ഇന്തോനേഷ്യ സുവര്‍ണ്ണ യുഗത്തിലേക്ക് പ്രവേശിയ്‌ക്കും.
കേദിരിയിലെ ജയബായ രാജാവും സമാനമായ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ‘ജങ്ക ജയബായ’ എന്ന് അറിയപ്പെടുന്നു.
‘ഇരുമ്പ് വാഹനങ്ങള്‍ കുതിരകളില്ലാതെ ഓടുകയും, ആകാശത്തു കൂടി കപ്പലുകള്‍ യാത്ര ചെയ്യുകയും ചെയ്യുന്ന കാലത്ത് ഇന്തോനേഷ്യയെ രക്ഷിയ്‌ക്കാനും ഒരുമിപ്പിയ്‌ക്കാനുമായി അദ്ദേഹം വരും. അതിനുശേഷം വലിയ ഒരു പ്രതിസന്ധിയില്‍ നിന്നും പുതിയൊരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് രാജ്യം കടക്കും’
‘വേദങ്ങളുടെ തൃശൂലം ആയുധമാക്കി കൊണ്ട് ‘പരാ ശിവന്‍’ നീതി നടപ്പാക്കാന്‍ വന്നു എന്ന് ജനങ്ങള്‍ ആഹ്ലാദിയ്‌ക്കും. പുരോഹിതര്‍ ആരാധനയില്‍ മുഴുകും. എല്ലാവരെയും രക്ഷിയ്‌ക്കുന്ന ശബ്ദപാലോന്‍ ആയിരിയ്‌ക്കും അത്. ‘കാലബെന്ദു’ അവസാനിച്ചു എന്നതിന്റെ അടയാളം ആയിരിയ്‌ക്കുമത്’
ശബ്ദപാലോന്റേയും ജയബായയുടേയും പ്രവചനങ്ങള്‍ ഹിന്ദുസംസ്‌കൃതി അതിന്റെ പൂര്‍വ്വിക മഹിമയില്‍ പുന:സ്ഥാപിയ്‌ക്കപ്പെടും എന്ന് വാഗ്ദാനം ചെയ്യുന്നു. ജാവ രാഷ്‌ട്രീയ കേന്ദ്രമായി ഒരു പുതിയ ലോകക്രമവും അത് വിഭാവനം ചെയ്യുന്നു.
ആത്മീയതയുടെ ഭാവിയിലെ പുന:സ്ഥാപനം
രാഷ്‌ട്രീയവും സാമ്പത്തിക ക്രമവും എല്ലാം ആത്മീയതയില്‍ ഊന്നിയ ഒരു അധികാര ശ്രേണിയുടെ ഭാഗമായിട്ടാണ് ജയബായയുടെ പ്രവചനങ്ങളില്‍ തെളിയുന്നത്. ‘വോങ് സിലിക്’ അഥവാ സാധാരണ മനുഷ്യരുടെ ഉന്നമനത്തിന് വേണ്ടിയാണ് ഇത്തരം ഒരു ആത്മീയ അധികാരശ്രേണി ലക്ഷ്യം വയ്‌ക്കുന്നത് എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സമാധാനത്തോടെയും സമൃദ്ധിയോടെയും ജീവിയ്‌ക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിയ്‌ക്കുക എന്നതാണ് ലക്ഷ്യം. ഇത് കേള്‍ക്കുന്ന ഒരു ഭാരതീയന് ‘പരിത്രാണായ സാധൂനാം’ എന്ന ഗീതാ വചനം ഓര്‍മ്മ വന്നാല്‍ അത്ഭുതമുണ്ടോ ?
സെമിറ്റിക്ക് ലോക വീക്ഷണങ്ങള്‍ ഒരു അന്തിമ ദുരന്തത്തേയും അന്ത്യന്യായവിധി ദിനത്തേയും കുറിച്ച് പറയുമ്പോള്‍, ഹൈന്ദവ-ജാവാ സംസ്‌കൃതിയും ഭാരതീയരെ പോലെ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുന്ന അനന്തമായ കാലചക്രത്തെ കുറിച്ചാണ് പറയുന്നത്.
ജയബായ പ്രവചനങ്ങള്‍ക്ക് എല്ലാ തുറകളിലും പെട്ട ഇന്തോനേഷ്യക്കാരുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ഉദാഹരണത്തിന് എല്ലാ പ്രസിഡണ്ട് സ്ഥാനാര്‍ഥികളും ബാലിയിലെ വിദൂര പര്‍വ്വത പ്രദേശത്തുള്ള രാജാ ജയബായയുടെ ആദിമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താറുണ്ട്. ‘പുരാ പുകാക്ക് പെനുലിസാന്‍’ എന്നാണ് ആ പ്രദേശത്തിന് പേര്.
പ്രസിഡണ്ട് അബ്ദുര്‍റഹ്മാന്‍ വഹീദും, മേഘാവതി സുകാര്‍ണോപുത്രിയും ജയബായയുടെ പ്രവചനവുമായി ബന്ധമുള്ള വിശുദ്ധ സ്ഥാനങ്ങള്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ട്. ‘ലോകമോക്ഷ ജയബായ’ എന്നറിയപ്പെടുന്ന സ്ഥലം ശരീരം പോലും അവശേഷിപ്പിയ്‌ക്കാതെ രാജാ ജയബായ മോക്ഷം നേടിയ ഇടമാണ് എന്നാണ് വിശ്വാസം.
ഉദ്വേഗ ജനകമായ കാര്യം എന്തെന്നാല്‍, ഈ സംഭവങ്ങള്‍ക്ക് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കിപ്പുറം അതായത് 1978 ല്‍ സുമേരു പര്‍വ്വതം പൊട്ടി. ജാവയിലെ ചില പുതിയ ഹിന്ദു ക്ഷേത്രങ്ങളുടെ (പുരാ ബ്ലാംബങ്ങന്‍) നിര്‍മ്മാണം പൂര്‍ത്തിയായതും ഈ കാലഘട്ടത്തിലായിരുന്നു. 2004 ല്‍ ഉണ്ടായ സുനാമി ഏറ്റവും നാശം വിതച്ചത് ഇന്തോനേഷ്യയില്‍ ആയിരുന്നു. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും പ്രമുഖമായ ഒരു കുടുംബത്തിലെ വളരെ സ്വാധീന ശക്തിയുള്ള ഒരു വനിത സ്വന്തം ഇഷ്ടപ്രകാരം കുടുംബാംഗങ്ങളുടെ പിന്തുണയോടെ മാതൃ ധര്‍മ്മത്തിലേക്ക് മടങ്ങിയിരിയ്‌ക്കുന്നു. ഇക്കാലത്ത് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ മറ്റു മതസ്ഥരെ ഇസ്ലാമിലേക്ക് നയിയ്‌ക്കുകയും, മുസ്ലീങ്ങള്‍ക്ക് വിശ്വാസ ദാര്‍ഡ്യം പകര്‍ന്നു കൊടുക്കുകയും ചെയ്ത മതപ്രചാരകനാണ് ഡോ സക്കീര്‍ നായിക്ക്. ഇന്തോനേഷ്യയെ ആണ് ഡോ നായിക്ക് ഇപ്പോള്‍ തന്റെ പ്രവര്‍ത്തന കേന്ദ്രമാക്കിയിരിയ്‌ക്കുന്നത്. അദ്ദേഹത്തിന്റെ കണ്‍ മുന്നിലായിരുന്നു ലൈവായി ഈ ചടങ്ങുകള്‍ അരങ്ങേറിയത് എന്നത് കാലത്തിന്റെ കാവ്യ നീതി. ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയില്‍ നടന്ന ഈ സംഭവം വരും ദിവസങ്ങളില്‍ സനാതന ധര്‍മ്മത്തിന് വലിയ തോതില്‍ ഊര്‍ജ്ജം പകരും എന്ന കാര്യത്തില്‍ സംശയമില്ല.
രാമാനുജന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: