റോം: ഒക്ടോബര്‍ 30, 31 തീയതികളിലായി നടക്കുന്ന 16ാമത് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ റോമിലെത്തി. ഇറ്റാലിയന്‍ പ്രധാന മന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരമാണ് അദേഹം റോമിലെത്തിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡറും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
‘ആഗോള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമിലെത്തി. ഈ സന്ദര്‍ശനത്തിലൂടെ മറ്റ് ചര്‍ച്ചകള്‍ക്കും പരിപാടികള്‍ക്കുമായി ഞാന്‍ കാത്തിരിക്കുന്നു’ മോദി ട്വിറ്ററില്‍ കുറിച്ചു.
ജി 20 ഉച്ചകോടിയില്‍, കോവിഡ് 19 മഹാമാരി, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ നിന്നുണ്ടായ ആഘാതങ്ങളില്‍ നിന്നുള്ള ആഗോള സാമ്പത്തിക, ആരോഗ്യ മേഘലകളുടെ വീണ്ടെടുപ്പിനെ കുറിച്ച് മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് മോദി വ്യാഴാഴ്ച പറഞ്ഞിരുന്നു. ഒപ്പം ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി അവലോകനവും നടത്തും.
ഇറ്റലി സന്ദര്‍ശന വേളയില്‍ അദേഹം വത്തിക്കാന്‍ നഗരവും സന്ദര്‍ശിക്കും. ഒപ്പം അദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനെ കാണുകയും ചെയ്യും. വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സന്ദര്‍ശന വേളയില്‍ അദേഹം മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും സാധ്യതയുണ്ട്.
വത്തിക്കാന്‍ സന്ദര്‍ശനത്തിനു ശേഷം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ക്ഷണപ്രകാരം സിഒപി 26 സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി നവംബര്‍ 1, 2 തീയതികളില്‍ സ്കോട്ടലാന്‍ഡിലെ ഗ്ലാസ്ഗോവിലേക്ക് പോകുമെന്നും അദേഹം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: