തൃശ്ശൂര്‍: ഒന്നര വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടു ദിനങ്ങള്‍ അവശേഷിക്കേ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാതെ സ്‌കൂള്‍ വാഹനങ്ങള്‍. ജില്ലയില്‍ എഴുന്നൂറോളം സ്‌കൂള്‍ വാഹനങ്ങള്‍ ഉണ്ടെന്നാണു കണക്ക്. ഇതില്‍ 20 ശതമാനത്തോളം വാഹനങ്ങള്‍ മാത്രമേ ഇതു വരെ ഫിറ്റ്‌നസ് പരിശോധന നടത്തിയിട്ടുള്ളൂ. സര്‍ക്കാര്‍-എയ്ഡഡ് വിഭാഗങ്ങളില്‍ ഭൂരിഭാഗം സ്‌കൂളുകളും വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് തയ്യാറായിട്ടില്ല.
സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാകാത്തതാണ് ഫിറ്റ്‌നസ് പരിശോധനയില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ പിന്‍വലിയാന്‍ കാരണമെന്ന് പറയുന്നു. ഇതിനു പുറമേ എയ്ഡഡ് വിഭാഗങ്ങളിലെ നിരവധി സ്‌കൂളുകള്‍ നവംബർ ഒന്നിന് തുറക്കില്ല. മിക്ക സിബിഎസ്ഇ സ്‌കൂളുകളും നിലവിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.
സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളെല്ലാം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാനെത്തിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ വലിയ തുക നികുതി ഇനത്തില്‍ നല്കണം. ഒന്നര വര്‍ഷമായി റഗുലര്‍ ക്ലാസുകള്‍ നടക്കാത്തതിനാല്‍ സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കിയിരുന്നില്ല. അതിനാല്‍ ഭൂരിഭാഗം സ്‌കൂള്‍ അധികൃതരും ഒരു വര്‍ഷത്തെ നികുതി അടച്ചിരുന്നില്ല. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി പ്രഖ്യാപിട്ടുണ്ടെങ്കിലും പ്രാബല്യത്തില്‍ വന്നിട്ടില്ല. നവംബർ ഒന്നിന് ക്ലാസുകള്‍ ആരംഭിച്ചാലും നിലവില്‍ വാഹനങ്ങള്‍ ഓടിക്കേണ്ടെന്ന തീരുമാനത്തിലാണ് ഭൂരിഭാഗം സ്‌കൂളുകളും.
സീറ്റുകളുടെ എണ്ണം കണക്കാക്കിയാണ് നികുതി അടയ്‌ക്കേണ്ടി വരുന്നത്. ഇത്രയും പണമടച്ച് ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കിയാലും കൊവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ ബസുകളില്‍ വിടാന്‍ വിമുഖത കാണിക്കുകയാണ്. സ്വകാര്യ വാഹനങ്ങളില്‍ അയയ്‌ക്കാനാണ് ഭൂരിഭാഗം രക്ഷിതാക്കളും മുന്‍ഗണന നല്‍കുന്നത്. ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂവെന്ന നിര്‍ദ്ദേശം എത്ര മാത്രം പ്രായോഗികമെന്നതില്‍ സംശയമുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
ഒന്നരവര്‍ഷമായി ഓട്ടമില്ലാതെ കിടക്കുന്നതിനാല്‍ സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് വന്‍ തുക ചെലവാകും. ബസ് നന്നാക്കി ഫിറ്റ്‌നസ് എടുക്കാന്‍ ഒരു ലക്ഷത്തിലധികം രൂപ ചെലവാക്കേണ്ടിവരുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടോ, ജില്ല പഞ്ചായത്ത് ഫണ്ടോ ഉപയോഗിച്ചാണ് മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളത്. കൊവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞ് കിടന്നതിനാല്‍ പിടിഎക്ക് പണം കണ്ടെത്താന്‍ കഴിയാതായതോടെ ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: