കോഴിക്കോട്: സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററിന്റെ പെരുമണ്ണയിലുള്ള ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കോഴിക്കോട് ജില്ല കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. അന്വഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്‌ക്കകം സമര്‍പ്പിക്കണം.
വനിതാ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച 15 വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതില്‍ ഏഴ് വിദ്യാര്‍ത്ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. മനുഷ്യാവകാശ പ്രവര്‍ത്തകനായ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഭക്ഷ്യവിഷബാധയുണ്ടായ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയെന്ന് കണ്ടെത്തിയിരുന്നു. കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫിസര്‍ ഡോ. രഞ്ജിത്ത് പി. ഗോപി പരിശോധന നടത്തിയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയെന്ന് കണ്ടെത്തിയത്. കുടിവെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ എടുത്തിരിക്കേണ്ട മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സ്ഥാപനത്തിനില്ല. അടുക്കള ഉണ്ടെങ്കിലും പുറമേനിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് നല്‍കിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ മൊഴിനല്‍കി.
വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ വിതരണം ചെയ്ത വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കായി മലാപറമ്പ് റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറക്ക് കോഴിക്കോട് ആര്‍ഡിഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ ഓഫിസര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: